മൗണ്ട് മൗഗനൂയി: ബംഗ്ലാദേശിന് ചരിത്ര വിജയം. ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലോക ചാമ്പ്യന്മാരായ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ന്യൂസിലന്‍ഡില്‍ ഇതാദ്യമായാണ് ബംഗ്ലാദേശ് ഒരു ടെസ്റ്റ് വിജയിക്കുന്നത്.സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ പതിനേഴ് മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിച്ച കിവീസിന്റെ ആദ്യ തോല്‍വിയും. ഈ വിജയത്തോടെ ബംഗ്ലാ കടുവകള്‍ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിലായി.
അവസാന ദിനത്തില്‍ 40 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സ് നേടി. ഓപ്പണര്‍ ഷഡ്മാന്‍ ഇസ്ലാം (3), നജിമുള്‍ ഹുസൈന് ഷാന്റോ (17) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖും (13) മുഷ്ഫിക്വര്‍ റഹിമും (5) കീഴടങ്ങാതെ നിന്നു. സ്കോര്‍: ന്യൂസിലന്‍ഡ് 328, 169, ബംഗ്ലാദേശ് 458, രണ്ടിന് 42.
നേരത്തെ അഞ്ചു വിക്കറ്റിന് 147 റണ്‍സിന് രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ന്യൂസിലന്‍ഡ് 169 റണ്‍സിന് ഓള് ഔട്ടായതോടെയാണ് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 40 റണ്‍സായത്. ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശ് 130 റണ്‍സ് ലീഡ് നേടിയിരുന്നു. പേസര്‍ എബദോട്ട് ഹുസൈനാണ് രണ്ടാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തത്. നാല്‍പ്പത്തിയാറ് റണ്‍സിന് ആറു വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ ഒരു വിക്കറ്റും വീഴ്ത്തിയ എബദോട്ട് ഹുസൈനാണ് കളിയിലെ കേമന്‍.
69 റണ്‍സ് എടുത്ത ഓപ്പണര്‍ വില്‍ യംങ്ങാണ് ന്യൂസിലന്‍ഡിന്റെ ടോപ്പ് സ്കോറര്‍. റോസ് ടെയ്ലര് നാല്‍പ്പത് റണ്‍സ് കുറിച്ചു. ഹെന്റി നിക്കോള്‍സ് , ടോം ബ്ലെന്‍ഡല്‍ , കെയ്ല്‍ ജാമിസണ് , ടിം സൗത്തി എന്നിവര്‍ പൂജ്യത്തിന് പുറത്തായി. നീല്‍ വാഗ്നര്‍ എട്ട് റണ്‍സുമായി കീഴടങ്ങാതെ നിന്നു. ന്യൂസിലന്‍ഡ് -ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഞായറാഴ്ച ക്രൈസ്റ്റ് ചര്‍ച്ചില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: