പൂച്ചാക്കല്‍: ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി പായല്‍ ശല്യവും. വേമ്പനാട്ട്, കൈതപ്പുഴ കായല്‍ എന്നിവയുടെ കൈവഴികളിലെല്ലാം ആഫ്രിക്കന്‍ പായല്‍ അടക്കം നിറഞ്ഞു. മത്സ്യക്ഷാമം കാരണം പ്രതിസന്ധി നേരിടുമ്പോഴാണ് പായല്‍ ശ്യവും തിരിച്ചടിയായത്. പൂച്ചാക്കല്‍, ഉളവയ്പ്, ഊടുപുഴ, അഞ്ചുതുരുത്ത്, തൈക്കാട്ടുശേരി, കാക്കത്തുരുത്ത് എന്നിവിടങ്ങളില്‍ പായല്‍ നിറഞ്ഞതിനാല്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കോരുവലയും വീശുവലയുമൊക്കെയായി രാത്രികാലങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്കു പായല്‍മൂലം ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്.
കക്കാവാരല്‍ തൊഴിലാളികളുടെ അവസ്ഥയും സമാനമാണ്. പായല്‍ കെട്ടിനില്‍ക്കുന്നത് ജലഗതാഗതത്തിനും ഭീഷണിയാകുന്നു. കൈതപ്പുഴ കായലില്‍ പള്ളിപ്പുറം മുതല്‍ അരൂക്കുറ്റി വരെയുള്ള പ്രദേശങ്ങളില്‍ പായല്‍ ശല്യം രൂക്ഷമാണ്. ഊന്നി വലയിടുന്നവര്‍ക്കും നീട്ടുവലയിടുന്നവര്‍ക്കുമാണ് പായല്‍ ശല്യം കൂടുതല്‍ തിരിച്ചടിയാകുന്നത്. പായലില്‍ കുടുങ്ങി വല നശിച്ചുപോകുന്ന അവസ്ഥയാണ്. ഇടത്തോടുകളിലും പായല്‍ശല്യമുണ്ട്.
അഞ്ചുതുരുത്ത്, പെരുമ്പളം ദ്വീപ് എന്നിവിടങ്ങളില്‍ നിന്നും എറണാകുളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജോലിക്കു പോകുന്നവര്‍ക്ക് കൃത്യസമയത്ത് എത്താന്‍ കഴിയാത്ത സ്ഥിതിയാണ്. പായല്‍ നീക്കം ചെയ്യാന്‍ ത്രിതല പഞ്ചായത്ത് കര്‍മപദ്ധതി ആവിഷ്‌കരിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: