സര്‍ബാനന്ദ സോണോവാള്‍
കേന്ദ്ര ആയുഷ് സഹമന്ത്രി
രാജ്യമെമ്പാടും നിരവധി സാംസ്കാരിക, ആധ്യാത്മിക, കാര്‍ഷിക സന്ദേശങ്ങള്‍ നല്‍കിക്കൊണ്ട് മകര സംക്രാന്തി ദിനത്തില്‍ സൂര്യന് ഉത്തരായന ദിശയില്‍ ഉദിക്കുന്നു. പരിവര്‍ത്തനാത്മകമായ മാറ്റം, അകമെയും പുറമെയും നന്മയ്ക്കു വേണ്ടിയുള്ള മാറ്റം, നക്ഷത്ര തലത്തിലും ജ്യോതിഷ രാശി ചക്ര സൂചനകളിലുമുള്ള മാറ്റം എന്നൊക്കെയാണ് സംക്രാന്തിയുടെ അര്‍ത്ഥം. ഒരര്‍ത്ഥത്തില്‍ ഇത് പ്രപഞ്ചത്തിന്റെ മഥന പ്രക്രിയയാണ്. മനുഷ്യ ശരീരത്തിലും മനസിലും പ്രജ്ഞയിലും എന്ന പോലെ ബാഹ്യലോകത്തിലും ഒരുപോലെ പ്രതിഫലിക്കുക എന്നതാണ് ഇതിന്റെ സൗന്ദര്യം.
ഈ അവസരത്തില്‍ സൂര്യനെ നമസ്കരിക്കുന്ന യോഗാസനത്തിന്റെ സന്ദേശം മനുഷ്യരാശിയിലേക്ക് എത്തിക്കുന്നതിന് ആയൂഷ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു. യുഗങ്ങളായി മനുഷ്യരാശിക്ക് പ്രയോജനപ്രദമാണ് യോഗ. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈ എടുത്തതോടെ യോഗയ്ക്ക് മുമ്പെങ്ങുമില്ലാത്ത വിധം ആഗോള സ്വീകാര്യത കൈവന്നു. 2014 സപ്തംബറില്‍ ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ യോഗയെ അന്താരാഷ്ട്ര തലത്തില്‍ ആഘോഷിക്കാന്‍ നരേന്ദ്ര മോദി ആഗോള സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ഐക്യരാഷ്ട്ര സഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഏതു തരത്തിലുള്ള ആരോഗ്യ വിപത്തിനെയും പ്രതിരോധിക്കാന്‍ നാം നമ്മുടെ ശരീരത്തിനും മനസിനും പ്രജ്ഞയ്ക്കും നല്കുന്ന പരിശീലനം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തമാകുന്നു. എല്ലാവരും സൂര്യനമസ്കാരത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ അത് കൃത്യമായി അനുഷ്ഠിക്കുന്നവര്‍ വളരെ ചുരുക്കമാണ്. സൂര്യനെ നമസ്കരിക്കുന്നതിനും അപ്പുറത്താണ് ഈ യോഗാസനങ്ങളുടെ പ്രാധാന്യം. ശാരീരിക, മാനസിക, ആധ്യാത്മിക സൗഖ്യത്തിനു ഇതില്‍ അത്രയേറെ പ്രാധാന്യമുണ്ട്. പതിവായി, മുറപ്രകാരം സൂര്യനമസ്കാരം ചെയ്യുന്നത് നമ്മുടെ പ്രതിരോധ ശേഷിയും ഊര്‍ജ്ജസ്വലതയും വര്‍ധിപ്പിക്കും. മാനസിക സന്തുലിതാവസ്ഥ നിലനിര്‍ത്താനും സഹായിക്കുന്നു.
എല്ലാ ജീവജാലങ്ങളുടെയും ചൈതന്യസ്രോതസാണ് സൂര്യന്. അതിനാല്‍ സൂര്യ നമസ്കാരം തീര്‍ച്ചയായും സകല മനുഷ്യര്‍ക്കും പാര്‍ശ്വഫല രഹിതമായ ഊര്‍ജ്ജമാണ്. കൊവിഡ് വ്യാപനം തടയുന്നതിനുള്ള ഉപാധിയായി ലോകം ആ ഊര്‍ജ്ജത്തെയും അതില്‍ നിന്നുള്ള ശക്തമായ രോഗപ്രതിരോധ ശേഷിയെയും ഇപ്പോള്‍ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ സൂര്യ നമസ്കാരം കൂടുതല്‍ പ്രാധാന്യമുള്ളതായിരിക്കുന്നു. ഇക്കാരണത്താലാണ് ഈ പരിപാടിയില്‍ യോഗ ഗുരുക്കന്മാര്, പ്രധാന യോഗാ സ്ഥാപനങ്ങള്‍, കേന്ദ്ര മന്ത്രാലയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങി എല്ലാ പ്രമുഖ ഗുണഭോക്താക്കളെയും പങ്കെടുപ്പിച്ചത്. ഒറ്റ പരിപാടി കൊണ്ടു മാത്രം ഇത് അവസാനിക്കുന്നില്ല. കാരണം ശാശ്വത ഫലം സൃഷ്ടിക്കുന്നതിന് തുടര്‍ച്ചയായ, ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് കൂടുതല്‍ ആവശ്യം. മകര സംക്രാന്തി ദിനത്തിലെ ഈ പ്രദര്‍ശന പരിപാടി ഈ തുടര്‍ച്ചയുടെ ഭാഗമാണ്.
സൂര്യ നമസ്കാരം പന്ത്രണ്ട് ഘട്ടങ്ങളിലായി അനുഷ്ഠിക്കുന്ന എട്ട് ആസനങ്ങളുടെ ഗണമാണ്. ഈ ആസനങ്ങളുടെ പ്രയോജനം എന്നു പറയുന്നത് ഇത് എല്ലാ പ്രായക്കാര്‍ക്കും ഒരു ബുദ്ധിമുട്ടും കൂടാതെ ചെയ്യാവുന്നതാണ് എന്നതാണ്. ഈ 12 ഘട്ടങ്ങളും നിത്യവും അനുഷ്ഠിച്ചാല്‍ പുറത്തുനിന്നു വരുന്ന ഏത് ആരോഗ്യപ്രശ്നത്തെയും മനുഷ്യ ശരീരം പ്രതിരോധിക്കും. സൂര്യനമസ്കാരം നിത്യവും ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ, ഇതു വഴി ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയും സൗഖ്യവും ഞാന്‍ അനഭവിക്കുന്നു. സൂര്യ നമസ്കാരത്തെ നമ്മുടെ മികച്ച, എപ്പോഴും ആശ്രയിക്കാവുന്ന സുഹൃത്തായി കരുതുകയും ആ സൗഹൃദം എല്ലായ്പ്പോഴും നിലനിര്‍ത്തുമെന്നും ആഗോള സമൂഹം ഈ മകരസംക്രാന്തി ദിനം ദൃഢനിശ്ചയമെടുക്കുമെന്ന് ഉറപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: