ന്യൂദല്‍ഹി: ഓള് ഇന്ത്യ മജ്ലിസ് ഇത്തെഹാദുള്‍ മുസ്ലിമീന് (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ വര്‍ഗ്ഗീയവിഷം തുപ്പുന്ന, മുസ്ലിങ്ങളെ കലാപത്തിനാഹ്വാനം ചെയ്യുന്ന പ്രസംഗത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ രണ്ടാഴ്ച മുന്‍പ് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം യുപി പൊലീസിനെയാണ് താക്കീത് ചെയ്യുന്നത്: ‘മുസ്ലിങ്ങള്‍ക്കെതിരായ അതിക്രം പൊലീസ് നിര്‍ത്തണം’. ഇതായിരുന്നു ഒവൈസിയുടെ പച്ചയ്ക്കുള്ള ആഹ്വാനം.
‘മോദിയും യോഗിയും എപ്പോഴും അധികാരത്തിലുണ്ടാവില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. കാര്യങ്ങള്‍ മാറിയാല്‍ ആരാണ് നിങ്ങളെ രക്ഷിയ്ക്കുക? യോഗി അദ്ദേഹത്തിന്റെ ഗോരഖ്പൂരിലെ മഠത്തില്‍ പോകും, മോദി രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച ശേഷം ഏതെങ്കിലും മലമുകളിലേക്ക് പോകും. ഇന്ന് ഞങ്ങള്‍ മുസ്ലിങ്ങള്‍ അങ്ങേയറ്റം സമ്മര്‍ദ്ദത്തിലാണ് ജീവിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ നിങ്ങളുടെ അതിക്രമങ്ങള്‍ മറക്കാന്‍ പോകുന്നില്ല. നിങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങള്‍ ഓര്‍ക്കും. അള്ളാ അവന്റെ ശക്തിയാല്‍ നിങ്ങളെ നശിപ്പിക്കും,’- ഇങ്ങിനെ പോകുന്നു ഒവൈസിയുടെ വിദ്വേഷപ്രസംഗം.
നിരവധി ബിജെപി നേതാക്കള്‍ ഒവൈസിയുടെ ഈ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതോടെ പ്രസംഗം വൈറലായി. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഭീഷണിപ്പെടുത്തുന്ന ഈ പ്രസംഗം നിരോധിക്കണമെന്നാണ് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനും യുപി സര്‍ക്കാരും ഒവൈസിക്കെതിരെ നടപടിയെടുക്കണമെന്നും ഗൗരവ് ഭാട്ടിയ ആവശ്യപ്പെടുന്നു.
ഒവൈസി ഇന്ത്യയെ അഫ്ഗാനിസ്ഥാനായി കാണരുതെന്ന് ബിജെപിയുടെ മുസ്ലിം നേതാവായ മൊഹ്സിന്‍ റാസ പറഞ്ഞു. ‘ഇവിടെ താലിബാന് ഭരണമല്ല. ഇത്തരത്തിലുള്ള വിദ്വേഷപ്രസംഗം ഒവൈസി ഒഴിവാക്കണം,’ മൊഹ്സിന്‍ റാസ താക്കീത് ചെയ്യുന്നു. ഒവൈസിയെ മുഹമ്മദലി ജിന്നയുമായാണ് വിശ്വഹിന്ദുപരിഷത്ത് നേതാവ് വിനോദ് ബന്‍സാല്‍ താരതമ്യം ചെയ്തത്.
എന്നാല്‍ താന്‍ വിദ്വേഷപ്രസംഗം നടത്തിയെന്ന് അംഗീകരിക്കാന്‍ ഒവൈസി തയ്യാറല്ല. ‘ഞാന്‍ കലാപത്തിനാഹ്വാനം ചെയ്യുകയോ ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ ചെയ്തില്ല. കാണ്‍പൂരിലെ പൊലീസ് അതിക്രമത്തെക്കുറിച്ചാണഅ പറഞ്ഞത്. മോദിയും യോഗിയും ഉള്ളതിനാല്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാമെന്ന് ധരിക്കുന്ന പൊലീസുകാര്‍ക്കെതിരെയാണ് ഞാന്‍ അഭിസംബോധന ചെയ്തത്. ഞങ്ങളുടെ നിശ്ശബ്ദത അംഗീകാരമായി കാണരുത്. മോദിയും യോഗിയും വിരമിച്ചാല്‍ ആരാണ് പൊലീസുകാരെ രക്ഷിക്കാന്‍ എത്തുക എന്നേ ഞാന്‍ ചോദിച്ചുള്ളൂ,’ -ഒവൈസി ന്യായീകരിക്കുന്നു.
ഒവൈസി പ്രസംഗത്തില്‍ സൂചിപ്പിക്കുന്ന കാണ്‍പൂര്‍ സംഭവം ഇതാണ്. കാണ്‍പൂരിലെ ദെഹാത്തിലാണ് മുഹമ്മദ് റഫീക്കിന്റെ കേസ് ഉണ്ടായത്. മുഹമ്മദ് റഫീഖിന്റെ താടി പിടിച്ചുവലിച്ചുവെന്നും അദ്ദേഹത്തെ ആക്രമിച്ചവര്‍ മുഖത്ത് മൂത്രമൊഴിച്ചെന്നുമാണ് പരാതി. കാണ്‍പൂര്‍ പൊലീസിനെതിരെ ഈയൊരു പരാതി ഉന്നയിച്ചത് റഫീഖ് അലിയുടെ മരുമകളാണ്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്. റഫീഖ് അലി മൂന്നോ നാലോ പേര് ചേര്‍ന്ന് എത്തി റസൂലാബാദിലെ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള പൊലീസുകാരനെ ആക്രമിക്കുന്നു. ഒരു പൊലീസ് സംഘം അധികം വൈകാതെ റഫീക് അലിയുടെ വീട്ടില്‍ എത്തുന്നു. ഈ പൊലീസുകാര്‍ക്കെതിരെ റഫീഖ് അലിയുടെ മരുമകള്‍ അതിക്രമം നടത്തിയെന്ന് ആരോപണം ഉന്നയിച്ചു. അധികം വൈകാതെ റഫീഖ് അലിയുടെ കുടുംബം അവിടെ നിന്നും അപ്രത്യക്ഷമായി. പൊലീസ് ഇന്‍സ്പെക്ടര്‍ക്കെതിരെ ഏപ്രില്‍ 21ന് കേസെടുത്തു. എന്നാല്‍ ഒവൈസി ആരോപിക്കുന്നത് റഫീഖ് അലിയുടെ താടി പിടിച്ചുവലിച്ചെന്നും മുഖത്ത് മൂത്രമൊഴിച്ചെന്നുമാണ്. ഇതില്‍ എത്രത്തോളം സത്യമുണ്ട്?
മാത്രമല്ല, സത്യമല്ലാത്ത ഒരു സംഭവം ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലെ പൊലീസ് മുഴുവന്‍ മുസ്ലിങ്ങള്‍ക്കെതിരാണ് എന്ന് പറയുന്ന ഒവൈസിയുടെ ആരോപണത്തില്‍ കഴമ്പില്ല. ഇത്തരം വര്‍ഗ്ഗീയവിദ്വേഷപ്രസംഗത്തിലൂടെ ഒവൈസിക്ക് രാഷ്ട്രീയ നേട്ടമുണ്ടായേക്കാം. എന്നാല്‍ ഇത് ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനത്തിന്റെ പ്രതിച്ഛായയാണ് തകര്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: