വാഷിങ്ടന്‍: ഭീകരവാദ ഭീഷണികളെ തകര്‍ക്കുന്നതില്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ഫലപ്രദമാണെന്ന് അമേരിക്ക. രാജ്യാന്തരവും പ്രാദേശികവുമായ ഭീകര പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്നതിനു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ഭീകര വിരുദ്ധ സേനയെ ഭീകരവാദത്തെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2020 ലെ റിപ്പോര്‍ട്ടില്‍ അഭിനന്ദിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മില്‍ സഹകരിച്ചുള്ള ശ്രമങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങളെ തടയാന്‍ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഇന്ത്യന്‍ ഭീകര വിരുദ്ധ സേന രാജ്യാന്തരവും പ്രാദേശികവുമായ ഭീകര പ്രവര്‍ത്തനങ്ങളെ കണ്ടെത്തുകയും ഇല്ലാതാക്കുകയും ചെയ്തു. ഭീകര പ്രവര്‍ത്തന വിവരങ്ങളുമായി ബന്ധപ്പെട്ട യുഎസിന്റെ ആവശ്യങ്ങളോട് ഇന്ത്യ കൃത്യസമയത്ത് പ്രതികരിക്കുകയും, ഭീകര ഭീഷണികള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു’.റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ ഇന്ത്യ, മധ്യേന്ത്യയിലെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ലഷ്കര്‍ ഇ തൊയ്ബ, ജയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍, ഐഎസ്ഐഎസ്, അല്‍ഖ്വയ്ദ തുടങ്ങിയ ഭീകര സംഘടനകള്‍ സജീവമായി തുടരുകയാണ്.അതിരുകള്‍ക്കുള്ളിലെ വന്‍കിട ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും തടസ്സപ്പെടുത്തുന്നതിനും ഇന്ത്യന്‍ സര്‍ക്കാര്‍ കാര്യമായ ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഭീഷണികള്‍ നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജമ്മു കശ്മീരിലെ അല്‍ഖ്വയ്ദയുമായി ബന്ധമുള്ള അന്‍സാര്‍ ഗസ്വത്ഉല്ഹിന്ദിന്റെ നിരവധി പ്രധാന അംഗങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ അടിച്ചമര്‍ത്തലിന്റെ ഉദാഹരണം റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നു.
രാജ്യത്ത് ഖാലിസ്ഥാന്‍ ഗ്രൂപ്പുകളുടെ സാന്നിധ്യം കുറയുന്നതും റിപ്പോര്‍ട്ടിലുണ്ട്. സിഖ് വിഘടനവാദ (ഖാലിസ്ഥാന്‍) പ്രസ്ഥാനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പല സംഘടനകളും ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ കാര്യമായ സമീപകാല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല.
ഇന്ത്യന്‍ മള്‍ട്ടി ഏജന്‍സി സെന്റര്‍(എം എ സി) അമേരിക്കയുമായി സഹകരിച്ച് തീവ്രവാദ സ്ക്രീനിംഗ് വിവരങ്ങള്‍ കൈമാറുന്നതിനും ഫെഡറല്‍, സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സികള്‍ക്കിടയില്‍ തത്സമയ ശേഖരണവും രഹസ്യാന്വേഷണ വിവരങ്ങളും പങ്കിടലും നടത്തുന്നു.നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ തീവ്രവാദ വിവരങ്ങള്‍ നിയമപാലകര്‍ക്ക് പ്രചരിപ്പിക്കുന്നതിനായി സംസ്ഥാനതല എംഎ സി കള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സുരക്ഷാ സേനകള്‍ പട്രോളിംഗ് നടത്തുന്നതിനും വിപുലമായ സമുദ്ര, കര അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനും പരിമിതമായ ശേഷി പ്രകടിപ്പിക്കുന്നു.
തീവ്രവാദ യാത്രകള്‍ കണ്ടെത്തി തടയുക, പ്രവേശന തുറമുഖങ്ങളില്‍ ബയോഗ്രഫിക്, ബയോമെട്രിക് സ്ക്രീനിംഗ് നടപ്പിലാക്കുക, വിവരങ്ങള്‍ പങ്കിടല്‍ വിപുലീകരിക്കുക എന്നിവയിലൂടെ ഇന്ത്യ യുഎന്‍എസ്സിആര്‍ 2396 നടപ്പിലാക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: