ന്യൂദല്‍ഹി : കേരളത്തിലെ കോവിഡ് മരണങ്ങളില്‍ വന്‍ വര്‍ധനവുണ്ടായതില്‍ അന്വേഷണം നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ കോവിഡ് മരണങ്ങളില്‍ ആദ്യം പലരേയും ഉള്‍പ്പെടുത്താതെ സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ കുറച്ചു കാണിച്ചിരുന്നു. ഇത്തരത്തില്‍ മുന്‍കാലങ്ങളില്‍ ഉള്‍പ്പെടുത്താതിരുന്ന ആയിരക്കണക്കിന് മരണങ്ങള് ആരോഗ്യ വകുപ്പ് ഇപ്പോള്‍ പട്ടികയില്‍ ചേര്‍ക്കാന്‍ തുടങ്ങിയതോടെയാണ് കണക്കുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
കോവിഡ് വ്യാപനം കൂടുതലുള്ള സംസ്ഥാനമായ മിസോറാമിലും ഇതിനൊപ്പം കേന്ദ്രസംഘം സന്ദര്‍ശിക്കുന്നുണ്ട്. കേരളത്തിലെ കോവിഡ് പരിശോധന സംവിധാനങ്ങള്‍, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്ന രീതി, കണ്ടെയ്മന്‍മെന്റ് സോണുകളുടെ നിര്‍ണയം, ഹോസ്പിറ്റല്‍ ബെഡുകളുടെ ലഭ്യത, ആംബുലന്‍സ് മറ്റു അനുബന്ധ സൗകര്യങ്ങള്‍ കോവിഡ് വാക്സിനേഷനിലെ പുരോഗതി എന്നിവയെല്ലാം സംഘം പരിശോധിക്കും. ഡോ.പി.രവീന്ദ്രന്, ഡോ.രുചി ജെയിന്, ഡോ.പ്രണയ് വര്‍മ്മ എന്നിവരടങ്ങിയ സംഘമാണ് കേരളത്തില്‍ എത്തുന്നത്.
കോവിഡിന്റെ തുടക്കത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കോവിഡ് നിരക്ക് കുറവായിരുന്നു. രോഗികളുടെ എണ്ണം ഉയര്‍ന്നപ്പോഴും മരണ നിരക്ക് പിടിച്ചുയര്‍ത്താന്‍ കഴിഞ്ഞതായി കേരള സര്‍ക്കാര്‍ കേന്ദ്ര അവ്ലോകന യോഗങ്ങളിലും അറിയിച്ചിരുന്നു. എന്നാല്‍ കോവിഡ് മരണനിരക്ക് പിടിച്ചുനിര്‍ത്തുന്നതില്‍ കേരളം വിജയിച്ചില്ലെന്നു മാത്രമല്ല, ഇക്കാര്യത്തില്‍ ഗുരുതര വീഴ്ചകളും സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം അനൗദ്യോഗികമായി പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നത്.
അതായതു ശരിയായ മരണക്കണക്ക് യഥാസമയം പുറത്തുവിടാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. ഒന്നുകില്‍ യഥാസമയം കോവിഡ് മരണം സ്ഥിരീകരിക്കാന്‍ കേരളത്തില്‍ സംവിധാനമില്ല. അല്ലെങ്കില്‍ കേരളം മനഃപൂര്‍വം കോവിഡ് മരണങ്ങള് മറച്ചുവെച്ചതായാണ് ആരോപണം.
കൂടാതെ ഇപ്പോള്‍ പ്രതിദിന മരണസംഖ്യ കുറവാണെങ്കിലും സംസ്ഥാനം ഇപ്പോള്‍ ഒറ്റയടിക്കു മരണം കൂട്ടിച്ചേര്‍ക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 8684 മരണങ്ങളാണ് ഇത്തരത്തില്‍ അധികമായി കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ ഒരു മാസമായി പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് 100ല്‍ താഴെ മരണങ്ങളാണ്. പിന്നീട്, 100 മുതല്‍ 300 വരെ മരണങ്ങള് പല ദിവസങ്ങളിലായി കൂട്ടിച്ചേര്‍ത്തു. ഇതോടെ ആകെ മരണം 1789ല്‍ നിന്ന് 10,473 ആയി ഉയര്‍ന്നു. ആകെ റിപ്പോര്‍ട്ട് ചെയ്തതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 83% മരണവും പിന്നീടു കൂട്ടിച്ചേര്‍ത്തവയാണ്. 2020 മാര്‍ച്ച് മുതല്‍ കഴിഞ്ഞ ജൂണിനുള്ളില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങളാണ് ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: