ആലപ്പുഴ : ആലപ്പുഴയിലുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ആര്യാട് സ്വദേശി വിമലിനാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. ജില്ലയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കേയാണ് ഗുണ്ടാ അഴിഞ്ഞാട്ടം ഉണ്ടായിരിക്കുന്നത്.
ഗുണ്ടാ നേതാവ് ടെമ്പര്‍ ബിനുവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. വ്യക്തി വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കാരണം. ബിനുവിന്റെ സഹോദരനെ ആക്രമിച്ചതിന്റെ പ്രതികാരമായാണ് വിമലിനെ വെട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ വിമലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തുടര്‍ച്ചയായുള്ള ആക്രമണങ്ങളില്‍ സംസ്ഥാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തി.ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടും. ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണങ്ങളില്‍ കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്, രാജീവ് ചന്ദ്രശേഖര്‍ എന്നിവരും രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ നിഷ്ക്രിയരാണെന്നു കേന്ദ്രമന്ത്രിമാര്‍ കുറ്റപ്പെടുത്തി. പിണറായിയുടെ ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍ ആലപ്പുഴയില്‍ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: