പാരിസ്ഥിതികാഘാത പഠനമോ സാമൂഹികാഘാത പഠനമോ കൂടാതെ തിടുക്കത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാനുള്ള ഇടതുമുന്നണി സര്‍ക്കാര്‍ നീക്കത്തിനെതിരെയുള്ള യുഡിഎഫ് സമരം തികഞ്ഞ കാപട്യമാണ്. സംസ്ഥാനവ്യാപകമായി യുഡിഎഫ് സമരം ചെയ്യുമ്പോള്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിരുദ്ധ നിലപാടെടുത്തത് ഈ വിഷയത്തിലുള്ള അവരുടെ ഇരട്ടത്താപ്പാണ് പുറത്തുകൊണ്ടുവരുന്നത്.
പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാര്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്കിയപ്പോള് അതില്‍ ഒപ്പുവയ്ക്കാതെ കോണ്‍ഗ്രസ്സിന്റെ തനിനിറമാണ് തരൂര്‍ വെളിപ്പെടുത്തിയത്. പദ്ധതിയെക്കുറിച്ച് പഠിക്കാനുള്ളതുകൊണ്ടാണ് താന്‍ എതിര്ക്കാത്തതെന്ന് തരൂര്‍ പറയുന്നത് തട്ടിപ്പാണെന്ന് ആര്‍ക്കുമറിയാം. കോണ്‍ഗ്രസ്സിലും യുഡിഎഫിലും മറ്റെല്ലാവര്‍ക്കും മനസ്സിലായിട്ടുള്ള കാര്യം തിരിച്ചറിയാന്‍ തരൂരിനു മാത്രം കഴിയുന്നില്ല എന്നുവരുന്നത് എത്ര പരിഹാസ്യമാണ്. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ തുടക്കം മുതല്‍ എതിര്‍ത്തുപോരുന്ന ഒരു കാര്യത്തെക്കുറിച്ച് പഠിക്കാന്‍ തരൂരിന് സമയം കിട്ടാതിരിക്കുന്നത് എന്തുകൊണ്ടാണ്? സര്‍ക്കാരിന് എന്താണ് പറയാനുള്ളതെന്ന് അറിയാതെ പദ്ധതിയെ എതിര്‍ക്കുന്നത് ശരിയല്ലെന്ന തരൂരിന്റെ വാദവും വിലപ്പോവുന്നതല്ല. പദ്ധതിയെക്കുറിച്ച് സര്‍ക്കാരിന് പറയാനുള്ളതെല്ലാം മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും സര്‍ക്കാര്‍ നിലപാട് അറിയില്ലെന്നു പറയുന്നത് കണ്ണടച്ചിരുട്ടാക്കലാണ്. കോണ്‍ഗ്രസ്സില്‍നിന്നുകൊണ്ട് ഇങ്ങനെയൊക്കെ സാധിക്കുമെന്ന് തരൂരിന് നന്നായറിയാം. മുഖ്യമന്ത്രി പിണറായിയെ വികസനത്തിന്റെ നായകനായി ചിത്രീകരിക്കുന്നതിലൂടെ തരൂരിന്റെ മനസ്സിലിരുപ്പ് പുറത്തുചാടുന്നുണ്ട്.
കെ-റെയില്‍ പദ്ധതി വിനാശകരമാണെന്ന് അതു സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളില്‍നിന്നു വ്യക്തമാണ്. ഈ രംഗത്ത് വൈദഗ്ധ്യവും അനുഭവസമ്പത്തുമുള്ള മെട്രോമാന് ഇ. ശ്രീധരനെപ്പോലുള്ളവര്‍ പദ്ധതി അപ്രായോഗികമാണെന്നും ജനങ്ങളുടെ താത്പര്യത്തിന് എതിരാണെന്നും പറഞ്ഞുകഴിഞ്ഞു. ഇടതുപക്ഷ സഹയാത്രികനായ ആര്.വി.ജി. മേനോനെപ്പോലുള്ളവരും എതിര്‍പ്പു പ്രകടിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ നിലപാടെടുക്കാന്‍ കൂടുതല്‍ എന്തു വിവരങ്ങളാണ് തരൂരിന് വേണ്ടത്? ഇടതുമുന്നണിയിലുള്ളവര്‍ പോലും സംശയവും എതിര്‍പ്പും പ്രകടിപ്പിക്കുന്ന ഒരു പദ്ധതിയെയാണ് തരൂര്‍ അനുകൂലിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. വികസനമെന്നാല്‍ പിണറായി സര്‍ക്കാരിന് അഴിമതിയാണെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. പാവങ്ങള്‍ക്കു വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലും കൊവിഡിന് വാങ്ങിയ പിപിഇ കിറ്റിലുമടക്കം കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയിട്ടുള്ള ഒരു സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തിടുക്കംകൂട്ടുന്നത് പുണ്യം കിട്ടാനാണെന്ന് വിശ്വസിക്കുന്നവര്‍ വിഡ്ഢികളായിരിക്കും. ഒരു ലക്ഷത്തിലേറെ കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയില്‍നിന്ന് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് ഉന്നംവയ്ക്കുന്നതെന്ന് സര്‍ക്കാരിന്റെ അനാവശ്യ തിടുക്കത്തില്‍നിന്ന് വ്യക്തമാണ്. പാര്‍ട്ടിയുടെ സങ്കുചിത താല്‍പ്പര്യത്തിനുവേണ്ടി കേരളത്തിന്റെ വികസനത്തെ തച്ചുതകര്‍ത്തവര്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്ന വികസനപ്രേമം ശുദ്ധതട്ടിപ്പാണ്. യഥാര്‍ത്ഥ പ്രതിപക്ഷമായ ബിജെപിയെ പേടിച്ചാണ് കോണ്‍ഗ്രസ്സ് പിണറായി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ നിര്‍ബന്ധിതമാവുന്നത്.
ഒരേ സമയം രണ്ട് വള്ളത്തില്‍ കാല് ചവിട്ടി നില്ക്കുന്ന തരൂര്‍ ഒറ്റയ്ക്കല്ല. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമൊക്കെ തരൂരിനെ തള്ളുമ്പോള്‍ രമേശ് ചെന്നിത്തല ഇവര്‍ക്കൊപ്പമില്ല. കേരളത്തിലെ കോണ്‍ഗ്രസ്സ് ഒന്നടങ്കം പദ്ധതിയെ എതിര്‍ക്കുകയാണെന്ന് ഭാവിക്കുമ്പോള്‍ ഹൈക്കമാന്‍ഡിന്റെ നിലപാട് ഇനിയും വ്യക്തമല്ല. കേരളത്തിന് പുറത്ത് കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷികളാണ് ഇടതുപാര്‍ട്ടികള്‍. ഇതിനുനേരെ കണ്ണടച്ച് സുധാകരനും സതീശനുമൊക്കെ പ്രകടിപ്പിക്കുന്ന ഇടതുവിരോധത്തിന് ആരും വില കല്‍പ്പിക്കുന്നില്ല.
സര്‍ക്കാരിന് തരൂര്‍ നല്കുന്ന പിന്തുണയ്ക്ക് ഇങ്ങനെയൊരു പശ്ചാത്തലവുമുണ്ട്. ദേശീയതലത്തില്‍ ഇനി കോണ്‍ഗ്രസ്സ് അത്ഭുതമൊന്നും കാണിക്കാന്‍ പോകുന്നില്ലെന്ന് തരൂരിന്അറിയാം. സോണിയയുടെയും രാഹുലിന്റെയും നേതൃത്വം ശരിയല്ലെന്ന അഭിപ്രായമുള്ളയാളുമാണ് തരൂരും. തരൂരിനെ പിന്തുണച്ച് സിപിഎം നേതാക്കള്‍ രംഗത്തുവന്നതിലൂടെ അന്തര്‍ധാര വ്യക്തമാണ്. കേരളത്തിലെ കോണ്‍ഗ്രസ്സ് ജനങ്ങളെ വഞ്ചിക്കുകയാണ്. യെച്ചൂരിയെപ്പോലുള്ളവരെ ഏറ്റെടുത്തിട്ടുള്ള ഹൈക്കമാന്‍ഡ് കണ്ണുരുട്ടിയാല്‍, പദ്ധതിയോടുള്ള യുഡിഎഫിന്റെ എതിര്‍പ്പ് ആവിയാകും. ഇപ്പോഴത്തെ എതിര്‍പ്പ് വികസനത്തിന്റെ വായ്ത്താരിയില്‍ വേണ്ടെന്ന് വയ്ക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: