സെഞ്ചൂറിയന്‍: ആദ്യം തകര്‍ന്നു, പിന്നീട് തകര്‍ത്തു. അടിക്ക് തിരിച്ചടിയെന്ന മട്ടില്‍ പേസ് ബൗളര്‍മാര്‍ പൂരപ്പറമ്പാക്കിയ സെഞ്ചൂറിയനില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ദക്ഷിണാഫ്രിക്കയെ 197 റണ്‍സിന് പുറത്താക്കിയതോടെ ഇന്ത്യക്ക് 130 റണ്‍സിന്റെ ആദ്യ ഇന്നിങ്സ് ലീഡ്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സില്‍. ആകെ ലീഡ് 146 ആയി.
മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിനയായത്. 60 റണ്‍സിനിടെ ഏഴ് വിക്കറ്റുകള്‍ വീണ് 327 റണ്‍സിലേക്ക് ഒതുങ്ങിയ ഇന്ത്യ ബൗളര്‍മാരിലൂടെ തിരിച്ചടിക്കുകയായിരുന്നു. ഇന്നലെ കൂറ്റന്‍ സ്കോര്‍ മുന്നില്‍ കണ്ടാണ് ഇന്ത്യ കളി തുടങ്ങിയത്. എന്നാല്‍ മധ്യനരയില്‍ രഹാനെക്കൊഴികെ മറ്റാര്‍ക്കും പിടിച്ചു നില്ക്കാനായില്ല. അവസാന അഞ്ച് പേര് പൊരുതാതെ കളി അവസാനിച്ചതോടെ ഇന്ത്യ ആദ്യ സെഷനില്‍ തന്നെ പുറത്ത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്കും അമ്പേ പാളി. ആദ്യ നാല് വിക്കറ്റുകള്‍ 15 ഓവറിനുള്ളില്‍ വീണു. അര്‍ധ സെഞ്ചുറിയോടെ ടെമ്പാ ബാവുമ്മയാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത്. ക്വിന്റണ്‍ ഡിക്കോക്കിനൊപ്പം (34) ബാവുമ്മ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. ഒടുവില്‍ മുഹമ്മദ് ഷാമിയുടെ പന്തില്‍ 52 റണ്‍സിന് പുറത്താകുമ്പോള്‍ സ്കോര്‍ 150ന് അടുത്തെത്തി.
മാര്‍ക്കോ ജെന്‍സണും കഗീസോ റബാഡയും വീണ്ടും പൊരുതി നിന്നതോടെ സ്കോര്‍ മുന്നോട്ട് നീങ്ങി. റബാഡ 25 റണ്‍സ് എടുത്ത് പുറത്തായി. ജെന്സണ് 19 റണ്‍സ് എടുത്തു. മുന്‍ നിരയില്‍ നായകന് ഡീന്‍ എല്‍ഗാര്‍ (ഒന്ന്), എയ്ഡന്‍ മാര്‍ക്രം (13), കീഗന്‍ പീറ്റര്‍സണ്‍ (15), റാസി വാന്‍ ഡെര്‍ ഡൂസണ്‍ (മൂന്ന്) എന്നിവര്‍ തുടക്കത്തിലെ പുറത്താവുകയായിരുന്നു. പരിക്ക് മൂലം ഇടയ്ക്ക് കളം വിട്ട ബുംറ അവസാന നിമിഷം തിരിച്ചെത്തി വാലറ്റത്തെ ചുരുട്ടികെട്ടിയതോടെ ദക്ഷിണാഫ്രിക്ക തരിപ്പണമായി. ബുംറയും ഷാര്‍ദുല്‍ ഠാക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: