കാവനാട്: നാലുകിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന ശക്തികുളങ്ങര തീരദേശറോഡിന്റെ സ്ഥിതി പരമദയനീയമായി തുടരുന്നു. പൊട്ടിപൊളിഞ്ഞ റോഡ് പുനര്‍നിര്‍മിക്കാനുള്ള ടെണ്ടറായിട്ട് ഒരു വര്‍ഷമായിട്ടും ഒരുനടപടിയുമില്ലെന്ന് നാട്ടുകാര്‍.
പഴയ റോഡിന്റെ മെറ്റലുകളെല്ലാം ഇളകി കിടക്കുന്നതിനാല്‍ സഞ്ചാരം ദുഷ്കരമാണ്. വാഹനയാത്രികരും കാല്‍നടയാത്രക്കാരും വളരെയധികം ബുദ്ധിമുട്ടുകയാണ്. തീരദേശത്തെ മുന്നൂറോളം വീട്ടുകാരുടെ സഞ്ചാരപാത കൂടിയാണിത്. ഹാര്ബറിലെത്താനുള്ള ഈ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തികുളങ്ങര പൗരസമിതിയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍ക്കും കളക്ടര്‍ക്കും കോര്‍പ്പറേഷനും പൊതുമരാമത്ത് മന്ത്രിക്കുമെല്ലാം പല തവണ നിവേദനം നല്‍കിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല.
ഒരുവര്‍ഷത്തിലേറെയായി റോഡ് നിര്‍മാണ ചുമതലയെടുത്ത കോണ്ട്രാക്ടറോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ തിരിഞ്ഞുപോലും നോക്കിയിട്ടില്ല. കൊവിഡിന്റെ മറവിലായിരുന്നു നേരത്തെ ഇതെങ്കില്‍ ഇപ്പോള്‍ മഴയുടെ പേരിലായി. ആദ്യഘട്ടത്തില്‍ ഫണ്ട് കിട്ടുന്നില്ലെന്നായിരുന്നു സമീപിച്ച നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ ഫണ്ട് കിട്ടിയപ്പോള്‍ ടാര്‍ കിട്ടുന്നില്ലെന്നായി, ടാര്‍ കിട്ടിയപ്പോള്‍ മഴയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി, മഴ മാറിയപ്പോള്‍ വീണ്ടും നടപടികള്‍ നീളുകയാണ്.
കോണ്‍ട്രാക്ടറും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് പ്രദേശത്തെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ വളരെ ശക്തമായ ജനവികാരമുണ്ടാകും. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരും കളക്ടറും വിഷയത്തില്‍ ഇടപെട്ട് അടിയന്തരമായി പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് പൗരസമിതി പ്രസിഡന്റ് ബ്രൂണോ ആല്‍ബര്‍ട്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: