പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വിതരണം ചെയ്യുന്ന പ്രസാദത്തില്‍ മായം കലര്‍ന്നതാണെന്ന് പരാതി ഉയരുന്നു. ഭക്തജനങ്ങള്‍ വഴിപാട് നടത്തുമ്പോള്‍ പഴകിയതും, മായം കലര്‍ന്നതുമായ സാധനങ്ങളാണ് പ്രസാദമായി ലഭിക്കുന്നതെന്നും ഗണപതിഹോമവും പായസവഴിപാടും നടത്തുന്നവര്‍ക്ക് പഴകിയ ശര്‍ക്കര കൊണ്ടുള്ള പായസവും, പൂപ്പല്‍ ബാധിച്ച തേങ്ങ കഷണങ്ങളുമാണ് ലഭിക്കുന്നതെന്നും ഭക്തജനങ്ങള്‍ പറയുന്നു.
കൊവിഡ് മൂലം ക്ഷേത്രങ്ങള്‍ അടച്ചിട്ട സാഹചര്യത്തില്‍ ഉണ്ടായിരുന്ന പഴയ ശര്‍ക്കരയും അരിയും മറ്റുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.
കേട് വന്നതാണെങ്കിലും ഇരിക്കുന്ന മുഴുവന്‍ സാധനങ്ങളും ഉപയോഗിച്ച് തീര്‍ക്കണമെന്നാണ് നിര്‍ദ്ദേശമെന്ന് ബോര്‍ഡിലെ ചില ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടി. സീസണ് സമയത്ത് ശബരിമലയില്‍ പോലും അരവണ നിര്‍മാണത്തിനും, പ്രസാദ വിതരണത്തിനും ഇത്തരം ശര്‍ക്കര ഉപയോഗിക്കാറുണ്ട് എന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
പല ക്ഷേത്രങ്ങളിലും പഴകിയതും ഉപയോഗശൂന്യമായ സാധനങ്ങള്‍ ഉണ്ടെങ്കിലും ഇവയൊന്നും പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ നിലവിലില്ല. പ്രമുഖ ക്ഷേത്രങ്ങളില്‍ നിന്ന് കിട്ടുന്ന ചന്ദനം പോലും മായം ഉണ്ടെന്നാണ് ഭക്തജനങ്ങള്‍ പറയുന്നത്. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കരയുടെ വിവാദം നിലനില്‍ക്കെയാണ് ഇത്തരം ആരോപണങ്ങളും ദേവസ്വം ബോര്‍ഡിനെതിരെ ഉയര്‍ന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: