തൃശ്ശൂര്‍: സംസ്ക്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ ബാലഭവനിലെ സ്ഥിര ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍. ഇതേത്തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് ജീവനക്കാര്‍. കഴിഞ്ഞ നാലുമാസമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ട്. കൊവിഡും രൂക്ഷമായ വിലക്കയറ്റവുമുള്ള സാഹചര്യത്തില്‍ ശമ്പളം പോലും ലഭിക്കാതെ ഇനി ജീവിതം മുന്നോട്ടു പോകുവാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ജീവനക്കാര്‍. 2008 ലെയും, 2017 ലെയും ശമ്പള പരിഷ്കരണ കുടിശിക ഇനത്തില്‍ തൃശൂര്‍ ബാലഭവനിലെ ജീവനക്കാര്‍ക്ക് മാത്രം 1 കോടി 30 ലക്ഷം രൂപയോളം ലഭിക്കാനുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് ശമ്പള പരിഷ്ക്കരണം നടപ്പാക്കിയെങ്കിലും അതിനാവശ്യമായ തുക ഗ്രാന്‍ഡായി ലഭിക്കാത്തതാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്നാണ് അധികൃതരുടെ വാദം. പ്രതിസന്ധിക്കിടയില്‍ തന്നെ പുതിയ പ്രിന്‍സിപ്പാളുടെ സ്ഥിര നിയമനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് മാനേജ്മെന്റ്. പുതിയ നിയമനത്തിന് സര്‍ക്കാരിന്റെ മുന്‍കൂട്ടി അംഗീകാരം വാങ്ങണമെന്ന നിയമം മറികടന്നാണ് കാലാവധി കഴിഞ്ഞ ഭരണസമതി പുതിയ നിയമനത്തിന് ഒരുങ്ങുന്നത്.
നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പ്രിന്‍സിപ്പാള്‍ സ്ഥിര നിയമനം മാറ്റിവെക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നിലവില്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്കാണ് ബാലഭവന് ചെയര്‍മാന്റെ ചുമതല. കെ കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ ആണ് എക്സികുട്ടീവ് ഡയറക്ടര്‍. എന്നാല്‍ ഈ ഭരണസമതിയുടെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഭരണസമതി പുന:സംഘടിപ്പിച്ചിട്ടില്ല. നിലവിലെ നിയമാവലി പ്രകാരം കോര്പ്പറേഷന് കൗണ്സിലറായിരിക്കണം എക്സികുട്ടീവ് ഡയറക്ടര്‍. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ഭരണസമിതിയിലെ അംഗങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരെയും, കോര്പറേഷന് കൗണ്‍സിലര്‍ മാരെയും ഉള്‍പ്പെടുത്തി പുതിയ കമ്മറ്റി വന്നിരുന്നുവെങ്കില്‍ ജീവനക്കാരുടെ പ്രശ്നത്തില്‍ എന്തെങ്കിലും പരിഹാരം ഉണ്ടാവുമായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: