ന്യൂദല്‍ഹി: അബുദാബിയില്‍ യെമനിലെ ഹൂതി തീവ്രവാദികള്‍ ഡ്രോണ്‍ ആക്രമണം വഴി സ്ഫോടനം നടത്തിയതോടെ സമാനസംഭവങ്ങള്‍ ഇന്ത്യയിലും ആവര്‍ത്തിച്ചേക്കാമെന്ന് ആശങ്ക. പാകിസ്ഥാന് ഈയിടെ കൂടുതലായി ചൈനയില്‍ നിന്നും ഡ്രോണുകള്‍ വാങ്ങിക്കൂട്ടുന്നതോടെ ഇന്ത്യയുടെ സുരക്ഷ സേന കടുത്ത ജാഗ്രതയിലാണ്.
ഏത് നിമിഷവും പാകിസ്ഥാന് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ് ഐ പഞ്ചാബില്‍ ആക്രമണം നടത്തിയേക്കുമെന്ന് രഹസ്യഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദി ആക്രമണത്തിനായി ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ച് പാകിസ്ഥാന് ആയുധങ്ങളും വെടിക്കോപ്പുകളും ഇന്ത്യയില്‍ കൊണ്ടിറക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ സുരക്ഷാ സേനയ്ക്ക് ലഭ്യമായ രേഖകളില്‍ ഇക്കഴിഞ്ഞ മാസങ്ങളില്‍ പാകിസ്ഥാന് കൂടുതല്‍ ഡ്രോണുകള്‍ ചൈനയില്‍ നിന്നും വാങ്ങിയതായി സ്ഥിരീകരിക്കുന്നു.
ഇന്ത്യയിലെ തീവ്രവാദി സംഘങ്ങളെ ഉപയോഗിച്ച് സ്ഫോടനങ്ങള്‍ നടത്താനാണ് ഐഎസ് ഐ ശ്രമിക്കുന്നത്. അതേ സമയം ഇന്ത്യയിലെ സുപ്രധാനകേന്ദ്രങ്ങളില്‍ പാകിസ്ഥാന് നേരിട്ട് ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള സാധ്യതയും ഇന്ത്യയുടെ സുരക്ഷാസേന തള്ളിക്കളയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: