ന്യൂദല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ (പിഎം-ജികെഎവൈ) കീഴില്‍ വിതരണം ചെയ്തിരുന്ന സൗജന്യ റേഷന്‍ പദ്ധതി 2022 മാര്‍ച്ച് വരെ നീട്ടാന്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കൊവിഡ്19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എന്‍എഫ്എസ്എ) പരിരക്ഷിക്കുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പിഎം-ജികെഎവൈ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ കാലാവധിയാണ് നാലുമാസത്തേയ്ക്കൂടി നീട്ടിയതായി കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് താക്കൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഈ പദ്ധതിയുടെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും യഥാക്രമം 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും 2020 ജൂലൈ മുതല്‍ നവംബര്‍ വരെയും ആയിരുന്നു നടന്നിരുന്നത്. സ്കീമിന്റെ മൂന്നാം ഘട്ടം 2021 മേയ് മുതല്‍ ജൂണ്‍ വരെ പ്രവര്‍ത്തനക്ഷമമായിരുന്നു. പദ്ധതിയുടെ നാലാം ഘട്ടം നിലവില്‍ 2021 ജൂലൈ-നവംബര്‍ മാസങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2021 ഡിസംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള അഞ്ചാം ഘട്ടത്തിനായുള്ള പി.എം.ജി.കെ.എ.വൈ പദ്ധതിക്ക് അധിക ഭക്ഷ്യസബ്സിഡിയായി 53,344.52 കോടി രൂപയാണ് കണക്കാക്കുന്നത്. പിഎം-ജികെഎവൈ ഘട്ടം അഞ്ചില്‍ മൊത്തം 163 ലക്ഷം മെട്രിക് ടണ്‍ (എല്‍.എം.ടി) ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുമെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.
ഏകദേശം 80 കോടി ഗുണഭോക്താക്കായി ഇതുവരെ, പി.എം.ജി.കെ.എ.വൈ (ഒന്നാം ഘട്ടം മുതല്‍ നാലാംഘട്ടംവരെ) വഴി ഏകദേശം 600 എല്‍.എം.ടി ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചിട്ടുണ്ട. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഏകദേശം 2.07 ലക്ഷം കോടി രൂപയുടെ ഭക്ഷ്യധാന്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ എത്തിച്ചതെന്നു കേന്ദ്രമന്ത്രി പറഞ്ഞു.
പി.എം.ജി.കെ.എ.വൈ നാലിന് വിതരണം പുരോഗമിക്കുകയാണ്. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം 93.8% ഭക്ഷ്യധാന്യങ്ങള്‍ എടുത്തിട്ടുണ്ട്. ഏകദേശം 37.32 എല്‍.എം.ടി (ജൂലൈ 21ന്റെ 93.9%), 37.20 എല്‍.എം.ടി (ഓഗസ്റ്റിന്റെ 93.6%). 21), 36.87എല്‍.എം.ടി (സെപ്റ്റംബര്‍21ലെ 92.8%), 35.4 എല്‍.എം.ടി (ഒക്ടോബര്‍ 21ന്റെ 89%), 17.9 എല്‍.എം.ടി (നവം21ന്റെ 45%) ഭക്ഷ്യധാന്യങ്ങള്‍ യഥാക്രമം ഏകദേശം 74.64 കോടി, 74.4 കോടി, 73,75കോടി. 70.8 കോടി, 35.8 കോടി ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. പി.എം.ജി.കെ.എ.വൈ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ഘട്ടത്തില്‍ സര്‍ക്കാര്‍ ഏകദേശം 2.60 ലക്ഷം കോടി രൂപ ചെലവിടുമെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: