കൊല്ലം: കൊല്ലം-തിരുവനന്തപുരം ദേശീയപ്ടാതയില്‍ പ്രധാന ജങ്ഷനുകളില്‍ സിഗ്നല്‍ലൈറ്റുകള്‍ പണിമുടക്കുന്നത് പതിവാകുന്നു. സിഗ്നല്‍ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുകയോ കാലാനുസൃതമായി പരിഷ്കരിക്കുകയോ ചെയ്യാത്തതാണ് കാരണം. പലയിടത്തും സിഗ്നല്‍ലൈറ്റുകളുടെ വയറിങ് സംവിധാനം തകരാറിലാണ്. ഇവ പൂര്‍ണമായി മാറ്റിയാല്‍ മാത്രമേ ഫലമുണ്ടാകൂ.
സമയബന്ധിതമായി അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ വാഹനയാത്രക്കാരാണ് വലയുന്നത്. കൊല്ലം മുതല്‍ പാരിപ്പള്ളി വരെയുള്ള ദേശീയപാതയില്‍ ചിന്നക്കട സിഗ്നല്‍ മാത്രമാണ് യാതൊരു മുടക്കവും കൂടാതെ പ്രവര്‍ത്തിക്കുന്നത്. റെയില്‍വേ സ്റ്റേഷന് മുന്നില്‍ സിഗ്നല്‍ സംവിധാനവും പോലീസ് ഔട്ട് പോസ്റ്റും ഉണ്ടെങ്കിലും ഉദ്ഘാടനവും സമാപനവുമെല്ലാം ദിവസങ്ങളുടെ വ്യത്യാസത്തിലായിരുന്നു.
കര്‍ബല ജംഗ്ഷനില്‍ നിന്നും ദേശീയപാതയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്ന പ്രധാന ജങ്ഷന് കൂടിയാണിത്. തൊട്ടടുത്ത എസ്ബിഐ ജംഗഷനിലും സിഗ്നല്‍ ലൈറ്റ് നോക്കുകുത്തിയാണ്. അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന കന്റോണ്‍മെന്റ് ജങ്ഷനിലും കോളേജ് ജങ്ഷനിലും ക്യാമറ സംവിധാനവും സിഗ്നല്‍ സംവിധാനവുമില്ല. കപ്പലണ്ടി മുക്കില്‍ സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിക്കുണ്ടെങ്കിലും പലപ്പോഴും പ്രവര്‍ത്തനരഹിതമാണ്.
പള്ളിമുക്കില്‍ ക്യാമറ സംവിധാനവും സിഗ്നല്‍ ലൈറ്റുകളും പ്രവര്‍ത്തന രഹിതമായിട്ട് വര്‍ഷങ്ങളായി. ഇതുകാരണം ഗതാഗതക്കുരുക്കും പതിവാണ്. ഇവിടെ മേവറം മാത്രമാണ് സിഗ്നല്‍സംവിധാനം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പോയിന്റ്. ഏറ്റവും കൂടുതല്‍ ഗതാഗത തിരക്കുള്ള കൊട്ടിയം ടൗണില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം താറുമാറായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപണികള്‍ നടത്തിയിട്ടില്ല. ചാത്തന്നൂരും പരവൂര്‍ റോഡ് ദേശീയപാതയില്‍ സംഗമിക്കുന്ന തിരുമുക്കിലും സിഗ്നല്‍ സംവിധാനമില്ല.
ദേശീയപാതയില്‍ ഹൈവേയിലൂടെ അതിവേഗത്തില്‍ കടന്നുവരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ജീവന് പണയംവെച്ചാണ് യാത്രക്കാര്‍ ഇവിടെ ദേശീയപാത മറികടക്കുന്നതും പരവൂര്‍ റോഡിലേക്ക് പോകുന്നതും. കല്ലുവാതുക്കല്‍ ജംഗ്ഷനില്‍ സ്ഥാപിച്ച സിഗ്നല്‍ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് പണിമുടക്കും. ഓയൂര്‍ റോഡും ചിറക്കര റോഡും വന്നുചേരുന്ന പ്രധാന ജംഗ്ഷനുമാണിത്. ഇവിടെ നിരവധി അപകടമരണങ്ങളാണ് നടന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: