ന്യൂദല്‍ഹി: കാശി ക്ഷേത്ര നഗരിയുടെ വികസന ചരിത്രത്തിലെ നാഴികക്കല്ലായ കാശി വിശ്വനാഥ ഇടനാഴി പൂര്‍ത്തിയായി. കാശി വിശ്വനാഥ ധാം സമര്‍പ്പണം പ്രധാനമന്ത്രി നരേന്ദ്ര മോദി 13ന് നിര്‍വഹിക്കും. ബിജെപി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിലാണ് ചടങ്ങ്. ഗംഗയിലൂടെ പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാര്‍ ബോട്ട് യാത്ര നടത്തും. വൈകിട്ട് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ബിജെപി ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും ചേര്‍ന്ന് ഗംഗാ ആരതി നടത്തും.
ദ്വാദശ ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ കാശിയുടെ സൗന്ദര്യവത്കരണവും വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി കേന്ദ്ര മന്ത്രി കിഷന് റെഡ്ഡി അറിയിച്ചു. ദിവ്യ കാശി-ഭവ്യ കാശി എന്ന ചടങ്ങില്‍ സംന്യാസി ശ്രേഷ്ഠന്മാരും പ്രമുഖരും പതിനായിരക്കണക്കിന് ഭക്തരും പങ്കെടുക്കും. 13 മുതല്‍ ജനുവരി 14ന് മകരസംക്രാന്തി വരെ രാജ്യമെങ്ങും വിവിധ പരിപാടികളോടെ വിശ്വനാഥ ധാം സമര്‍പ്പണം ആഘോഷിക്കും. 13ന് എല്ലാ ജ്യോതിര്‍ലിംഗങ്ങളിലും പരിപാടികള്‍ നടക്കും.
കാശിയിലെ ഉദ്ഘാടന പരിപാടികളുടെ തത്സമയ ദൃശ്യങ്ങള്‍ 51,000 കേന്ദ്രങ്ങളില്‍ എല്‍ഇഡി സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ഹൈന്ദവ ഗുരുക്കന്മാരെയും ആത്മീയ നേതാക്കളെയും സംന്യാസിമാരെയും പുരോഹിതന്മാരെയും ചടങ്ങില്‍ ആദരിക്കും.
ഇന്നും നാളെയും രാജ്യമെങ്ങും ബിജെപി പ്രവര്‍ത്തകര്‍ പ്രഭാത ഭേരിയുമായി ദിവ്യകാശി-ഭവ്യകാശി പരിപാടിയുടെ പ്രചാരണം നടത്തും. 10, 11, 12 തീയതികളില്‍ എല്ലാ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും മത സ്ഥാപനങ്ങളിലും ബിജെപിയുടെ നേതൃത്വത്തില്‍ ശുചീകരണ യജ്ഞം നടത്തും. അഞ്ചു ലക്ഷം വീടുകളില്‍ ദിവ്യകാശി-ഭവ്യ കാശി ബുക്ക് ലെറ്റുകളും പ്രസാദവും എത്തിക്കും. കാശിയില്‍ ഒരാഴ്ചത്തെ ശുചീകരണ യജ്ഞമാണ്.
14ന് ബിജെപി മുഖ്യമന്ത്രിമാരുടെ സമ്മേളനം
ന്യൂദല്‍ഹി: 14ന് കാശിയില്‍ ബിജെപി മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന പ്രത്യേക സമ്മേളനം നടക്കും. പ്രധാനമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനും പങ്കെടുക്കുന്ന സമ്മേളനത്തില്‍ വികസന മാര്‍ഗ്ഗരേഖ പ്രധാനമന്ത്രി മുന്നോട്ടു വയ്ക്കും. മൂന്നു ദിവസത്തെ സാംസ്ക്കാരിക പ്രവാസത്തിനായി കാശിയിലേക്ക് എത്തിച്ചേരാനാണ് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും ബിജെപി നല്കിയ നിര്‍ദേശം.
ജനുവരി 12ന് വിവേകാനന്ദ ജയന്തി ദിനത്തില്‍ യുവ സമ്മേളനവും കാശിയില്‍ ചേരുന്നുണ്ട്. ഡിസംബര്‍ 17ന് കേന്ദ്ര നഗര വികസന മന്ത്രാലയവും യുപി സര്‍ക്കാരും ചേര്‍ന്ന് രാജ്യത്തെ മേയര്‍മാരുടെ പ്രത്യേക സമ്മേളനം കാശിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. 23ന് ഓര്‍ഗാനിക് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സെമിനാറില്‍ പ്രധാനമന്ത്രി കാശിയില്‍ പങ്കെടുക്കും. കാര്‍ഷിക മേഖലയുമായും കൃഷിക്കാരുമായും ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങള്‍ ഇവിടെയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: