ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടക. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി. 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് നിബന്ധനകള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ കേരളത്തില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമായും നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതും ദക്ഷിണാഫ്രിക്കയില്‍ പുതിയ വകഭേദം കണ്ടെത്തിയതുമാണ് പുതിയ തീരുമാനത്തിന് കാരണം. കൊവിഡില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ച ക്വാറന്റീനിലിരിക്കണം. പതിനാറാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണം. കോളേജുകളില്‍ കൂട്ടംകൂടുന്നതിനും പരിപാടികള്‍ക്കും സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ഹോട്ടലുകള്‍, തിയേറ്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ടു ഡോസ് വാക്സിന് നിര്‍ബന്ധമാക്കി. ബെംഗളൂരു വിമാനത്താവളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ കര്‍ശന നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. സുധാകര്‍ കെ. വ്യക്തമാക്കി.
വാക്സിന് എടുത്തവരെപ്പോലും ബാധിക്കുമെന്ന് ആശങ്കയുള്ള കൊവിഡ് വൈറസിന്റെ പുതിയ ജനിതക വകഭേദം ദക്ഷിണാഫ്രിക്കയില്‍ പടരുന്നതിന് പിന്നാലെ ലോകം ആതീവ ജാഗ്രതയിലാണ്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വൈറസ് ജര്‍മ്മനിയും ഇസ്രയേലും അടക്കം പത്തോളം രാജ്യങ്ങളിലും ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലും വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: