കല്‍പ്പറ്റ: പെന്ഷന് മുടങ്ങിയിട്ട് 9 മാസം. അരിവാള്‍ രോഗികള്‍ ദുരിതത്തില്‍. മരുന്ന് വാങ്ങാന്‍ പോലും ഗതിയില്ലാതെ ദുരിതം പേറുകയാണ് ജില്ലയിലെ വനവാസികള്‍ ഒഴികെയുള്ള അരിവാള്‍ രോഗികള്‍.
ഏറെ മുറവിളികള്‍ക്കൊടുവിലാണ് സിക്കിള്‍ സെല്‍ അനീമിയ അഥവ അരിവാള്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്ഷന് അനുവദിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വനവാസി വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് 1000 രൂപ പ്രതിമാസ പെന്ഷന് നല്‍കിയിരുന്നു. നിലവില്‍ വനവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2500 രൂപയും മറ്റ് വിഭാഗത്തിലുള്ളവര്‍ക്ക് 2000 രൂപയുമാണ് പെന്ഷനായ് ലഭിക്കുന്നത്.
വനവാസി വിഭാഗത്തില്‍പ്പെട്ടവരും ചെട്ടി സമുദായത്തില്‍പ്പെട്ടവര്‍ക്കുമാണ് അരിവാള്‍ രോഗം കൂടുതലായും ബാധിക്കുന്നത്. ജില്ലയില്‍ 932 അരിവാള്‍ രോഗികള്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ പക്കലുള്ള കണക്ക്. ഇതില്‍ 600 നടുത്ത് വനവാസി വിഭാഗത്തില്‍പ്പെട്ടവരും 300 ലധികം പേര് ചെട്ടി സമുദായത്തിലും മറ്റും പെട്ടവരാണ്. എന്നാല്‍ രണ്ടായിരത്തിനടുത്ത് രോഗികള്‍ ഉണ്ടന്നാണ് സിക്കിള്‍ സെന്‍ അനീമിയ പേഷ്യന്റ്സ് അസോസിയേഷന് പറയുന്നത്.
വനവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പട്ടിക വര്‍ഗ്ഗ വകുപ്പില്‍ നിന്നും പെന്ഷന് നല്‍കിവരുന്നുണ്ട്. എന്നാല്‍ മറ്റ് വിഭാഗക്കാരുടെ പെന്ഷന് മുടങ്ങിയതോടെ ദുരിതത്തിലാണെന്ന് സിക്കിള്‍ സെന്‍ അനീമിയ പേഷ്യന്റ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി.ഡി. സരസ്വതി പറഞ്ഞു. അരിവാള്‍ രോഗികളുടെ ദുരിതമകറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടായേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: