പത്തനാപുരം: കൊവിഡിനെതിരെ ആയുര്‍വേദ മരുന്നിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ക്ഷീര കര്‍ഷകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് റദ്ദാക്കിയ കോടതി ഇത്തരം കേസുകള്‍ ചുമത്തുന്നത് പോലീസിന് വേറേ പണിയില്ലാഞ്ഞിട്ടാണോയെന്നും ചോദിച്ചു.
പട്ടാഴി സ്വദേശിയും യുവ സംരഭകനുമായ ശ്യാം കുമാര്‍ നല്കിയ ഹര്‍ജിയിലാണ് കുന്നിക്കോട് പോലീസിനെതിരെ ഹൈക്കോടതി ജഡ്ജി ഹരിപാലിന്റെ രൂക്ഷ വിമര്‍ശനം. 2020 മാര്‍ച്ച് 22 നായിരുന്നു ശ്യാകുമാറിനെതിരെ കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലടക്കം വ്യാജഡോക്ടര്‍ പിടിയില്‍ എന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതോടെ വലിയ മാനഹാനിയാണ് ശ്യാമിനു നേരിടേണ്ടി വന്നത്.
മരുന്നിന്റെ ഗുണദോഷങ്ങളെ കുറിച്ചാണ് ശ്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതെന്നും ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും കോടതി ചൂണ്ടികാട്ടി. പോലീസ് പിടിച്ചെടുത്ത ശ്യാമിന്റെ മൊബൈല്‍ ഫോണ്‍ ഇതുവരെയും തിരിച്ച് കിട്ടിയിട്ടില്ല. ഹൈക്കോടതി അഭിഭാഷകനായ ആര്. പത്മകുമാറാണ് ശ്യാംകുമാറിനായി ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: