മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടി തമിഴ്നാട് സര്‍ക്കാര്‍ തുടരുകയാണ്. രാത്രികാലങ്ങളില്‍പ്പോലും നിരവധി ഷട്ടറുകള്‍ ഒരുമിച്ച് തുറന്ന് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കളക്ടറും മറ്റും പലതവണ ആവശ്യപ്പെട്ടിട്ടും യാതൊരുവിധ അറിയിപ്പും നല്‍കാതെ ധിക്കാരപരമായ നടപടിയാണ് തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ബേബിഡാമില്‍നിന്ന് മരങ്ങള്‍ മുറിക്കാന്‍ നേരത്തെ കേരളം തമിഴ്നാടിന് അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നതിനാല്‍ ഉത്തരവാദിത്വം ഉദേ്യാഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് പിണറായി സര്‍ക്കാരിന് അനുമതി റദ്ദാക്കേണ്ടിവന്നു. ഇതില്‍ പ്രകോപിതരായാണ് പ്രതികാര നടപടിയെന്നപോലെ ജലം തുറന്നുവിടാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കൂടുതലായതിനാല്‍ വെള്ളം അധികമായി ഒഴുകിയെത്തുകയാണ്. ഇത് കണക്കിലെടുത്ത് യാതൊരു നടപടിയും സ്വീകരിക്കാതെ ജലനിരപ്പ് റൂള്‍ ലവലിന് അടുത്തെത്തുമ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്ന രീതിയാണ് തമിഴ്നാട് അനുവര്‍ത്തിക്കുന്നത്. വെള്ളം അധികമായി എത്തിയാല്‍ സമയം നോക്കാതെ തുറന്നുവിടുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ തമിഴ്നാട് സര്‍ക്കാര്‍ കണക്കിലെടുക്കുന്നേയില്ല. മഴ കനത്തു പെയ്തിട്ടും വെള്ളം തുറന്നുവിടാതെ പല അണക്കെട്ടുകളും ഒന്നിച്ചുതുറന്ന് ഒന്നാം പിണറായി സര്‍ക്കാര്‍ പ്രളയദുരന്തം രൂക്ഷമാക്കിയതുപോലുള്ള നടപടിയാണിത്.
ഇത്രയും ഗുരുതരമായ സാഹചര്യമുണ്ടായിട്ടും വളരെ ദുര്‍ബലമായാണ് പിണറായി സര്‍ക്കാര്‍ പെരുമാറുന്നത്. വളരെ വിനയഭാവത്തില്‍ തമിഴ്നാടിനെ പ്രതിഷേധമറിയിച്ച് അടങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതില്‍ കൂടുതല്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന മട്ടിലാണ് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ എല്ലാം തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നും, മുഖ്യമന്ത്രി പറയുന്നതിനെതിരെ യാതൊന്നും ചെയ്യാന്‍ തനിക്ക് നിര്‍വാഹമില്ലെന്നുമുള്ള റോഷി അഗസ്റ്റിന്റെ മനോഭാവം ബേബിഡാമിലെ മരംമുറി പ്രശ്നത്തില്‍ ജനങ്ങള്‍ കണ്ടതാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തമിഴ്നാടിന് അനുകൂലമാണെന്നു പലപ്പോഴും വെളിപ്പെടുകയുണ്ടായി. മുല്ലപ്പെരിയാറിന്റെ സുരക്ഷയ്ക്ക് പ്രശ്നമൊന്നുമില്ലെന്നും, ജനങ്ങളില്‍ അനാവശ്യമായ ആശങ്ക സൃഷ്ടിക്കരുതെന്നുമാണല്ലോ നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പുതിയ അണക്കെട്ട് എന്ന നയത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന സമീപനമായിരുന്നു ഇത്. പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നും, ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മതിയെന്നുമുള്ള തമിഴ്നാടിന്റെ നിലപാടിനെ ശരിവെക്കുന്നതായിരുന്നു മരം മുറിക്കാന്‍ നല്കിയ അനുമതി. വന്‍തോതില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ മാത്രമാണ് ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ അനങ്ങാപ്പാറ നയം ഉപേക്ഷിച്ചത്. ഒരു ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി മുഖം രക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ നടപടിയെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഇപ്പോള്‍ ചോദ്യംചെയ്തിരിക്കുകയാണ്. ഒരു ഒത്തുകളിയുടെ ഭാഗമാണ് നടപടിയെന്ന സംശയമാണ് ഇതിലൂടെ ബലപ്പെടുന്നത്.
മുന്‍ഗാമികളെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയനും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ താല്പര്യം തമിഴ്നാടിന് അടിയറവയ്ക്കുകയാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെട്ട ഡിഎംകെ മുന്നണിയാണ് തമിഴ്നാട് ഭരിക്കുന്നത് എന്നതിനാല്‍ വലിയ വിധേയത്വമാണ് പിണറായി സര്‍ക്കാര്‍ കാണിക്കുന്നത്. പാര്‍ട്ടിതലത്തിലുള്ള പല ധാരണകളും ഇടപാടുകളും തമിഴ്നാടിനെതിരെ എന്തെങ്കിലും ഫലപ്രദമായി ചെയ്യുന്നതില്‍നിന്ന് ഇടതുമുന്നണി സര്‍ക്കാരിനെ പിന്നോട്ടു വലിക്കുകയാണെന്ന് സംശയിക്കപ്പെടണം. തമിഴ്നാട് ഭരിക്കുന്നത് എഐഎഡിഎംകെ സര്‍ക്കാരോ കേരളത്തില്‍ അധികാരത്തിലുള്ളത് യുഡിഎഫ് സര്‍ക്കാരോ ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സിപിഎം കേരളത്തെ പ്രതിഷേധാഗ്നികൊണ്ട് കത്തിക്കുമായിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ തമിഴ്നാടുമായി ഒത്തുകളിക്കുകയാണെന്ന കരുതാന്‍ വേറെയും കാരണങ്ങളുണ്ട്. ഡാം സുരക്ഷാ ബില്‍ രാജ്യസഭ പാസാക്കിയപ്പോള്‍ അതിനെ അനുകൂലിച്ച് ഇടതുപക്ഷ എംപിമാര്‍ ഒരക്ഷരംപോലും മിണ്ടാതിരുന്നത് തമിഴ്നാടിന്റെ താല്പര്യങ്ങള് സംരക്ഷിക്കാനല്ലെങ്കില്‍ മറ്റെന്തിനാണെന്ന് സിപിഎം വ്യക്തമാക്കണം. ബിജെപി അംഗം അല്‍ഫോണ്‍സ് കണ്ണന്താനം മാത്രമാണ് ബില്ലിന് അനുകൂലമായി വീറോടെ വാദിച്ചത്. അന്തര്‍ സംസ്ഥാന നദീജല തര്‍ക്കവിഷയങ്ങളില്‍ കേരളത്തിന് അനുകൂലമായ നിരവധി വ്യവസ്ഥകളുള്ള ബില്ലിനെ സിപിഎം അംഗമായ ശിവദാസന്‍ എതിര്‍ത്തത് തമിഴ്നാടിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. കേരളത്തിന്റെ ഉത്തമ താല്പര്യങ്ങളെ ഒറ്റുകൊടുക്കുന്ന ഇക്കൂട്ടരുടെ മുഖംമൂടി വലിച്ചുകീറുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: