കൊല്ലം: വിമര്‍ശകരെ കൊവിഡ് മാനദണ്ഡത്തിന്റെ പേരില്‍ ഒഴിവാക്കി മാരകമായ ആരോപണങ്ങളുടെ മുനയൊടിക്കാനൊരുങ്ങി സിപിഎം ജില്ലാനേതൃത്വം. നാളെമുതല്‍ കൊട്ടാരക്കരയിലാണ് ത്രിദിന ജില്ലാ സമ്മേളനം. തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി അടക്കം സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയാകാന്‍ സാധ്യതയുള്ള എല്ലാ ആരോപണങ്ങളും പൂഴ്ത്തിവയ്ക്കാന്‍ എല്ലാവഴികളും തേടുകയാണ് ജില്ലാനേതൃത്വം.
ജില്ലാ സമ്മേളന പ്രതിനിധികളെ പാര്‍ട്ടി സംസ്ഥാനനേതൃത്വം ആഴ്ചകള്‍ക്ക് മുന്‍പേ നിശ്ചയിച്ചു. വിമര്‍ശകരെ സൂക്ഷ്മപരിശോധന നടത്തി പ്രതിനിധികളെ പകുതിയില്‍ താഴെയാക്കി കുറച്ചു. ഇതിന് പാര്‍ട്ടി നേതൃത്വം നല്കുന്ന വിശദീകരണം കൊവിഡ് നിയന്ത്രണമാണ്. ഇരുപത് മുതല്‍ മുപ്പത് പ്രതിനിധികള്‍ വരെ മുന്‍പ് പങ്കെടുത്തിരുന്ന ഓരോ ഏരിയാ കമ്മിറ്റികളില്‍ നിന്നും ഇക്കുറി ഒന്‍പതും പത്തും പ്രതിനിധികള്‍ മാത്രമാണുള്ളത്. ഏരിയാ സെന്ററില്‍ നിന്നും നാലും വര്‍ഗ്ഗ ബഹുജന സംഘടനകളില്‍ നിന്നും സൂക്ഷ്മപരിശോധനയിലൂടെ ഓരോ പ്രതിനിധികളുമാകും ഇത്തവണ പങ്കെടുക്കുന്നത്.
കെ.എന്‍. ബാലഗോപാലിനെ തോല്‍പ്പിക്കാന്‍ ഇരവിപുരം എംഎല്‍എ എം. നൗഷാദ് ശക്തമായ അടിപ്പണി നടത്തിയതിന്റെ ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഇരുന്നതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം സംസ്ഥാന തലത്തില്‍ നിന്നും ഇടപെട്ട് വിട്ടുവീഴ്ചകള്‍ക്കും വാഗ്ദാനങ്ങള്‍ക്കും വഴിതുറന്ന് ഈ ആരോപണം ഒത്തുതീര്‍ത്തു. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ഇരുപതിലധികം പ്രതിനിധികള്‍ പങ്കെടുത്ത കുന്നത്തൂരില്‍ നിന്നും ഇക്കുറി ഒമ്പത് പ്രതിനിധികള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുവാദം. ഓച്ചിറ വരെ വ്യാപിച്ചുകിടക്കുന്ന ശൂരനാട് ഏരിയായില്‍ നിന്നും 12 പേര് മാത്രമാണ് പ്രതിനിധികള്‍. പാര്‍ട്ടിയിലെ വിവാദ പുരുഷനായ പി.ആര് വസന്തന് താമസിക്കുന്ന പ്രദേശം കൂടിയാണ് ശൂരനാട് ഏരിയാ കമ്മിറ്റി.
ജില്ലയിലെ 18 ഏരിയാ കമ്മിറ്റികളിലും ഇതാണ് സ്ഥിതി. ഇതോടെ വിമത ശബ്ദങ്ങളുടെ വായടയ്ക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. എന്നാല്‍ ഗുരുതരമായ മറ്റ് ചില ആരോപണങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. കുണ്ടറയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയാ ണ് അതിന് പ്രധാനം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ജെ. മേഴ്സിക്കുട്ടിയമ്മ പാര്‍ട്ടിക്ക് നല്കിയ നാലുലക്ഷം രൂപ കാണാതായത് സമ്മേളനത്തെ കലുഷിതമാക്കിയേക്കും. കുണ്ടറ ഏരിയാ സെക്രട്ടറിയായ എസ്.എല്‍. സജികുമാറാണ് ഇക്കാര്യത്തില്‍ മുള്‍മുനയിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക മന്ത്രിയാണ് മേഴ്സിക്കുട്ടിയമ്മ. ഇതിനുത്തരവാദി ഏരിയാ സെക്രട്ടറി സജികുമാറാണന്ന് മേഴ്സിക്കുട്ടിയമ്മ പരസ്യമായി ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് പുല്ലുവില നല്കി സജികുമാറിനെ വീണ്ടും സെക്രട്ടറിയാക്കി. തട്ടിയെടുത്ത പാര്‍ട്ടി ഫണ്ടായ നാല് ലക്ഷം രൂപ എങ്ങോട്ട് പോയെന്ന് ഇതുവരെ കണ്ടെത്താനുമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: