ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. മൂന്നു പേർ സംഭവ സ്ഥലത്തും രണ്ടു പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. എട്ടുവയസുള്ള ഒരു കുട്ടി അടക്കം പത്തോളംപേര്‍ക്ക് പരിക്കേറ്റു. ശ്രീവല്ലിപുത്തുരിലെ ആര്.കെ.വി.എം. പടക്കനിര്‍മാണ ശാലയില്‍ ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സ്ഫോടനമുണ്ടായത്.
നൂറിലധികം പേർ ജോലി ചെയ്യുന്ന പടക്ക നിർമാണശാലയുടെ കെമിക്കൽ ബ്ലൻഡിംഗ് വിഭാഗത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 20 പേരോളം ഈ ഭാഗത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു. എസ്. കുമാര്‍ (38), പി. പെരിയസ്വാമി (40), എസ്. വീരകുമാര്‍ (40), പി. മുരുഗേശന്‍ (38) എന്നിവരാണ് മരിച്ചത്. അഞ്ചാമത്തെ ആളുടെ പേര് ലഭ്യാമായിട്ടില്ല. ക്രിസ്മസ് പ്രമാണിച്ച് വൻ തോതിൽ പടക്കം ഇവിടെ സൂക്ഷിച്ചിരുന്നു. ഫയര്‍ഫോഴ്സും പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പൂജ നടത്താനായാണ് ജോലിക്കാര്‍ പടക്ക നിര്‍മാണ യൂണിറ്റിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
അപകടത്തില്‍ പരിക്കേറ്റ തൊഴിലാളികളിലൊരാളായ ഗോപാലകൃഷ്ണന് പൂജക്കായി മകനേയും ഒപ്പം കൂട്ടിയിരുന്നു. എന്നാല്‍ അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സ്ഫോടനത്തിൽ പടക്കശാല പൂർണമായും തകർന്നു. ശിവകാശി മേട്ടുപ്പടി സ്വദേശി മുരുകന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: