പുല്‍വാമ: ജമ്മു കശ്മീരില്‍ വീണ്ടും സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. തുടര്‍ച്ചയായി ഇത് മൂന്നാം ദിവസമാണ് ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്. രാജ്പുര മേഖലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് വിവരം.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. പ്രദേശത്ത് നാല് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വധിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കശ്മീര്‍ പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പുല്‍വാമയിലെ കസ്ബയാര്‍ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചിരുന്നു. കൂടാതെ ഏറ്റുമുട്ടലില്‍ ഭീകര സംഘടനയായ ജയ്ഷെ ഇ മുഹമ്മദിന്റെ കമാന്‍ഡറെ സൈന്യം വധിച്ചിരുന്നു. ശ്രീനഗറില്‍ പോലീസ് ക്യാമ്പിലെ ബസിന് നേരെയാണ് ഇവര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ വീരമൃത്യൂ വരിക്കുകയും ചെയ്തിരുന്നു.
അതേസമയം ഭീകരാക്രമണത്തിന് പിന്നില്‍ നുഴഞ്ഞുകയറിയ രണ്ട് ഭീകരരെന്ന് സുരക്ഷാ സേന അറിയിച്ചു. ആക്രമണം ആസൂത്രിതമായിരുന്നെന്നും ഒരു വട്ടം പരിശീലനം നടത്തിയെന്നും സേന വ്യക്തമാക്കി. ജയ്ഷ ഇ മുഹമ്മദിന്റെ കശ്മീര്‍ ടൈഗേഴ്സാണ് ആക്രമണത്തിന് പിന്നിലെന്ന് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: