ആറുപതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ സംഘപ്രവര്‍ത്തനത്തില്‍ മൂല്യവത്തായ ഭാഗഭാഗിത്തം വഹിച്ച് സ്മരണീയനായ പച്ചാളം വിജയന്റെ ഇളയ സഹോദരി വസന്തകുമാരി (ലീല)യുടെ ഭര്‍ത്താവ് ജനാര്ദ്ദനന് എന്ന ശശി കഴിഞ്ഞ ഞായറാഴ്ച ഹൃദയസ്തംഭനം മൂലം അന്തരിച്ചു. അവരുടെ ജ്യേഷ്ഠ സഹോദരി എന്റെ സഹധര്‍മിണി കൂടിയാണ്. വസന്തുകുമാരി രാഷ്ട്ര സേവികാ സമിതിയുടെ പാലക്കാട്ടെ പഠനശിബിരത്തില്‍ പരിശീലനം നേടി സമിതി പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. എളമക്കരയിലെ സരസ്വതി വിദ്യാലയം ശിശുമന്ദിരമായി ആരംഭിച്ച കാലത്തു അവിടെയും അധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു. വിവാഹശേഷം രണ്ടുപതിറ്റാണ്ടിലേറെയായി അവര്‍ മരടിലെ ഭര്‍തൃ ഗൃഹത്തിലാണ് താമസം. മഹാനഗര ജില്ലയുടെ കാര്യവാഹ് ആയി ഏതാനും വര്‍ഷം പ്രവര്‍ത്തിച്ച അവരുടെ ജ്യേഷ്ഠന് കൃഷ്ണകുമാര്‍ എന്ന ഉണ്ണി താമസിക്കുന്നതും മരടില്‍ തന്നെ. ഭര്‍ത്താവിന്റെ മരണമറിഞ്ഞ് തൊടുപുഴയില്‍നിന്ന് ഞാന്‍ ജ്യേഷ്ഠസഹോദരി രാജേശ്വരിയോടും മറ്റു കുടുംബാംഗങ്ങളോടുമൊപ്പം മരണാനന്തര കര്‍മങ്ങള്‍ക്കായി അവിടെ (മരടില്‍)യെത്തി. ബന്ധുമിത്രാദികളുടെയും സംഘകാര്യകര്‍ത്താക്കളുടെയും സാന്നിദ്ധ്യത്തില്‍ ശേഷക്രിയാദികള്‍ കഴിഞ്ഞു.
അവരുടെ വാസസ്ഥലത്തിനടുത്ത് കസ്റ്റംസ് വിഭാഗത്തിലെ ഉന്നത പദവികള്‍ വഹിച്ചിരുന്ന രവീന്ദ്രന് എന്ന പഴയ സ്വയംസേവകന് താമസിക്കുന്നുണ്ട്. തൊടുപുഴയിലെ സംഘപ്രവര്‍ത്തനത്തിന്റെ തുടക്കകാലത്ത് അദ്ദേഹവും സഹോദരങ്ങളും ശാഖയില്‍ സജീവമായി. സംഘത്തിന്റെ വിവിധ ചുമതലകള്‍ അവരവരുടെ ജോലിയുടെയും മറ്റും സ്വഭാവമനുസരിച്ച് നിര്‍വഹിച്ചുവന്നു. ആദ്യകാലങ്ങളില്‍ നിരവധി വര്‍ഷങ്ങളോളം പുറമേ നിന്നെത്തുന്ന സംഘാധികാരിമാര്‍ക്ക് ആ വീട് സ്വഭവനം പോലെ കരുതാന്‍ കഴിഞ്ഞു. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡരികിലെ ആ വീടിന്റെ ഔട്ട്ഹൗസിലാണ് ഏതാനും വര്‍ഷം കാര്യാലയം പ്രവര്‍ത്തിച്ചത്. കേരളത്തിലെ ഇന്നത്തെ ഏറ്റവും മുതിര്‍ന്ന പ്രചാരകരില്‍പ്പെട്ട എസ്. സേതുമാധവന് പ്രചാരകനായി ആദ്യമെത്തിയതു തൊടുപുഴയിലായിരുന്നു. അതിനു മുന്‍പ് ഏതാനും മാസം കോയമ്പത്തൂരിനടുത്ത് ഗോപി ചെട്ടിപാളയത്ത് വിസ്താരകനായിരുന്നത് വിസ്മരിക്കുന്നില്ല. പ്രസ്തുത കാര്യാലയത്തില്‍ അദ്ദേഹം കഴിയുന്ന കാലത്താണ് അവിടത്തെ സംഘപ്രവര്‍ത്തനം വളര്‍ന്നു തുടങ്ങിയത്. രവീന്ദ്രനാഥനെന്ന ബാബു നല്ല കാര്യകര്‍ത്താവായി വികസിച്ചതും അക്കാലത്തായിരുന്നു.
മരണവീട്ടില്‍ ഞങ്ങളൊരുമിച്ച് ദീര്‍ഘനേരം പഴയകാര്യങ്ങള്‍ അയവിറക്കുകയുണ്ടായി. തന്റെ സംഘാനുഭവങ്ങളെപ്പറ്റി അദ്ദേഹം പറഞ്ഞത് ശ്രദ്ധേയമായി തോന്നി. അക്കാലത്ത് പ്രാന്തപ്രചാരകന് ദത്താജി ഡിഡോള്ക്കറായിരുന്നു. എറണാകുളം ജില്ലാ പ്രചാരക് പരമേശ്വര്‍ജിയും. സംഘദൃഷ്ട്യാ തൊടുപുഴ താലൂക്ക് എറണാകുളത്തിന്റെ ഭാഗവും. ബാബു പഠിപ്പു കഴിഞ്ഞ് ജോലിക്കപേക്ഷകളയച്ചു നില്ക്കുന്ന കാലം. ദത്താജിയുടെ കാര്യകര്‍തൃ ബൈഠക്കില്‍ ബാബു (രവീന്ദ്രനാഥ്) പങ്കെടുത്തു. ഗുരുദക്ഷിണയുടെ ഭാവനയെപ്പറ്റിയാണ് ദത്താജി വിശദീകരിച്ചുകൊടുത്തത്. പലതരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുമ്പോഴും നമുക്ക് പല ബുദ്ധിമുട്ടുകള്‍ വരും. ആ ബുദ്ധിമുട്ടുകള്‍ നാം അനുഭവിക്കുന്നത് വലിയ ത്യാഗമായിട്ടാണ് പൊതുവേ ആളുകള്‍ കാണുക. അമ്മയ്ക്ക് അസുഖം വരുമ്പോള്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നത് ത്യാഗമായിട്ടല്ല, നമ്മുടെ സഹജമായിട്ടുള്ള കര്‍ത്തവ്യമായതുകൊണ്ടാണ്. അതുപോലെ രാജ്യത്തിനും സംഘത്തിനും വേണ്ടി നാം ചെയ്യുന്നതൊന്നും ത്യാഗമല്ല, കര്‍ത്തവ്യമാണ് എന്നായിരുന്നു ദത്താജി സ്വയംസേവകരെ ധരിപ്പിക്കാന്‍ ശ്രമിച്ചത്.
അങ്ങനെയിരിക്കെ കസ്റ്റംസ് വകുപ്പിലേക്ക് ഇന്‍സ്പെക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിന്റെ പരീക്ഷയെഴുതാന്‍ ബാബുവിന് വെല്ലിങ്ടണ്‍ ദ്വീപില്‍ പോകേണ്ടതുണ്ടായിരുന്നു. എംജി റോഡില്‍ പത്മ ജംഗ്ഷനു സമീപമുള്ള മാധവ നിവാസ് കാര്യാലയത്തില്‍ തലേന്നെത്തി. പരമേശ്വര്‍ജി അവിടെ താമസിക്കാന്‍ ആവശ്യപ്പെട്ടു. പരീക്ഷയ്ക്കു തയാറായി വന്നതില്‍ സന്തോഷം പറഞ്ഞു. കേന്ദ്ര വകുപ്പായതിനാല്‍ കൃത്രിമമുണ്ടാവില്ല എന്നാശ്വസിപ്പിച്ചു. പരീക്ഷ കഴിഞ്ഞു. എഴുത്തുപരീക്ഷ കടന്നു കിട്ടിയവര്‍ക്കായിരുന്നു അത്. വാചാ പരീക്ഷയില്‍ കസ്റ്റംസ് ജോലിയിലെ പ്രയാസങ്ങളും, പ്രായോഗികമായ ആപത്തുകളും സമ്മര്‍ദ്ദങ്ങളും ശാരീരികമായ ഭീഷണികളും പ്രലോഭനങ്ങളും എങ്ങനെയാവും നിങ്ങള്‍ നേരിടുകയെന്ന പരീക്ഷകന്റെ ചോദ്യത്തിന് ഏതു ത്യാഗവും (സാക്രിഫൈസ്) നേരിടാന്‍ തയാറാണ് എന്നാണ് മിക്കവാറും പേര് പറഞ്ഞത്. അപ്പോള്‍ തനിക്ക് ദത്താജിയുടെ ബൈഠക് മനസ്സില്‍ വന്നുവെന്നും ‘ഐ വില്‍ ഡു ഇറ്റ് ബിക്കോസ് ഇറ്റ് ഇസ് മൈ ഡ്യൂട്ടി സര്’ എ ന്നു മറുപടി നല്കി. ആ മറുപടിയാണ് തനിക്കു ഒന്നാം സ്ഥാനത്ത് തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹത കിട്ടിയത് എന്ന് ബാബു അനുസ്മരിച്ചു. തൊടുപുഴയിലെ അദ്ദേഹത്തിന്റെ വീട് ഇപ്പോള്‍ പലരുടെയും കൈവശത്തിലായി. പഴയകാലത്തെതുപോലെയുള്ള ഒരു വീട് ഇന്നില്ല എന്നത് നഷ്ടബോധം ഉണ്ടാക്കുന്നു.
ജന്മഭൂമിയാണ് ഫോട്ടോ ടൈപ്പ് സെറ്റിങ് ഉപയോഗിച്ച ആദ്യ മലയാള പത്രം. അതിനുള്ള യന്ത്രസാമഗ്രികള്‍ എയര്‍ കാര്‍ഗോ ആയി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് ഒരു കത്തയച്ചിരുന്നു. അതുമൂലം ‘പതിവ്’ ബുദ്ധിമുട്ടുകള്‍ കൂടാതെ അതിന്റെ പെട്ടികള്‍ വിട്ടുകിട്ടാന്‍ കഴിഞ്ഞു. അയോധ്യാ പ്രിന്റേഴ്സ് ഇപ്പോഴും ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഫോട്ടോ ടൈപ്പ് സെറ്റിങ് ഇന്നു പഴഞ്ചനായതും ഡിടിപിയും മറ്റും വന്നതും സംസാരിക്കാന്‍ അവസരമുപയോഗിക്കപ്പെട്ടു.
ഈ സംഭവം മറ്റൊരു സമാനസംഗതിയിലേക്കു ചിന്തയെ നയിച്ചു. കണ്ണൂരില്‍ ഞാന്‍ പ്രചാരകനായിരുന്ന കാലത്തു പള്ളിക്കുന്ന് എന്ന സ്ഥലത്തെ ശാഖയിലെ ഒരു സ്വയംസേവകന് തന്റെ അനുഭവം വിവരിച്ചതോര്മയില് വന്നു. അയാള്‍ ആന്തമാന്‍ നിക്കോബാര്‍ സ്റ്റേറ്റിലെ പോലീസില്‍ ജോലി ചെയ്യുകയായിരുന്നു. എങ്ങനെ സെലക്ഷന് കിട്ടിയെന്ന ചോദ്യത്തിനു പറഞ്ഞ മറുപടി രസകരമാണ്. റിക്രൂട്ട്മെന്റിനു പോയപ്പോള്‍ പരേഡിലും മറ്റും സംഘത്തിലെ ഗണ സമത സഹായകമായി. അന്ന് ജാക്ക് ബൂട്ടും ഗട്ടിസും പട്ടിസുമായിരുന്നു സംഘത്തിന്റെ പദവേഷം. റിക്രൂട്ട്മെന്റ് പരേഡില്‍ ഈ സാധനങ്ങള്‍ കൊടുത്ത് ധരിക്കാനാവശ്യപ്പെട്ടു. ഉദ്യോഗസ്ഥന് താന്‍ പദവേഷം ധരിച്ചത് കാണാന്‍ മൂന്നു മിനിട്ട് സമയം കൊടുത്തു. ശാഖയിലെ പരിചയം വച്ച് നമ്മുടെ സ്വയംസേവകന് അതു ഭംഗിയായി ധരിച്ചു; നിക്കറും ഷര്‍ട്ടുമൊക്കെയിട്ട് റെഡിയായി ഒന്നാംസ്ഥാനത്തു വരികയും ചെയ്തു. ആന്തമാനില്‍ അഞ്ച് വര്‍ഷം തികച്ചാല്‍ അവിടെ സ്ഥലവും വീടും മറ്റു സൗകര്യങ്ങളും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
ഇനി മറ്റൊരു റിക്രൂട്ടുമെന്റിന്റെ കഥയും കേള്‍ക്കാം. നമ്മുടെ ഒരു മഹാനഗരത്തിലെ ഘോഷ് പ്രമുഖന്റെ കഥയാണ്. ജില്ലാ പോലീസിന്റെ ബാന്‍ഡ് മാസ്റ്റര്‍ക്കുപോലും കൊതിവരുന്ന രീതിയിലായിരുന്നു അദ്ദേഹം ഘോഷിനെ നയിച്ചത്. സംസ്ഥാന പോലീസ് ബാന്‍ഡിലേക്കു റിക്രൂട്ട്മെന്റു വന്നപ്പോള്‍ പല പോലീസുകാരുടെയും കുടുംബാംഗങ്ങളുടെയും സംഘകാര്യകര്‍ത്താക്കളുടെയും അഭിപ്രായപ്രകാരം അയാള്‍ പോയി. പങ്കെടുത്തു അവരുടെ എല്ലാ പരീക്ഷയിലും മികച്ച രീതിയില്‍ കടന്നുവന്നു. റാങ്ക് ലിസ്റ്റും ഗസറ്റില്‍ വന്നു. നടപടികള്‍ക്കിടെ തെരഞ്ഞെടുപ്പു വന്നു. വിപ്ലവ പാര്‍ട്ടി അധികാരത്തിലേറി. എല്ലാ റാങ്ക് ലിസ്റ്റുകളും തടഞ്ഞുവയ്ക്കപ്പെട്ടു. നിയമന ഉത്തരവ് പ്രതീക്ഷിച്ചിരുന്നവര്‍ വിപ്ലവപാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയെ സമീപിച്ചു മാമൂല് അടച്ചു അടുത്ത നടപടിക്ക് കാത്തു. ലിസ്റ്റ് എകെജി സെന്ററില്‍ പരിശോധന കഴിഞ്ഞേ പാസ്സാകൂ എന്നറിവായി. ജില്ലാ സെക്രട്ടറി ശിപാര്‍ശ ചെയ്തിട്ടുണ്ട് എന്നു അറിയിച്ചപ്പോള്‍, ഇക്കാര്യമൊക്കെ നോക്കുന്നതു സഖാവാണ്. സഖാവ് നിങ്ങളുടെ പേര് അംഗീകരിച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. യോഗ്യതയുടെ മാനദണ്ഡങ്ങള്‍ അവഗണിക്കപ്പെടുന്നതിനെക്കുറിച്ച് ബാബു സംസാരിച്ചു. അഞ്ചാറു പതിറ്റാണ്ടു മുന്‍പത്തെ സഹപ്രവര്‍ത്തകനെ കാണാനും, ഏതാനും സമയം ഒരുമിച്ച് ചെലവഴിക്കാനും കഴിഞ്ഞുവെന്നത് സന്തോഷകരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: