തിരുവല്ല: തുടര്‍ച്ചയായ മൂന്ന് വെള്ളപ്പൊക്കങ്ങളെ തുടര്‍ന്ന് അപ്പര്‍കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറംബണ്ടുകള്‍ ബലക്ഷയത്തില്‍. അതി തീവ്രമഴയെ തുടര്‍ന്ന് പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കല്‍ ജോലികള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളു. വിരലില്‍ എണ്ണാവുന്ന പാടശേഖരങ്ങളില്‍ മാത്രമാണ് വിതയ്ക്കാനായത്. വേലിയേറ്റം ഉള്ളതിനാല്‍ പാടശേഖരത്തിലെ വെള്ളം വറ്റിയ്ക്കല്‍ ശ്രമകരാണ്. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ പല പുറം ബണ്ടുകളും തകര്‍ന്നിരുന്നു. മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് അടിക്കുമ്പോള്‍ ഈ ബണ്ടുകള്‍ക്ക് നാശം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.
ദീര്‍ഘനാളായിട്ടുള്ള കര്‍ഷകരുടെ ആവശ്യമാണ് പുറംബണ്ടുകള്‍ ബലപ്പെടുത്തല്‍. 2018-ലെ മഹാപ്രളയത്തില്‍ പുറംബണ്ടുകള്‍ക്ക് സര്‍വ്വനാശമായിരുന്നു. എന്നാല്‍ ഇവ നന്നാക്കാന്‍ യാതൊരു സഹായവും കിട്ടിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഈ വര്‍ഷം തുടര്‍ച്ചയായി മൂന്ന് വെള്ളപ്പൊക്കത്തിനാണ് അപ്പര്‍കുട്ടനാട് ഇരയായത്. ഇതോടെ അവശേഷിച്ച ബണ്ടുകളുടെ അവസ്ഥയും പരിതാപകരമായി. കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍ പ്രതീക്ഷയിലായിരുന്നു.എന്നാല്‍ പുറംബണ്ട് ബലപ്പെടുത്താന്‍ അപ്പര്‍കുട്ടനാടിന് യാതൊരു സഹായവും കിട്ടിയില്ല.
പുറംബണ്ടുകളുടെ സമാന അവസ്ഥയാണ് തോടുകള്‍ക്കും. തോടുകളുടെ ആഴം കൂട്ടുകയോ വീതി കൂട്ടുകയോ ചെയ്യുന്നില്ല. ഇത് മൂലം തോട്ടില്‍ നിന്ന് വെള്ളം പാടശേഖത്തിലേക്ക് കയറ്റാനും ഇറക്കാനും പാടുപെടുകയാണ്.തുടര്‍ച്ചയായ വെള്ളപ്പൊക്കം മൂലം കൃഷി താളം തെറ്റിയതോടെ ഇത്തവണ വിതയ്ക്കാന്‍ ഒട്ടുമിക്ക കര്‍ഷകര്‍ക്കും താല്പര്യമില്ല. ഇതിന് പ്രധാന കാരണം അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥയാണ്. കൃഷി ചെയ്യിപ്പിക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിക്കുന്ന കൃഷിവകുപ്പ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ മൗനത്തിലാണ്. മൈനര്‍ ഇറിഗേഷന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് പറയുന്നതല്ലാതെ നടപടിയില്ല. മുന്‍ വര്‍ഷത്തെ വിളനാശത്തിന്റെ നഷ്ടപരിഹാരം, ഉല്പാദന ബോണസ്, ആര്കെകെവൈ സഹായം തുടങ്ങിയവ തടഞ്ഞ് വച്ചിരിക്കുന്ന കൃഷിവകുപ്പ് അധികൃതരുടെ നടപടിയിലും കര്‍ഷക രോഷം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: