ആലപ്പുഴ: വിഭാഗീയതയെ തുടര്‍ന്ന് വെട്ടിനിരത്തല്‍ നടന്ന സിപിഎം ആലപ്പുഴ സൗത്ത്, നോര്‍ത്ത് ഏരിയകളില്‍നിന്ന് സിപിഎം സംസ്ഥാന കമ്മിറ്റിക്ക് പരാതി. ചില നേതാക്കളെ ബോധപൂര്‍വം തോല്‍പ്പിക്കാന്‍ മറുപക്ഷം ശ്രമിച്ചെന്ന പരാതിക്കൊപ്പം ബദല്‍ പാനല്‍, സമ്മേളനത്തില്‍ രഹസ്യമായി വിതരണം ചെയ്ത വെട്ടിനിരത്തേണ്ടവരുടെ പട്ടിക, ക്രമനമ്പറും എന്നിവയും തെളിവായി നല്‍കിയിട്ടുണ്ട്. കമ്മിറ്റി പിടിക്കാന്‍ കൊലക്കേസ് പ്രതികള്‍ അടക്കമുള്ളവരെ പാര്‍ട്ടി അംഗത്വത്തിലേക്ക് കൊണ്ടുവന്നുവെന്ന ആരോപണവും ചില പരാതികളിലുണ്ട്.
ജില്ലയില്‍ വിഭാഗീയതയും ചേരിതിരിവും ഏറ്റവും പ്രകടമായത് ആലപ്പുഴ സൗത്ത്, നോര്‍ത്ത് ഏരിയ സമ്മേളനങ്ങളിലായിരുന്നു. സജി ചെറിയാന് പക്ഷവും പി.പി.ചിത്തരഞ്ജന് പക്ഷവും കമ്മിറ്റികളില്‍ മേധാവിത്തത്തിനായി ബ്രാഞ്ച് തലം മുതല്‍ ശ്രമം നടത്തി. നോര്‍ത്ത് ഏരിയ സജി ചെറിയാന് പക്ഷവും സൗത്ത് ഏരിയ ചിത്തരഞ്ജന് വിഭാഗവും പിടിച്ചെടുത്തു. രണ്ടിടത്തും നിലവിലുള്ള ഏരിയ സെക്രട്ടറിമാര്‍ക്ക് മാറേണ്ടിവന്നു. നോര്‍ത്തിലും പാനലിന് പുറത്തുനിന്ന് മത്സരിച്ചവരെല്ലാം പരാജയപ്പെട്ടു.
സൗത്ത് ഏരിയയില്‍ പാനലിന് പുറത്തുനിന്ന് മത്സരിച്ച സജി ചെറിയാന് പക്ഷക്കാര്‍ തോറ്റു. പാനലിലുണ്ടായിരുന്ന സജി ചെറിയാന് അനുകൂലികളെയും തോല്പിച്ചു. ഇതിനായി തോല്‍പ്പിക്കേണ്ടവരുടെ പട്ടികയും പാനലിലെ ക്രമനമ്പറും അടക്കം രഹസ്യമായി പ്രതിനിധികള്‍ക്ക് നല്‍കിയെന്നാണ് പരാതി. ഇത് തെളിവായി ഉള്‍പ്പെടുത്തിയാണ് പരാതി സമര്‍പ്പിച്ചത്. ജി.സുധാകരന് അനുകൂലമായി അന്വേഷണ കമ്മിഷന് മൊഴി നല്‍കിയതിന്റെ പേരിലാണ് മുല്ലയ്ക്കല് ലോക്കല്‍ സെക്രട്ടറി ജോസ് മാത്യു തോല്പ്പിക്കപ്പെട്ടതെന്നും പരാതിയിലുണ്ട്. നോര്‍ത്ത് ഏരിയയില്‍ നിന്നുള്ള പരാതിയിലും സമാന രീതിയിലുള്ള ആക്ഷേപങ്ങള്‍ തന്നെയാണുള്ളത്.
കൊലക്കേസ് പ്രതികളടക്കമുള്ളവരെ പാര്‍ട്ടി അംഗത്വത്തിലേക്ക് കൊണ്ടുവന്നുവെന്നാണ് നോര്‍ത്ത് ഏരിയയില്‍ നിന്നുയരുന്ന പ്രധാന ആരോപണം. തുമ്പോളി, കൊമ്മാടി, ജില്ലാകോടതി എന്നീ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നാണ് നോര്‍ത്ത് ഏരിയയിലെ പരാതി. സൗത്ത് ഏരിയയില്‍ സമ്മേളന പ്രതിനിധികളും ചില ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമാണ് പരാതിക്കാര്‍. ചിലരെ ബോധപൂര്‍വം തോല്‍പ്പിക്കാന്‍ നടത്തിയ ശ്രമത്തിനെതിരെ പാര്‍ട്ടി അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: