ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് അഴിമതി നല്ല തോതില്‍ കുറഞ്ഞുവെന്ന് സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ബിമല്‍ ജലാല്‍. 1997 മുതല്‍ 2003 വരെയുള്ള കാലഘട്ടത്തില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന ബിമല്‍ ജലാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് കൂടുതലായി അധികാരത്തിലിരുന്നത്.
‘ഇന്ത്യ റെക്കനിങ്: റിവാര്‍ഡ്സ് ആന്റ് ഡിസ്കണ്ടന്റ്സ് ഓഫ് ഡെമോക്രസി’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അഴിമതിയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ഉത്തരം പറയവേയാണ് അദ്ദേഹം മോദി സര്‍ക്കാരിനെ അഭിനന്ദിച്ചത്. അഴിമതി എങ്ങിനെ കുറയ്ക്കാമെന്ന ചോദ്യം ഉന്നയിച്ചത് പത്രപ്രവര്‍ത്തകനായ സഞ്ജീവ് ശങ്കരനാണ്.’ അഴിമതി വേര്‍പെടുത്താനാവാത്ത വിധം അടിയുറച്ച സംഭവങ്ങള്‍ നടക്കുന്ന ഈ കാലത്ത് അത് കുറയ്ക്കാനുള്ള മികച്ച വഴി എന്താണ്’- ഇതായിരുന്നു സഞ്ജീവ് ശങ്കരന്റെ ചോദ്യം.
‘ഭൂരിപക്ഷമുള്ള ഒരു ജനാധിപത്യ സര്‍ക്കാരിന്റെ കാര്യത്തില്‍ അത് കുറവായിരിക്കും. കാരണം ഭൂരിപക്ഷമുണ്ടെങ്കില്‍ ഒരു സര്‍ക്കാരിന് അവര്‍ നടപ്പാനുദ്ദേശിക്കുന്ന ഏത് നയവും എളുപ്പത്തില്‍ പ്രഖ്യാപിക്കാം. ഭൂരിപക്ഷമില്ലെങ്കില്‍ അഴിമതി കൂടുതല്‍ ശക്തമായിരിക്കും. വിവിധ പാര്‍ട്ടികള്‍ക്ക് ഒരളവു വരെ അഴിമതി നടത്താം.’- ചോദ്യത്തിന് മറുപടിയായി ബിമല്‍ ജലാന്‍ പറഞ്ഞു.
‘അതുകൊണ്ട് നയപരമായ തീരുമാനങ്ങള്‍ എപ്പോഴും പൊതുജനങ്ങളുടെ മുന്നില്‍ പ്രഖ്യാപിക്കുന്നതാണ് നല്ല മാര്‍ഗ്ഗം. ഈ നയം പ്രഖ്യാപിക്കാനുള്ള കാരണങ്ങളെക്കുറിച്ചും പറയാം. ഏത് നയങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടത് എന്നത് സംബന്ധിച്ച് തുറന്ന പൊതുചര്‍ച്ചകള്‍ ഉണ്ടാകണം. ഇപ്പോഴത്തെ സര്‍ക്കാരില്‍ നയരൂപീകരണത്തിന്റെ കാര്യത്തില്‍ അഴിമതി നന്നേ കുറവാണ്.’- മോദി സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് ബിമല്‍ ജലാന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: