കൊല്ലവര്‍ഷം 984, മകരം ഒന്നിനാണ് (1809 ജനുവരി 11) കുണ്ടറയിലെ ഇളമ്പള്ളൂര്‍ കാവില്‍ ആ യുദ്ധകാഹളം മുഴങ്ങിയത്. സ്വധര്‍മ്മസംരക്ഷണത്തിനായുള്ള പോരാട്ടത്തിനുള്ള ആഹ്വാനമായിരുന്നു അത്. ക്ഷേത്രങ്ങളും ക്ഷേത്രസ്വത്തുക്കളും കണ്ടുകെട്ടി, തിരുവിതാംകൂറിലെ ജനങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത്, അടിമത്തം അടിച്ചേല്‍പിച്ചുകളയാമെന്ന ബ്രിട്ടീഷ് ധാര്‍ഷ്ട്യത്തെ അധികാരത്തിനുള്ളില്‍ നിന്നും പുറത്തും നിന്നും ചോദ്യം ചെയ്യുകയായിരുന്നു ധീരദേശാഭിമാനിയായ വേലുത്തമ്പി ദളവ.
‘ഉപ്പ് മുതല്‍ സര്‍വസ്വവും കുത്തകയാക്കിത്തീര്‍ത്ത്, തരിശു കിടക്കുന്ന നിലവും പുരയിടവും അളന്നു കുടിക്കുത്തകയാക്കിയിട്ടും കെട്ടി നിലവരി, തെങ്ങുവരി ഉള്‍പ്പെട്ട അധികാരങ്ങളും കുടികളില്‍ കൂട്ടിവെച്ച്…’ അത്യാര്‍ത്തി മൂത്ത ബ്രിട്ടീഷുകാരന്റെ സര്‍വാധിപത്യം സംഭവിച്ചാല്‍ കഞ്ഞിക്ക് ഉപ്പിനും പൂജയ്ക്ക് കര്‍പ്പൂരത്തിനും വരെ അവരെ ആശ്രയിക്കേണ്ട അവസ്ഥ സംജാതമാകുമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ജനദ്രോഹികള്‍ക്കെതിരെ അന്തിമപോരാട്ടത്തിനൊരുങ്ങാന്‍ വേലുത്തമ്പി ആഹ്വാനം ചെയ്തത്. രാജ്യത്ത് ആദ്യമായി ഉപ്പിന് വേണ്ടി നടന്ന സമരാഹ്വാനമാണ് കുണ്ടറ വിളംബരമെന്ന് എസ്. ഗുപ്തന് നായര്‍ നിരീക്ഷിച്ചിട്ടുണ്ട്.
വെള്ളക്കാരന് നിലവും പുരയിടവും കവര്‍ന്നെടുത്ത് തെങ്ങുവരിയും നിലവരിയും ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പോടെ കൃഷിക്കാരന്റെ അസ്വസ്ഥകളെയും കുണ്ടറ വിളംബരം പ്രകടമാക്കുന്നു. വേലുത്തമ്പിയുടേത് തിരുവിതാംകൂറിലെ കാര്‍ഷിക വിപ്ലവത്തിനായുള്ള ആഹ്വാനമായിരുന്നുവെന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി എ.കെ. ഗോപാലനും വിലയിരുത്തുന്നു. സ്വധര്‍മ്മാഭിമാനത്തിന്റെയും സ്വരാജ്യസ്നേഹത്തിന്റെയും ഉജ്ജ്വലപ്രഖ്യാപനമായിരുന്നു കുണ്ടറ വിളംബരം. ‘തൊള്ളായിരത്തി മുപ്പത്തി മൂന്നാമാണ്ട് നാടു നീങ്ങിയ തിരുമനസ്സു കൊണ്ട് കല്‍പ്പിച്ച്, നിശ്ചയിച്ച് രാജ്യത്തിന് പൂവോടും നീരോടും കൂടെ ശ്രീ പത്മനാഭസ്വാമിയുടെ തൃപ്പടിയില്‍ ദാനവും ചെയ്തു. മേല്‍പ്പട്ടും വാഴുന്ന തമ്പുരാക്കന്മാരും അവിടത്തെ ആളായിട്ടിരുന്ന കാര്യം വിചാരിക്കുകയും അവര്‍ക്ക് രാജ്യഭോഗ്യങ്ങളെക്കാളും അധികം തപോനിഷ്ഠയായിട്ടു വ്രതനിയമങ്ങളും അനുഷ്ഠിച്ചും താന്‍ ദുഃഖിച്ചും കുട്ടികള്‍ക്ക് സുഖം വരുത്തിയും അതിന് ഒരു കുറവും വരുത്താതെ ഇരിക്കേണ്ടുന്നതിന് മേല്‍ രക്ഷയായിട്ട് ഈശ്വരസേവ, ഭദ്രദീപം, മുറജപം, അന്നസത്രം ആദിയായിട്ടുളള സത്കര്‍മ്മങ്ങളെ നടത്തി കാലം കഴിച്ചു കൊള്ളുകയെന്നും വച്ചു ചട്ടം കെട്ടി കുട്ടികള്‍ക്ക് ,സുഭിക്ഷതമായിട്ടു കഴിഞ്ഞു വരുന്നതിനാല്‍ ഇപ്പോള്‍ ഈ കലിയുഗത്തിങ്കല്‍ ഹിമവല്‍സേതുപര്യന്തം ഇതുപോലെ ധര്‍മ്മ സംസ്ഥാനം ഇല്ലെന്നുളള കീര്‍ത്തി പൂര്‍ണ്ണമായി ഇരിക്കപ്പെട്ടതു സര്‍വ്വപേരും പ്രസിദ്ധമായിട്ടു അറിഞ്ഞിരിക്കുമല്ലോ’ എന്ന അഭിമാനകരമായ രാജ്യചരിത്രത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് വേലുത്തമ്പി ദളവ ബ്രിട്ടീഷ് കടന്നുകയറ്റത്തെയും ടിപ്പു സുല്‍ത്താന്റെ ഭീഷണിയെപ്പെറ്റിയും ജനങ്ങളെ ബോധവത്കരിക്കുന്നത്.
”ക്ഷേത്രങ്ങളില്‍ കുരിശും കൊടിയും കെട്ടി വര്‍ണഭേദമില്ലാതെ ബ്രാഹ്മണസ്ത്രീ മുതലായ സംസര്‍ഗവും ചെയ്തു യുഗഭേദം പോലെ അധര്‍മങ്ങളായിട്ടുളള വട്ടങ്ങള്‍ ആക്കിത്തീര്‍ക്കുകയും ചെയ്യു” മെന്ന ഘോരാപരാധമുണ്ടാകാതിരിക്കാനുള്ള പ്രതിക്രിയ ഉണ്ടാകണമെന്നതാണ് വിളംബരത്തിന്റെ കാതല്‍. സര്‍വസാധാരണക്കാരന്റെ ജിവിതത്തെ സമഗ്രമായി പ്രതിപാദിക്കുന്ന കുണ്ടറ വിളംബരം പിറക്കുന്നത് വേലുത്തമ്പിയുടെ പോരാട്ടത്തിന്റെ അന്തിമഘട്ടത്തിലാണ്. എല്ലാം നഷ്ടപ്പെടുമെന്ന ഘട്ടത്തിലും ജനശക്തിയില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സൈന്യം ചുറ്റും വളയുമ്പോഴും ആത്മവിശ്വാസം വേലുത്തമ്പി കൈവിട്ടില്ല. താനില്ലാതായാലും ജനം പൊരുതിക്കൊണ്ടേയിരിക്കുമെന്ന പ്രതീക്ഷയും വിശ്വാസവും നെഞ്ചേറ്റിയാണ് ആ വീരന് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ മണ്ണടിക്കാവില്‍ ജീവിതം ആഹുതി ചെയ്തത്. ഇരണിയലില്‍ നിന്നുയര്‍ന്ന ജനനായകനായി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതുമുതല്‍ മണ്ണടിക്കാവിലെ മണല്‍ത്തരികളില്‍ ആ ഹൃദയരക്തം വാര്‍ന്നൊഴുകുന്നതുവരെ വിശ്രമമെന്തെന്നറിയാത്ത ജീവിതമായിരുന്നു അത്.
ജനകീയനായ, തീര്‍ത്തും ജനങ്ങളുടെ ശക്തിയില്‍ വിശ്വാസമര്‍പ്പിച്ച ഒരു പോരാളിയുടെ ധീരമായ നിലപാട് പ്രഖ്യാപനം എന്ന നിലയിലും കുണ്ടറ വിളംബരത്തെ നമ്മള് വായിക്കണം. ലോകജനതയെയാകെ പ്രകമ്പനം കൊള്ളിച്ച സ്വാമി വിവേകാനന്ദന്റെ വിഖ്യാതമായ ചിക്കാഗോ പ്രസംഗത്തോടും എബ്രഹാം ലിങ്കന്റെ ലിറ്റ്സ് ബര്‍ഗ് പ്രസംഗത്തോടും കിടപിടിക്കുന്നതായിരുന്നു അതെന്ന് ചരിത്രകാരന്മാരും ഭാഷാപണ്ഡിതരും നിരീക്ഷിച്ചിട്ടുണ്ട്.
1799 മേയ് മൂന്നിന് ഇരണിയലില്‍ വിളിച്ചുചേര്‍ത്ത നാട്ടുകൂട്ടം മുതല്‍ സംഘടിത ജനശക്തിയുടെ ബലത്തില്‍ അധികാരത്തിന്റെ അഴുക്കുപുരണ്ട സംവിധാനങ്ങളോട് പൊരുതാനും പൊരുതി ജയിക്കാനുമുള്ള വേലുത്തമ്പിയുടെ പ്രബലമായ പ്രേരണയും ധാരണയും പ്രകടമാണ്. അത്തരം ഒരു മുന്നേറ്റം അന്നത്തെ കാലത്ത് അസാധ്യമായിരിക്കെ അദ്ദേഹം അത് സാധിച്ചു. തിരുവിതാംകോട് രാജ്യത്തെ ഉദ്യോഗസ്ഥപ്രമാണിത്തത്തിനെതിരെ, ദളവ ജയന്തന് ശങ്കരന് നമ്പൂതിരിയുടെയും മാത്തൂത്തരകന്റെയും ശങ്കരനാരായണന്‍ചെട്ടിയുടെയും ദുര്‍ഭരണത്തിനെതിരെയുമായിരുന്നു ഇരണിയല്‍ നാട്ടുക്കൂട്ടം. രാജ്യതലസ്ഥാനത്തെ ഇരണിയലില്‍ നിന്ന് വേലുത്തമ്പി നയിച്ച ജനകീയമാര്‍ച്ച് രാജ്യഭരണത്തെ ശുദ്ധീകരിക്കുന്നതിനുള്ള വിപ്ലവമായിരുന്നു. ഇരുപതാം വയസ്സില്‍ കല്‍ക്കുളം മണ്ഡപത്തും വാതുക്കല് കാര്യക്കാരായി രാജ്യസേവനം ഔദ്യോഗികമായി തുടങ്ങുമ്പോള്‍ മുതല്‍ ഭരണരംഗത്തെ പുഴുക്കുത്തുകള്‍ക്കെതിരെ അദ്ദേഹം പോരാടിയിട്ടുണ്ട്. അതിന്റെ പ്രഖ്യാപനവും പ്രകടനവുമായിരുന്നു 1799 മേയില്‍ തുടങ്ങി ജൂണ്‍ 12ന് രാജ്യതലസ്ഥാനത്തെത്തിയ ജനകീയമാര്‍ച്ച്.
ഭരണരംഗത്തെ ശുദ്ധീകരണം, അഴിമതിക്കും അനീതിക്കുമെതിരായ സന്ധിയില്ലാത്ത പോരാട്ടം, രാജ്യസുരക്ഷയിലും സ്വധര്‍മ്മ രക്ഷയിലുമുള്ള നിതാന്തശ്രദ്ധ, വികസനം, സാമ്പത്തികസമൃദ്ധി തുടങ്ങിയവയില്‍ കൃത്യമായ ആസൂത്രണം തുടങ്ങി വേലുത്തമ്പി ജനനേതാവ് എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും എല്ലാക്കാലത്തിനും മാതൃകയാവുന്നത് ഇങ്ങനെയൊക്കെയാണ്. കുണ്ടറ വിളംബരം ഭാരതസ്വാതന്ത്ര്യസമരത്തിന്റെയാകെ ദിശയെ കാലാകാലങ്ങളില്‍ പ്രചോദിപ്പിച്ച ഉജ്ജ്വലരേഖയാണ്. ജനമുന്നേറ്റത്തിനുള്ള ആഹ്വാനമെന്ന നിലയിലും ജനജീവിതത്തെ സമഗ്രമായി സ്പര്‍ശിക്കുന്ന അവകാശരേഖയെന്ന നിലയിലും അത് ഏത് കാലത്തും പ്രസക്തമാണ്. മതംമാറ്റം രാജ്യത്തെ കീഴടക്കാന്‍ ആയുധമാക്കിയ മെക്കാളെയോട് കന്യാകുമാരിയിലെ മയിലാടിയില്‍ പള്ളി പണിഞ്ഞുകളയാമെന്ന ധാരണ വേണ്ടെന്ന് ഗര്‍ജ്ജിച്ച വേലുത്തമ്പി സ്വധര്‍മ്മത്തെയും സാമൂഹികജീവിതത്തെയും കരുതലോടെ കാക്കണമെന്ന് ആഹ്വാനം ചെയ്യുന്നത് കുണ്ടറ വിളംബരത്തില്‍ ഹൃദയം കൊടുത്താല്‍ നമുക്കും കേള്‍ക്കാം. രണ്ട് നൂറ്റാണ്ട് പിന്നിടുമ്പോഴും ആ ധീരമായ ശബ്ദത്തില്‍ തന്നെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: