ഇടുക്കി : മുന്‍ മന്ത്രി എം.എം. മണിയും കെ.വി. ശശിയും വീട്ടിലിരിക്കാന്‍ പറഞ്ഞു. തന്നെ അപമാനിച്ചെന്നും സംസ്ഥാന കമ്മിറ്റിക്ക് കത്തെഴുതി സിപിഎം നേതാവ് എസ്. രാജേന്ദ്രന്. സിപിഎം ഇടുക്കി ജില്ലാ സമ്മേളനം പുരോഗമിക്കേയാണ് മുന്‍ ദേവികുളം എംഎല്‍എ കൂടിയായ രാജേന്ദ്രന് കത്ത് നല്‍കിയിരിക്കുന്നത്.
പരസ്യ അധിക്ഷേപത്തെ പേടിച്ചാണ് താന്‍ ജില്ലാ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശിയുടെ നേതൃത്വത്തിലാണ് തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയത് കെ.വി. ശശിയാണ്. യൂണിയന് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കെ.വി. ശശി തന്നെ അപമാനിച്ചു.
എംഎല്‍എ ഓഫീസില്‍ വച്ച് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ അറിയിച്ചപ്പോള്‍ എം.എം. മണി തന്നോട് പറഞ്ഞത് അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കാനാണ്. ഇത്തരത്തില്‍ എം.എം. മണിയും അപമാനിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന് സഹായിക്കുകയാണെങ്കില്‍ തന്റെ സ്വഭാവം മാറുമെന്നും മണി പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം താന്‍ ജില്ലാ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും രാജേന്ദ്രന്റെ കത്തില്‍ പറയുന്നുണ്ട്.
ഒരു ജാതിപ്പേരില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ തന്നെ അനുവദിക്കണമെന്നും എസ്. രാജേന്ദ്രന് കത്തില്‍ ആവശ്യപ്പെടുന്നു. എറ്റവും ഒടുവില്‍ മൂന്നാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് എത്തിയപ്പോള്‍ വേദിയില്‍വെച്ച് തന്റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി തന്നെ മാറ്റി നിര്‍ത്താനുള്ള ശ്രമം നടത്തി. എന്നാല്‍ ഈ സംഭവം ചിത്രീകരിച്ച് സിഡിയായി ഇറക്കിയെന്ന ആരോപണം എസ്. രാജേന്ദ്രന് തള്ളി.
അതേസമയം നിയമസഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവഗണിച്ച് പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനാല്‍ എസ് രാജേന്ദ്രനെ പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി സംസ്ഥാനകമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പരാതിയെത്തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന് അന്വേഷണത്തില്‍ രാജേന്ദ്രന് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത കാണിച്ചില്ല, പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നു, ജാതിയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നോക്കി തുടങ്ങിയവയാണ് അന്വേഷണക്കമ്മീഷന്റെ കണ്ടെത്തല്‍. ഒരു വര്‍ഷത്തേക്ക് രാജേന്ദ്രനെ പുറത്താക്കാനാണ് ജില്ലാ കമ്മിറ്റി സംസ്ഥാനകമ്മിറ്റിയോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. രാജേന്ദ്രനെ പുറത്താക്കണമെന്ന് എം എം മണിയും പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: