ചെന്നൈ: തമിഴ് സൂപ്പര്‍ താരം ധനുഷും ഭാര്യയും സംവിധായികയും രജനീകാന്തിന്റെ മകളുമായ ഐശ്വര്യയും വേര്‍പിരിഞ്ഞു. സോഷ്യല്‍ മീഡിയയിലുടെയാണ് വിവാഹമോചനവിവരം പങ്കുവെക്കുന്ന കുറിപ്പ് ഇരുവരും പുറത്ത് വിട്ടത്. നീണ്ട 18 വര്‍ഷത്തെ വിവാഹ ബന്ധത്തിനാണ് ഇതോടെ വിരാമമാകുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുകയും രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും യാത്രയാണ് ഇനിയെന്നും ഇരുവരുടെയും കുറിപ്പില്‍ പറയുന്നു. സ്വയം നന്മയ്ക്കും തിരിച്ചറിയലിനും വേണ്ടിയാണ് ഈ തീരുമാനമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
കുറുപ്പിന്റെ പൂര്‍ണരൂപം-
സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ. ധനുഷ്, ഐശ്വര്യ രജനീകാന്ത്
2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. രണ്ട് ആണ്‍മക്കളുണ്ട്.വിവാഹത്തിനു പിന്നാലെ തന്നെ താര ദമ്പതികളുടെ ജീവിതത്തെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അതിനെയൊക്കെത്തന്നെയും അതിജീവിച്ച് ഇരുവരും മുന്നോട്ട്പോവുകയായിരുന്നു. അതിനാല്‍ തന്നെ ഈ അപ്രതീക്ഷിത പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് പ്രത്യേകിച്ചും തമിഴ് സിനിമാ ലോകവും ഇരുവരുടെയും ആരാധകരും. രജനീകാന്തിന്റെ മൂത്ത മകളായ ഐശ്വര്യ ഒരു പിന്നണി ഗായികയായാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ധനുഷിനെ നായകനാക്കി 2012ല്‍ പുറത്തെത്തിയ ‘3’ എന്ന ചിത്രത്തിലൂടെ സംവിധായികയായും ഐശ്വര്യ അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: