കോട്ടയം: ആവശ്യത്തിനും അനാവശ്യത്തിനും സെക്യൂരിറ്റിക്കാര്‍ കൈകടത്തുന്നതിനെ പറ്റി പരാതിപ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗികളും ബന്ധുക്കളും. വിമുക്തഭടന്മാരായ സെക്യൂരിറ്റിക്കാരാണ് ഔദ്യോഗികമായിട്ടുള്ളത്. ഇവര്‍ അല്പം മിതത്വം പാലിച്ചാലും ആശുപത്രി വികസന സമിതി നിയോഗിച്ചിട്ടുള്ള താത്ക്കാലിക സെക്യൂരിറ്റി ജീവനക്കാരാണ് അത്യാസന്ന രോഗികളെ കാണാന്‍ എത്തിച്ചേരുന്ന ബന്ധുക്കളെ തടഞ്ഞ് ആശുപത്രിയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
ആവശ്യം എത്ര ന്യായം ഉള്ളതാണെന്ന് ബോധ്യപ്പെടുത്തിയാലും ഒന്നില്‍ കൂടുതല്‍ ആളുകളെ രോഗിയുടെ കൂട്ടിരുപ്പുകാരായി നില്‍ക്കാനും ഇത്തരക്കാരായ സെക്യൂരിറ്റിക്കാര്‍ സമ്മതിക്കാറില്ല. ഒരാളെ കൊണ്ട് മാത്രം രോഗീപരിചരണം സാധിക്കാത്ത സാഹചര്യങ്ങളില്‍ ഡോക്ടര്‍ സമ്മതിച്ചാല്‍ പോലും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ആവശ്യം നിരാകരിക്കുന്ന അവസ്ഥയാണ് നിലവില്‍. ഇത് പലപ്പോഴും വാക്കുതര്‍ക്കങ്ങള്‍ക്കും വഴിവെക്കാറുണ്ട്.
സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരാള്‍ മാത്രം നില്‍ക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഏതെങ്കിലും ആവശ്യങ്ങള്‍ക്കായി കൂട്ടിരുപ്പുകാര്‍ക്ക് പുറത്തേക്ക് പോകേണ്ടി വന്നാല്‍ തൊട്ടടുത്ത ബെഡിലെ രോഗിയേയോ അവരുടെ ബന്ധുക്കളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ് പലര്‍ക്കും. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഡോക്ടര്‍മാരെക്കാള്‍ അധികാരവും അഹങ്കാരവും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ആണെന്ന് ആശുപത്രിവാസികള്‍ അഭിപ്രായപ്പെടുന്നു.
ചിലര്‍ നടത്തുന്ന അനാവശ്യമായ ഇടപെടലുകളും പെരുമാറ്റവും മെഡിക്കല്‍ കോളജിന്റെ മൊത്തം സെക്യൂരിറ്റി സംവിധാനത്തിന് പോരായ്മയായി മാറുകയാണ്.ന്യായമായ കാര്യങ്ങള്‍ക്കാണ് വിലക്കെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കൂട്ടിരുപ്പുകാരെ നിര്‍ത്തുന്നില്ല, സെക്യൂരിറ്റിക്കാര്‍ കര്‍ക്കശമായി പെരുമാറുന്നു എന്നുള്ള പരാതികളില്‍ വ്യക്തത വരുത്തി ആശുപത്രി ജീവനക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വാര്‍ഡുകളില്‍ നിന്ന് ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് നിര്‍ദ്ദേശമെന്നും ഇത് കണക്കിലെടുത്താണ് കടുംപിടുത്തമെന്നും സെക്യൂരിറ്റി ജീവനക്കാര്‍ പറയുന്നു. സ്ത്രീകളുടെ വാര്‍ഡുകളില്‍ പുരുഷന്മാര് കൂട്ടംകൂടി നില്‍ക്കുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണ്. ഇതിന് ശക്തമായി താക്കീത് നല്‍കാറുണ്ട്. ആശുപത്രി നടപടിക്രമങ്ങള്‍ രമ്യതയില്‍ നടത്താനാണ് ഇത്. അനാവശ്യമായി രോഗിയുടെ കൂടെ ഒന്നിലധികം പേര് നില്ക്കുന്ന സാഹചര്യങ്ങളിലാണ് ഇത്തരത്തില്‍ ആവശ്യപ്പെടാറുള്ളത്. അത്യാവശ്യമെന്ന് കണ്ടാല്‍ രണ്ടുപേരെ അനുവദിക്കാറുണ്ടെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: