കണ്ണൂര്‍: ജില്ലയിലെ റോഡുകള്‍ കുരുതിക്കളമാവുന്നു. ദിനംപ്രതി വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്. യാത്രക്കാരും കാല്നടയാത്രക്കാരുമായ പത്തോളം പേരാണ് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ മരണപ്പെട്ടത്. രണ്ട് ദിവസത്തിനുളളില്‍ മാത്രം നാല് ജീവനുകളാണ് വാഹനാപകടങ്ങളെ തുടര്‍ന്ന് നഷ്ടമായത്. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും പരിശോധനകള്‍ പ്രഹസനമാകുന്നതാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന ആരോപണം ശക്തമാണ്.
ഇരിട്ടി കിളിയന്തറ ചെക്ക് പോസ്റ്റിനു സമീപത്തുണ്ടായ ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ മരണപ്പെട്ടു. കഴിഞ്ഞ വെളളിയാഴ്ച മാഹി സ്വദേശിയോടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇരിട്ടി ഉളിയിലില്‍ നിര്‍ത്തിയിട്ട കര്‍ണാടക ആര്‍ടിസി ബസിലിടിച്ച് കണ്ടക്ടര്‍ പ്രകാശന് ദാരുണമായി മരിച്ചിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് ഇരിട്ടി കിളിയന്തറയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടത്. ഏതാനും ദിവസം മുമ്പ് ചക്കരക്കല്ലില്‍ ബസ്സിടിച്ച് ബൈക്ക് യാത്രികനും പുതിയതെരുവില്‍ വഴിയാത്രക്കാരന് കാറിടിച്ചും മരിച്ച സംഭവങ്ങളുണ്ടായിരുന്നു. കൂടാതെ വിവിധ സ്ഥലങ്ങളില്‍ നടന്ന അപകടങ്ങളില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിരവധി പേര് കഴിഞ്ഞ ദിവസങ്ങളില്‍ മരണപ്പെടുകയുണ്ടായി. പല അപകടങ്ങളിലും ഇരുചക്ര വാഹനങ്ങളേയും കാല്‍നട യാത്രക്കാരേയും ഇടിച്ചിട്ട് വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്ന സംഭവങ്ങളും ജില്ലയില്‍ വ്യാപകമായിട്ടുണ്ട്. വാഹനങ്ങളെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച ക്യാമറകള്‍ പലയിടങ്ങളിലും മിഴി തുറക്കാത്ത സ്ഥിതിയാണ്.
ഇത്തരത്തില്‍ ദിനംപ്രതിയെന്നോണം അപകടങ്ങളും അപകട മരണങ്ങളും വര്‍ദ്ധിക്കുമ്പോഴും ജില്ലയിലെ പോലീസും മോട്ടോര്‍ വാഹനവകുപ്പും പരിശോധനകള്‍ പ്രഹസനമാക്കുകയാണ്. കേസുകളുടെ എണ്ണങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ നിസ്സാര മോട്ടോര്‍ വാഹന ചട്ടലംഘനങ്ങള്‍ക്ക് കേസെടുക്കുന്ന പോലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും അമിത വേഗതയടക്കമുളള നിയമ ലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെടെയുളള വലിയ വാഹനങ്ങള്‍ ചെറു വാഹനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന രീതിയില്‍ സകല നിയമങ്ങളും ലംഘിച്ച് സര്‍വ്വീസ് നടത്തുകയാണ്. ഓടിയെത്തുന്നില്ലെന്ന വ്യാജ ന്യായമുന്നയിച്ച് ചീറിപ്പായുന്ന സ്വകാര്യ ബസ്സുകളുടെ അമിത വേഗതയില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് പലരും രക്ഷപ്പെടുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വാഹന പരിശോധന കര്‍ശനമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
കിളിയന്തറയില്‍ ശനിയാഴ്ച രാത്രി ഉണ്ടായ ബൈക്കപകടത്തില്‍ രണ്ടു യുവാക്കളും മരിക്കാനിടയായത് ഇവര്‍ റോഡില്‍ വീണശേഷം ഇതുവഴി കടന്നുപോയ രണ്ട് വാഹനങ്ങള്‍ ഇടിച്ചാണെന്ന് തെളിഞ്ഞു. അപകടം നടന്ന പാതയോരത്തെ ഒരു വീട്ടിലെ സിസിടിവിയിലാണ് ഇവിടെ നടന്ന അപകടത്തിന്റെയും മരണത്തിന്റെയും ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇതോടെ അപകടം എങ്ങനെ നടന്നുവെന്ന പോലീസിന്റെയും നാട്ടുകാരുടെയും സംശയത്തിന് തെളിവായി.
കിളിയന്തറ 32-ാം മൈല്‍ സ്വദേശി തൈക്കാട്ടില്‍ അനീഷ് (28), വളവുപാറ സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇരിട്ടി-കൂട്ടുപുഴ അന്തര്‍ സംസ്ഥാന പാതയില്‍ കിളിയന്തറ ചെക്ക് പോസ്റ്റിന് സമീപത്തായി രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. കൂട്ടുപുഴ ഭാഗത്തുനിന്നും എത്തിയ ഇവരുടെ ബൈക്ക് റോഡില്‍ പൊടുന്നനെ നില്ക്കുന്നതും ബൈക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡില്‍ ഇരുവരും ബൈക്ക് അടക്കം മറിഞ്ഞു വീഴുകയുമായിരുന്നു. ഇവര്‍ എഴുന്നേല്ക്കാന് ശ്രമിക്കുന്നതിനിടെ കൂട്ടുപുഴ ഭാഗത്തേക്ക് അമിതവേഗതയില്‍ പോവുകയായിരുന്ന ഒരു സ്കോര്‍പ്പിയോ വാഹനം ഇവരെ രണ്ടുപേരെയും ഇടിച്ചു തെറിപ്പിച്ചു. അല്പനിമിഷത്തിനകം മറ്റൊരു വേഗണാര് കാറും ഇതുവഴി എത്തുന്നതും ഇവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. രണ്ടാമത് എത്തിയ കാറാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. എന്നാല്‍ ആദ്യം കടന്നുപോയ സ്കോര്‍പ്പിയോ കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷിച്ചു വരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നത്വരെ അപകടത്തേയും മരണത്തെയും കുറിച്ച് നിരവധി സംശയങ്ങള്‍ നിലനിന്നിരുന്നു. ബൈക്ക് കാറില്‍ ഇടിച്ചത്തിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. ബൈക്കില്‍ ഒരു പോറല്‍പോലും ഏറ്റിരുന്നില്ലെന്നതായിരുന്നു കാരണം. എന്നാല്‍ കാറിന്റെ മുന്‍ഭാഗം എങ്ങനെ തകര്‍ന്നുവെന്ന സംശയം നിലനില്ക്കുകയും ചെയ്തു. ഈ സംശയങ്ങള്‍ക്കെല്ലാം തെളിവായി സിസിടിവി ദൃശ്യങ്ങള്‍.
അതേസമയം ഈ ഭാഗത്തെ തെരുവുവിളക്കുകളൊന്നും കത്താത്തതും പ്രദേശത്തെ കൂരിരുട്ടും അപകടത്തിന്റെ ആഴം കൂടിയതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. കെഎസ്ടിപി റോഡ് പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഈ ഭാഗത്തെ സോളാര്‍ ലൈറ്റുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായി.
ഇതിനെതിരെ പരാതി നല്‍കിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സന്ധ്യയോടെ ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിച്ചു. അനീഷിന്റെ മൃതദേഹം മുണ്ടയാം പറമ്പ് എസ്എന്‍ഡിപി ശ്മശാനത്തില്‍ സംസ്കരിച്ചു. അസീസിന്റെ മൃതദേഹം വള്ളിത്തോട് ജുമാസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: