കോങ്ങാട്: കൈക്കൂലി വാങ്ങിയ രണ്ട വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ അറസ്റ്റില്‍. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കോങ്ങാട് ഒന്ന് വില്ലേജ് ഓഫീസിലെ രണ്ട ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. പട്ടയം സംബന്ധിച്ച അപേക്ഷയുമായി എത്തിയ വൃദ്ധനോടാണ് ഒരുലക്ഷം രൂപ ആവശ്യപ്പെട്ടത്. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരായ മനോജ്, പ്രസന്നന് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 50,000 രൂപയും പിടിച്ചെടുത്തു. ചില്ലിക്കല്‍ സ്വദേശി കുമാരന്റെ പരാതിയിലാണ് നടപടി.
പൂര്‍വികസ്വത്തായ 53 സെന്റ് സ്ഥലത്തിന് പുറമേ 16 സെന്റ് ഭൂമിയും കുമാരനുണ്ട്. കാന്‍സര്‍ രോഗിയായ മകളുടെ ചികിത്സക്ക് പണം ആവശ്യമായി വന്നപ്പോഴാണ് 16 സെന്റ് ഭൂമി വില്ക്കാന് കുമാരന് തീരുമാനിച്ചത്. തുടര്‍ന്ന് പട്ടയം ശരിയാക്കുന്നതിനായി വില്ലേജ് ഓഫീസില്‍ എത്തി. എന്നാല്‍ പട്ടയം ശരിയാക്കണമെങ്കില്‍ ഒരു ലക്ഷം രൂപ വേണമെന്ന് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ ആവശ്യപ്പെട്ടു. തന്റെ പക്കല്‍ അത്രയധികം പണമില്ലെന്ന് പറഞ്ഞപ്പോള്‍ 55,000 രൂപ മതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞദിവസം കുമാരന് 5000 രൂപ ഉദ്യോഗസ്ഥര്‍ക്ക് നല്കി. തുടര്‍ന്ന് ഇന്നലെ വിജിലന്‍സ് ഡിവൈഎസ്പി ഷംസുദീനെ വിവരമറിയിക്കുകയായിരുന്നു. ഉച്ചയോടെ വിജിലന്‍സ് സംഘത്തിനൊപ്പം എത്തിയ കുമാരന് ബാക്കി 50,000 രൂപയും നല്കി. പണം വാങ്ങിയ ഉദ്യോഗസ്ഥരെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇരുവരെയും വൈകിട്ടോടെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി ഷംസുദ്ദീന്, പോലീസ് ഇന്‍സ്പെക്ടര്‍മാരായ എം.യു. ബാലകൃഷ്ണന്, എ.ജെ. ജോണ്സണ്, എസ്ഐ: ബി. സുരേന്ദ്രന്, ഗസറ്റഡ് ഓഫീസര്‍മാരായ എരുത്തേമ്പതി ഐഎസ്ഡി ഫാം സൂപ്രണ്ട് ആറുമുഖ പ്രസാദ്, പെരിങ്ങോട്ടുകുറുശ്ശി കൃഷി ഓഫീസര്‍ ഉണ്ണി റാം എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: