കൊച്ചി: ആരാധനാലയങ്ങളില്‍ സൗണ്ട് സ്പീക്കര്‍, ആപ്ലിംഫയര്‍ എന്നിവ ഉപയോഗിച്ച് ശബ്ദമലിനീകരണം നടത്തുന്നത് ഉടന്‍ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ എത്രയും വേഗം നിയമനടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും വിഎച്ച്പി കത്ത് നല്കി.
2000 ആഗസ്ത് 30ന് സുപ്രീംകോടതിയും 2013 ജനുവരി 23ന് കേരളാ ഹൈക്കോടതിയും ഇത്തരം ഉപകരണങ്ങള്‍ ആരാധനാലയങ്ങളില്‍ പോലും ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടിരുന്നു. ഒരു സ്ഥലത്തെ തന്നെ പല കേന്ദ്രങ്ങളില്‍ നിന്നും ഒരേ സമയം വളരെ ഉച്ചത്തില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് പൊതുജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു.
ശബ്ദമലിനീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഉടന്‍ പിടിച്ചെടുക്കാനും അത് പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങളുടെ ഭാരവാഹികള്‍ക്കെതിരെ 2000ലെ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പ്രകാരം നിയമ നടപടികള്‍ എടുക്കാനും അധികാരികള്‍ തയ്യാറാകണം. സൗണ്ട് ഹോണ്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ നടത്തുന്ന നിയമനടപടികള്‍ പോലീസും റവന്യു വകുപ്പും മാതൃകയാക്കണം.
മത പ്രീണനത്തിന്റെ ഭാഗമായി നിയമ ലംഘനങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുന്ന പോലീസും സര്‍ക്കാരും ഇത്തരം നിയമ ലംഘന നടപടികള്‍ അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ വിശ്വഹിന്ദു പരിഷത്ത് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയുള്‍പ്പെടെയുള്ള നിയമ പോരാട്ടത്തിലേക്ക് തിരിയുമെന്ന് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരനും പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: