കെ.ആര്. മോഹന്‍ദാസ്
ഇന്ത്യന്‍ പരസ്യ രംഗത്തെ അടിമുടി ഉടച്ചുവാര്‍ത്ത വിപ്ലവകരമായ മുന്നേറ്റങ്ങളുടെ നായകനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ജര്സന് ഡി കുഞ്ഞ. തൊണ്ണൂറ്റിരണ്ടാം വയസ്സില്‍ ജീവിതത്തിന്റെ അരങ്ങില്‍ നിന്നും വിടവാങ്ങുമ്പോള്‍ താരപ്പകിട്ടാര്‍ന്ന ഒരു ജീവിതത്തിനാണ് കാലം തിരശീലയിട്ടത്.
പത്രപ്രവര്‍ത്തനം, പരസ്യവും വിപണനവും, സിനിമയും നാടകവും, സാമൂഹിക പ്രവര്‍ത്തനം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ബോംബെ സര്‍വ്വകലാശാലയില്‍ നിന്ന് ശാസ്ത്ര ബിരുദധാരിയായി. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലും റോയിട്ടേഴ്സിലും പത്രപ്രവര്‍ത്തകനായ ശേഷമാണ് പരസ്യ രംഗത്തേയ്ക്ക് വേദി മാറ്റിയത്. അത് ഇന്ത്യന്‍ പരസ്യമേഖലയ്ക്ക് പുത്തനുണര്‍വ് നല്കി. രാജ്യത്തെ തലയെടുപ്പുള്ള പരസ്യ ഏജന്‍സിയായ ലിന്റാസിന്റെ തലവനായിരുന്നു. പ്രശസ്ത സംവിധായകന് ശ്യാംബനഗലും പരസ്യരംഗത്തെ കുലപതിയായിരുന്ന അലിഖ് പദംസിയും ലിന്റാസില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു.
ഡാല്ഡയ്ക്ക് ഇന്ത്യന്‍ വീട്ടമ്മമാരുടെ മനസ്സില്‍ സ്ഥാനം നല്‍കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു. ‘ഡാല്‍ഡ നിങ്ങള്‍ക്ക് നല്ലതാണ്. കരുതലുള്ള വീട്ടമ്മമാര്‍ ഡാല്‍ഡ ഉപയോഗിക്കുന്നു.’ വിപണി കീഴടക്കിയ ഈ ആശയം പരസ്യലോകത്തെ നാഴികക്കല്ലായി. സര്‍ഫ്, ഫോര്‍ സ്ക്വയര്‍ സിഗരറ്റ് തുടങ്ങിയ വന്‍കിടബ്രാന്‍ഡുകളുടെ പരസ്യരൂപീകരണത്തിലും അദ്ദേഹം നേതൃത്വം നല്കി. മികച്ച പരസ്യവാചകങ്ങള്‍ എങ്ങനെ രചിക്കണം എന്നതിനെക്കുറിച്ച് ശിഷ്യന്മാര്ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കി. പരസ്യവാചകമെഴുതുന്നവര്ക്കായി അദ്ദേഹം നിര്‍ദ്ദേശിക്കുന്ന ഗ്രന്ഥമായിരുന്നു റൂഡോള്‍ഫ് ഫ്ലെഷ് രചിച്ച ‘ആര്‍ട്ട് ഓഫ് പ്ലെയിന്‍ ടാക്ക്’.
അഭിനയത്തിന്റെ അരങ്ങിലും തിളങ്ങിയ വ്യക്തിത്വം. ഇലക്ട്രിക് മൂണ്‍ (1992), കോട്ടണ്‍ മേരി (1999), വാട്ടര്‍ (2005) തുടങ്ങിയ നാടകങ്ങളിലും സിനിമകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. സന്തോഷ് ശിവന് സംവിധാനം ചെയ്ത അശോക (2001)യില്‍ ബിന്ദുസാരന് രാജാവിന്റെ വേഷത്തില്‍ നടത്തിയ ഉജ്ജ്വല പ്രകടനം അദ്ദേഹത്തിലെ അഭിനേതാവിനുള്ള അംഗീകാരമായിരുന്നു. അഗ്നിയുടെ (അഏചക അരശേീി ളീൃ ഏീീറ ഏീ്ലൃിമിരല മിറ ചലംേീൃസശിഴ ശി കിറശമ) മുന്‍നിരപ്രവര്‍ത്തകനായിരുന്നു ജര്സന് ഡി കുഞ്ഞ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: