ശരണംവിളി മുഴങ്ങിയിരുന്ന കാനനപാതകള്‍, മഹാമാരി വിതച്ച ദുരിതത്തില്‍ നിന്ന് മോചനമില്ലാതെ ഈ മണ്ഡലകാലത്തും വിജനം. നൂറ്റാണ്ടുകളിലൂടെ ചവിട്ടിത്തെളിച്ച അയ്യപ്പന്റെ പൂങ്കാവനത്തിലെ ഒറ്റയടി പാതകള്‍ ഇരുമുടി താങ്ങി ശരണംവിളിച്ചെത്തുന്ന തീര്‍ത്ഥാടകരുടെ വരവിനായി കാതോര്‍ക്കുകയാണ്. ഈ പരമ്പരാഗത വഴികളിലൂടെ ഇപ്പോള്‍ അയ്യപ്പന്മാരെ കടത്തിവിടാറില്ല. നിയന്ത്രണം ഏര്‍പ്പെടുത്തിയത് തീര്‍ത്ഥാടകരുടെ വരവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.
സ്ഥിരമായി കാനപാതയിലൂടെ എത്തുന്നവരാരും തന്നെ ഇത്തവണ സന്നിധാനത്തെത്തിയിട്ടില്ല. കാനനഭംഗി നുകര്‍ന്ന് അയ്യപ്പദര്‍ശനത്തിന്റെ മുഴുവന്‍ സൗഭാഗ്യവുമറിഞ്ഞ് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയിരുന്ന കാനനപാതയായിരുന്നു, എരുമേലിയില്‍ നിന്ന് കാല്‍നടയായി കാളകെട്ടിയും അഴുതയും, കരിമലയും, വലിയാനവട്ടവും ചെറിയാനവട്ടവും താണ്ടി, പമ്പയില്‍ എത്തി നീലിമലയും അപ്പാച്ചിമേടും, ശരംകുത്തിയും മരക്കൂട്ടവും കടന്നെത്തുന്ന ദര്‍ശന വഴികള്‍.
മണ്ഡലകാലം തുടങ്ങിയാല്‍ ആയിരക്കണക്കിന് ഭക്തരാണ് ശരണംവിളികളുമായി ഇതുവഴി ദര്‍ശനത്തിനെത്തിയിരുന്നത്. ഈവഴി ഇപ്പോള്‍ വിജനമാണ്. കൂടാതെ തമിഴ് നാട്ടിലെ കമ്പം തേനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ വണ്ടിപ്പെരിയാര്‍, സത്രം പുല്‍മേട് വഴി പാണ്ടിത്താവളത്തെത്തി ദര്‍ശനം നടത്തിയിരുന്ന പാതയും ശരണമന്ത്രധ്വനികള്ക്കായി കാതോര്‍ക്കുകയാണ്.
സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍നിന്ന് നീലിമല വഴിയുള്ള പരമ്പരാഗത പാത തുറക്കുമെന്നാണ് ദേവസ്വം അധികൃതര്‍ അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: