തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവര്‍ന്ന് അതിനെ ദുര്‍ബലമാക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍. യുഎസില്‍ നിന്ന് മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി പങ്കെടുത്ത കഴിഞ്ഞ മന്ത്രിസഭ ഓര്‍ഡിനന്‍സിന് അനുമതി നല്‍കി. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്കു നല്‍കിയിട്ടുണ്ട്. ലോകായുക്തയുടെ വിധി സര്‍ക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാന്‍ അധികാരം നല്‍കുന്നത് അടക്കമുള്ള നിയമ ഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്.
പൊതുപ്രവര്‍ത്തകര്‍ക്ക് എതിരായിട്ടുള്ള അഴിമതി ആരോപണങ്ങളിലും സ്വജനപക്ഷപാത കേസുകളിലും ഉത്തരവ് പുറപ്പെടുവിക്കാനുള്ള ലോകായുക്തയുടെ അധികാരം സര്‍ക്കാര്‍ കവരുകയാണ് ചുരുക്കത്തില്‍. എന്നാല്‍, ലോകായുക്തയില്‍ നിലവിലുള്ള രണ്ടു കേസുകളിലെ വിധി മുന്നില്‍ കണ്ടാണ് ഇത്തരമൊരു അസാധാരണ നീക്കം പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്നാണ് സൂചന. ഒന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനര്‍ഹരായവര്‍ക്ക് സഹായം നല്‍കിയതുമായി ബന്ധപ്പെട്ടത്. മറ്റൊന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിയമവിരുദ്ധമായി ഇടപെട്ടതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതി.
ആദ്യത്തേതില്‍ മുഖ്യമന്ത്രിക്കെതിരെയും രണ്ടാമത്തെ പരാതിയില്‍ മന്ത്രിക്കെതിരെ യും ലോകായുക്തയുടെ ഉത്തരവ് ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടത് അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. മുന്‍പ് കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.ടി. ജലീല്‍ ബന്ധുനിയമനക്കേസില്‍ അഴിമതി കാണിച്ചെന്നും മന്ത്രിസ്ഥാനത്ത് ഇരിക്കരുതെന്നും ലോകായുക്ത വിധിച്ചിരുന്നു. രാജി ഒഴിവാക്കാന്‍ ജലീല്‍ സുപ്രീംകോടതിവരെ പോയെങ്കിലും ഫലമുണ്ടായില്ല.
നിലവില്‍ അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാന്‍ ലോകായുക്തയ്‌ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍) അവര്‍ക്ക് നല്‍കണമെന്നാണ് നിലവിലെ നിയമം. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. ഇതില്‍ മാറ്റംവരുത്തി ഇത്തരം വിധിയില്‍ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.
ഓര്‍ഡിനന്‍സ് പ്രകാരം ലോകായുക്തയുടെ വിധിയില്‍ ബന്ധപ്പെട്ട അധികാരി മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. ഇല്ലെങ്കില്‍ വിധി അംഗീകരിക്കപ്പെട്ടതായി കണക്കാക്കും. സര്‍ക്കാരിനെതിരേ നിലവില്‍ ലോകായുക്തയില്‍ നില്‍ക്കുന്ന ചില കേസുകള്‍ ശക്തമാണെന്ന് മുന്‍കൂട്ടിക്കണ്ട് ഏകാധിപതിയാകാനുള്ള പിണറായിയുടെ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
അഴിമതി തെളിഞ്ഞാലും സര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചായിരിക്കും വിധി നടത്തിപ്പ് എന്നത് ലോകായുക്തയെ നോക്കുകുത്തിയാക്കുമെന്നുറപ്പാണ്.
അതേസമയം, ഓര്‍ഡിനന്‍സിലൂടെ ലോകായുക്തയുടെ അധികാരങ്ങള്‍ കവരാനുള്ള സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.അടുത്തമാസം നിയമസഭ ചേരാനിരിക്കെ, 1999 ല്‍ നായനാരുടെ കാലത്ത് നിലവില്‍ വന്ന ലോകായുക്ത നിയമത്തില്‍, ഓര്‍ഡിനന്‍സിലൂടെ നിയമഭേദഗതി കൊണ്ടുവരാന്‍ ഉണ്ടായ അടിയന്തിര സാഹചര്യം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
ലോക്പാല്‍ സംവിധാനത്തിലുള്‍പ്പെടെ അഴിമതിക്കെതിരായ നിയമങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടണമെന്ന് വാദിച്ചിരുന്ന സിപിഎമ്മിന്റെ മുഖ്യമന്ത്രിയാണ് ജുഡീഷ്യല്‍ അധികാരമുള്ള ലോകായുക്തയുടെ ചിറകരിയുന്നത്. മുഖ്യമന്ത്രി ചികിത്സാര്‍ത്ഥം വിദേശത്താണ് എന്ന കാര്യവും ഈ അവസരത്തില്‍ പ്രത്യേകമായി ഓര്‍ക്കേണ്ടതുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്ക് എതിരായിട്ടുള്ള അഴിമതി ആരോപണങ്ങളിലും സ്വജനപക്ഷപാത കേസുകളിലും ഉത്തരവ് പുറപ്പെടുവിക്കാനുള്ള ലോകായുക്തയുടെ അധികാരം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിനുശേഷം പുറത്തുവന്ന പത്രക്കുറിപ്പില്‍ ഇത്രയും ഗൗരവമുള്ള വിഷയത്തെ സംബന്ധിച്ച് ഒരു വരി പോലും ഇല്ല എന്നുള്ളത് ഈ തീരുമാനത്തിന് പിന്നിലെ ദുരൂഹതയാണ് വ്യക്തമാക്കുന്നത്.
അനവസരത്തില്‍ ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ എനിക്ക് ബോധ്യപ്പെട്ടത് താഴെ പറയുന്ന കാര്യങ്ങളാണ്. നിലവിലെ സര്‍ക്കാരിനെതിരായി രണ്ട് പരാതികള്‍ ലോകായുക്തയുടെ പരിഗണനയിലാണ്.
ഒന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനര്‍ഹരായവര്‍ക്ക് സഹായം നല്‍കിയതുമായി ബന്ധപ്പെട്ടത്. മറ്റൊന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിയമവിരുദ്ധമായി ഇടപെട്ടതുമായി ബന്ധപ്പെട്ട് ഞാന്‍ നല്‍കിയ പരാതി.ആദ്യത്തേതില്‍ മുഖ്യമന്ത്രിക്കെതിരെയും രണ്ടാമത്തെ പരാതിയില്‍ മന്ത്രിക്കെതിരെ യും ലോകായുക്തയുടെ ഉത്തരവ് ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടത് അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നത് എന്നതാണ് വാസ്തവം.
മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടാകുമെന്ന് കണ്ടപ്പോള്‍, ആ ഉത്തരവ് നടപ്പാക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുന്ന വിചിത്രമായ സാഹചര്യമാണ് ഈ ഓര്‍ഡിനന്‍സിലൂടെ ഉണ്ടാകുന്നത്. മുന്‍പ് മന്ത്രി കെ ടി ജലീലിന് എതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായപ്പോള്‍ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ലെന്നു മാത്രമല്ല മന്ത്രിക്ക് രാജിവയ്‌ക്കേണ്ടി വന്നു.
മന്ത്രി ബിന്ദുവിന്റെ കാര്യത്തിലും ഇതേ സാഹചര്യം ഉരുത്തിരിഞ്ഞ് വരുന്നത് മനസ്സിലാക്കി അതിന് തടയിടാനാണ് ഇത്തരത്തില്‍ അടിയന്തിരമായി നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മാത്രമല്ല, ലോകായുക്തയുടെ ഉത്തരവ് നടപ്പാക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഹിയറിങ് നടത്തി മൂന്നു മാസത്തിനകം തീരുമാനിക്കും എന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. ലോകായുക്തയില്‍ കൃത്യമായ ഹിയറിങ് നടത്തി ജുഡീഷ്യല്‍ പ്രോസസ് കഴിഞ്ഞ് പുറപ്പെടുവിക്കുന്ന ഉത്തരവ് പിന്നീട് സര്‍ക്കാര്‍ ഹിയറിങ് നടത്തി, നടപ്പാക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും എന്നു പറയുന്നത് നിയമത്തിനു മുന്നില്‍ നിലനില്‍ക്കുന്നതല്ല.
ഇതിലും ഭേദം ലോകായുക്തയെ തന്നെ പിരിച്ചു വിടുന്നതാണ്. സുപ്രീം കോടതി ജഡ്ജിമാര്‍ ആയിരുന്നു വരെയും ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വരെയും അപമാനിക്കുന്നതിന് തുല്യമാണ് ഈ നിയമനിര്‍മ്മാണം. ലോകായുക്തയെ തീരുമാനിക്കുന്ന സമിതിയില്‍ മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കറും പ്രതിപക്ഷനേതാവും അംഗങ്ങളാണ്. അതുകൊണ്ടുതന്നെ ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന ഓര്‍ഡിനന്‍സ് തയ്യാറാക്കുന്നതിനുമുന്‍പ് സ്പീക്കറുടെയും പ്രതിപക്ഷനേതാവിന്റെയും അഭിപ്രായങ്ങള്‍ കേള്‍ക്കുവാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഈ വിഷയത്തില്‍ അതുണ്ടായില്ല എന്നുള്ളത് സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധതയാണ് കാണിക്കുന്നത് .ജനപ്രതിനിധികള്‍ക്ക് എതിരായി അഴിമതി കേസില്‍ തെളിവുണ്ടെങ്കിലും വിജിലന്‍സിന് കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമനാധികാരിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമനിര്‍മ്മാണത്തെ കടത്തിവെട്ടുന്ന നടപടിയാണ് ഈ ഓര്‍ഡിനന്‍സിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഏതായാലും ലോകായുക്തയെ ഇല്ലായ്മ ചെയ്യുന്ന ഈ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത് എന്ന് ഞാന്‍ സംസ്ഥാന ഗവര്‍ണറോട് ആവശ്യപ്പെടുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: