തുറവൂര്‍: ഓടികൊണ്ടിരുന്ന സ്വകാര്യ ബസിനുള്ളില്‍ യുവാവിനെ രണ്ടംഗ സംഘം മൂര്‍ച്ചയേറിയ കത്തിക്ക് വരഞ്ഞു പരിക്കേല്‍പ്പിച്ചതായി പരാതി. തുറവൂര്‍ വളമംഗലം തെക്ക് പുല്ലംപ്ലാവില്‍ വീട്ടില്‍ മണിയപ്പന് പിള്ളയുടെ മകന് ഗോപകുമാറി(19)നാണ് പരിക്കേറ്റത്. കഴുത്തിനും നെഞ്ചിനും കൈയ്ക്കും ഗുരുതര പരിക്കേറ്റ ഗോപകുമാറിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയപാതയില്‍ പൊന്നാം വെളി ജംഗ്ഷനു സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചേര്‍ത്തലയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഗോപകുമാറിനെ പിന്‍സീറ്റിലിരുന്ന രണ്ട് പേര് ആക്രമിച്ചത്. മുന്‍പരിചയമില്ലാത്ത ഇവര്‍ യാതൊരു പ്രകോപനവുമില്ലാതെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ശരീരത്തില്‍ വരഞ്ഞ് മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് ഗോപകുമാര്‍ പട്ടണക്കാട് പൊലീസില്‍ നല്കിയ മൊഴിയില്‍ പറയുന്നു.
നെഞ്ചില്‍ ആഴത്തിലുള്ള മുറിവേറ്റു. യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ബസ് നിറുത്തിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഇവരുടെ കയ്യില്‍ മദ്യക്കുപ്പിയുമുണ്ടായിരുന്നതായി ബസിലുണ്ടായിരുന്ന യാത്രക്കാര്‍ പറഞ്ഞു. പട്ടണക്കാട് പോലീസ് കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: