ബെംഗളൂരു: 2008ലെ ബംഗളൂരു സ്ഫോടന പരമ്പര കേസില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവ് അബ്ദുള്‍ നാസിര്‍ മഅ്ദനിക്കും ടി നസീറിനും എതിരെ തെളിവ് നല്‍കിയതിന്റെ പേരില്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തിയ കേസില്‍ യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു മലയാളി മാധ്യമപ്രവര്‍ത്തകയും മറ്റ് രണ്ടു പേരും സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ഇവര്‍ക്ക് ഇളവുകള്‍ നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
കൊച്ചിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കെ.കെ.ഷാഹിന, കാസര്‍കോട് സ്വദേശി സുബൈര്‍ പടുപ്പ്, മടിക്കേരി താലൂക്ക് യലവിദഹള്ളി സ്വദേശി ഉമ്മര്‍ മൗലവി എന്നിവര്‍ പ്രോസിക്യൂഷന് അനുവദിച്ചതില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്.
2010 നവംബര്‍ 16ന് ഇന്നോവ കാറിലെത്തിയ ഷാഹിനയും കൂട്ടാളികളും മഅ്ദനിക്കെതിരെ തെളിവ് നല്കിയാല് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന സോംവാര്‍പേട്ട താലൂക്കിലെ കെ.ബി.റഫീഖിന്റെയും യോഗാനന്ദിന്റെയും പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കേസുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 2018 ഫെബ്രുവരിയില്‍ ഇവര്‍ സമര്‍പ്പിച്ച ഹര്‍ജി മടിക്കേരി പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി നിരസിച്ചിരുന്നു.
പുതുതായി കുറ്റാരോപിതര്‍ സമര്‍പ്പിച്ച ഹര്‍ജി പ്രോസിക്യൂഷന് ആശ്രയിച്ച രേഖകളും മറ്റ് സാഹചര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ആര് സുബ്രഹ്മണ്യ കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസ് എന്‍.കെ. സുധീന്ദ്രറാവു ആണ് ഹര്‍ജികള്‍ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: