പാലക്കാട്: വാളയാര്‍ – ഇന്‍, നടുപ്പുണി മോട്ടോര്‍ ചെക്പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴി കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധിക്കാതെ മാമൂല് വാങ്ങി കടിത്തിവിടുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
വാളയാര്‍ ഇന്‍ ചെക്പോസ്റ്റ് വഴി പരിശോധന കൂടാതെ അമിതഭാരം കയറ്റിവന്ന നാല് ടിപ്പറുകളും, നടുപ്പുണി ചെക്പോസ്റ്റ് വഴി വന്ന ഒമ്പത് ടിപ്പറുകളും പിടികൂടി ആര്‍ടിഒ എന്‍ഫോഴ്സ്മെന്റിന് കൈമാറി. ഭാരപരിശോധന നടത്തിയതില്‍ 5,15,000 ആര്‍ടിഒ എന്‍ഫോഴ്സ്മെന്റും, 22,500 രൂപ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പും പിഴ ഈടാക്കി. വാഹനങ്ങള്‍ പരിശോധിക്കാതെ കടന്നുപോകുന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാവുന്നത്. മാത്രമല്ല ലക്ഷങ്ങള്‍ മുടക്കി വാളയാര്‍ ഇന്‍ ചെക്പോസ്റ്റില്‍ സ്ഥാപിച്ച് വേ-ബ്രിഡ്ജ് തുരുമ്പെടുത്ത് നശിക്കുകയാണ്.
തമിഴ്നാട്ടില്‍ നിന്നും കരിങ്കല്ല് കയറ്റി വന്ന 11 ടോറസ് ലോറികളാണ് ഇന്നലെ രാവിലെ ആറുമണിക്ക് വിജിലന്‍സ് സംഘം പിടികൂടിയത്. മൂന്ന് ലോറികളെ നടുപ്പുണിയില്‍ നിന്നും, ഊടുവഴികളിലൂടെ വന്ന എട്ട് ലോറികളെ മേനോമ്പാറയില് നിന്നുമാണ് പിടികൂടിയത്.
തമിഴ്നാട്ടില്‍ നിന്നും കൊല്ലം, കോട്ടയം, ആലുവ, പെരുമ്പാവൂര്‍ ഭാഗത്തേക്കാണ് കരിങ്കല്ല് കയറ്റിക്കൊണ്ടുപോകുന്നത്. 35 ടണ്‍ ഭാരം അനുവദിച്ച ടോറസ് ലോറികളില്‍ 55 ടണ്‍ വരെ കയറ്റിയാണ് വന്നിരുന്നത്. ഭാരം കയറ്റിയ ഒരു ടണ്ണിന് 10,000 രൂപയും, കൂടുതല്‍ ടണ്ണിന് 2000 രൂപ വീതം കൂട്ടി 3,67,500 രൂപ പിഴ ഈടാക്കി.
വിജിലന്‍സ് ഡിവൈഎസ്പി: എസ്. ഷംസുദ്ദീന്, ഇന്‍സ്പെക്ടര്‍ എ.ജെ. ജോന്സണ്, എസ്ഐമാരായ ജി. മുരളി പ്രസാദ്, പി.കെ. സന്തോഷ്, എഎസ്ഐ: വി. ബൈജു, സീനിയര്‍ സിപിഒ: പി.ആര്. രമേഷ്, കെ. ഉവൈസ്, എ.ആര്. ബ്രീസ്, സിപിഒ: പി.പ്രമോദ്, വി. സന്തോഷ്, ഗസറ്റഡ് ഓഫീസര്‍ കഞ്ചിക്കോട് ജിവിഎച്ച്എസ് പ്രിന്‍സിപ്പല്‍ എസ്. സുജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: