ശ്രീകൃഷ്ണപുരം: കഥകളി ആചാര്യന്‍ കലാമണ്ഡലം കുട്ടനാശാന്‍ (84) അന്തരിച്ചു. വെള്ളിനേഴി അടക്കാപുത്തൂര്‍ ഞാളകുറിശ്ശി ലീല നിവാസില്‍ പരേതരായ കുട്ടപ്പണിക്കരുടെയും അമ്മുകുട്ടിയമ്മയുടെയും മകനാണ്.
കല്ലുവഴിച്ചിട്ടയിലെ പ്രധാനിയായിരുന്നു അരങ്ങൊഴിഞ്ഞ കലാമണ്ഡലം കുട്ടന്‍ ആശാന്‍. മൂന്നര പതിറ്റാണ്ടുകാലം ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ അധ്യാപകനും പ്രിന്‍സിപ്പലുമായിരുന്നു. 2017ല്‍ കേരള കലാമണ്ഡലം ഫെലോഷിപ്പ്, 2018ല്‍ സംസ്ഥാന കഥകളി പുരസ്‌കാരം, 2008ല്‍ കേന്ദ്രസംഗീത അക്കാദമി പുരസ്‌കാരം, കലാമണ്ഡലം അവാര്‍ഡ്, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ നാട്യഭൂഷണം, പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍ സ്മാരക പുരസ്‌കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
ആശാന്റെ ദക്ഷന്‍ വേഷങ്ങള്‍ പ്രസിദ്ധമായിരുന്നു. വിപുലമായ ശിഷ്യസമ്പത്തിന്റെ ഉടമയും കൂടിയാണ്. കലാമണ്ഡലത്തില്‍ പത്മനാഭന്‍ നായരുടെയും രാമന്‍കുട്ടി നായരുടെയും ശിക്ഷണത്തിലായിരുന്നു പഠനം. കലാമണ്ഡലം ഗോപിയാശാനൊപ്പം കര്‍ണശപഥത്തില്‍ ദുര്യോധനന്‍, നളചരിതം രണ്ടാം ദിവസത്തില്‍ പുഷ്‌കരന്‍ തുടങ്ങി നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
പന്ത്രണ്ടാം വയസില്‍ വെള്ളിനേഴി കാന്തള്ളൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സുഭദ്രാഹരണത്തിലെ കൃഷ്ണവേഷം കെട്ടിയായിരുന്നു അരങ്ങേറ്റം. ഭാര്യ: ലീല. മക്കള്‍: കലാമണ്ഡലം ഉഷ, കലാമണ്ഡലം സതി, ഗീത. മരുമക്കള്‍: കലാനിലയം മധുമോഹന്‍, രാധകൃഷ്ണന്‍, മധുസൂദനന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: