തൃക്കരിപ്പൂര്‍: മുകയ സമുദായത്തിന്റെ ആരാധനലയങ്ങളില്‍ കീര്‍ത്തി നേടിയ കൊയോങ്കര പയ്യക്കാല്‍ ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന്റെ ഭാഗമായുള്ള കാട്ടിലെ പാട്ട് ആചാര പെരുമയില്‍ നടന്നു. നാലാം ഉത്സവദിനമായ തിങ്കാളാഴ്ച്ചയാണ് ഉല്പത്തിയെ അനുസ്മരിപ്പിച്ച് ദേവീ–ദേവന്മാരുടെ പ്രതിപുരുഷന്മാര് പാട്ടുത്സവത്തിന്റെ ഭാഗമായുള്ള അരങ്ങില്‍ അടിയന്തിരത്തിന് ദേവതമാര്‍ പുഴ കടന്ന് ഇടയിലെക്കാട് കാവിലെത്തിയത്.
പുഴയ്ക്ക് കുറുകെ ബണ്ടുണ്ടെങ്കിലും പൗരാണികമായി തുടര്‍ന്നുവരുന്ന ആചാരം എന്ന നിലയ്ക്കാണ് ക്ഷേത്രം സ്ഥാനികരും വാല്യക്കാരും ചെണ്ടമേളത്തിന്റെയും ആര്‍പ്പുവിളികളുടെയും ആരവത്തില്‍ തിരുവായുധങ്ങളുമേന്തി വെള്ളാപ്പ് കടവില്‍നിന്നും ഭക്തി നിറവില്‍ തോണിയിലേറി ഇടയിലക്കാട്ടെത്തിയത്. പേക്കടം കുറുവാപ്പള്ളി അറ ക്ഷേത്രത്തിലെ സ്ഥാനികരും എഴുന്നള്ളത്തില്‍ അനുഗമിച്ചു. പയ്യക്കാല്‍ ഭഗവതിയുടെ ആരൂഢസ്ഥാനമായ ഇടയിലെക്കാട് കാവില്‍നിന്നും ദേവിയെ ക്ഷേത്രത്തിലേക്ക് കുടിയിരുത്തിയ സങ്കല്പമാണ് കാവിലേക്കുള്ള എഴുന്നള്ളത്തും ഉത്സവവും. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകള്‍ക്ക് ശേഷം ദേവനര്‍ത്തകരും ആചാര സ്ഥാനികരും വാല്യക്കാരും ചേര്‍ന്ന് കാവിലേക്ക് പുറപ്പെട്ടത്.
ചവേല കൊവ്വലിലും കുറുവാ പള്ളി അറയിലും പ്രദക്ഷിണം വെച്ചതിന് ശേഷമാണ് കാവിലേക്കുള്ള ഓട്ട പ്രദക്ഷിണം തുടങ്ങിയത്. വെള്ളം നിറഞ്ഞ കുട്ടനാടി പാടശേഖരത്തിലൂടെ കടന്ന് ആയിറ്റി പുഴയിലേക്ക് ചാടുന്ന ദേവനര്ത്തകരെ വാല്യക്കാര് ആചാരപരമായി തടഞ്ഞ് നിര്‍ത്തിയതിന് ശേഷം സ്ഥാനികരുടെ അകമ്പടിയോടെ രണ്ട് വള്ളങ്ങള്‍ ഒന്നിച്ച് കെട്ടിയുണ്ടാക്കിയചങ്ങാടത്തിലേക്ക് ആനയിച്ചത്. പഴമയുടെ ആചാര പൊലിമ ഒട്ടും ചോരാത്ത ചടങ്ങ് നേരില്‍ കാണാന്‍ നൂറ് കണക്കിനാളുകള്‍ കടവില്‍ തടിച്ച് കൂടി. കാവില്‍ അരങ്ങില്‍ അടിയന്തിരത്തിനുശേഷം ക്ഷേത്രം സ്ഥാനികരും വാല്യക്കാരും രാത്രി ഏഴിന് പുഴ കടന്ന് ക്ഷേത്രത്തില്‍ തിരിച്ച് എത്തി.
പാട്ടുത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, മരക്കല പാട്ട് പൂജാദികര്‍മ്മങ്ങള്‍ക്ക് ശേഷം എഴുന്നളളത്ത്. രാത്രി 9.30ന് പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, മരക്കലപാട്ട് പൂജാദികര്‍മ്മങ്ങള്‍ എഴുന്നളളത്. നാളെ രാവിലെ പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, മരക്കല പാട്ട് പൂജാദികര്‍മ്മങ്ങള്‍. 11 മണിക്ക് ഇളനീരാട്ടം, വൈകുന്നേരം 4 മണിക്ക് കളത്തിലരിയിടല്‍ ചടങ്ങും തുടര്‍ന്ന് മാരിക്കളത്തിലേക്ക് എഴുന്നള്ളത്തും, തിരിച്ചെഴുന്നള്ളത്തിന് ശേഷം അരങ്ങ് പറിക്കല്‍ ചടങ്ങോടെ ഉത്സവത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: