നരേന്ദ്ര മോദിയെ വ്യത്യസ്തനാക്കുന്നത് എന്താണ്? ഗുജറാത്തിലെ ഒരു സാധാരണ ആര്‍എസ്എസ് പ്രവര്‍ത്തകനില്‍ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ വരെയെത്തിയ അദ്ദേഹത്തിന്റെ പ്രത്യേകതകള്‍ എന്താണ്? ആരാണ് അദ്ദേഹത്തിന്റെ ഇഷ്ട ദൈവം? ആര്‍എസ്എസിന്റെ പ്രചാരകനായി രാഷ്‌ട്രസേവനത്തിന് ഇറങ്ങിത്തിരിച്ച ഒരാളെക്കുറിച്ച് ഇങ്ങനെയൊക്കെ ചിന്തിക്കാമോ എന്നറിയില്ല. എന്നാല്‍ ചില സംഭവങ്ങള്‍, ചില തീരുമാനങ്ങള്‍ കാണുമ്പോള്‍ മനസ് അതിലേക്കൊക്കെ ഓടിച്ചെല്ലുന്നു. ഏറ്റവുമൊടുവില്‍, പരിഷ്‌കരിച്ച കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന തീരുമാനം വരെ ഒന്ന് ഓര്‍ത്തുനോക്കൂ.
ചുമതലകള്‍ ഓരോന്നായി ഏല്‍പിക്കപ്പെടുമ്പോഴും ഒരാളും നരേന്ദ്ര മോദിക്ക് വേണ്ടി പ്രത്യേകിച്ച് നിലകൊള്ളാനുണ്ടായിരുന്നില്ല. ഇന്ന് സാധാരണയായി രാഷ്‌ട്രീയ രംഗത്തും അധികാര കേന്ദ്രങ്ങളിലുമൊക്കെ കേള്‍ക്കുന്ന ‘ഗോഡ് ഫാദര്‍’ മാരെക്കുറിച്ചാണ് സൂചിപ്പിച്ചത്. മോദിക്ക് ഒരു ‘ഗോഡ് ഫാദറെ’ ഉണ്ടായിരുന്നുള്ളൂ; അത് ആര്‍എസ്എസും അത് മുന്നോട്ടുവയ്‌ക്കുന്ന ആദര്‍ശവുമാണ്. ദര്‍ശനമാണ്. പ്രസ്ഥാനം എന്ത് പറഞ്ഞോ അത് ചെയ്യുന്നു. എന്താണോ സംഘടന ആവശ്യപ്പെടുന്നത്, അതൊക്കെയും ഏറ്റെടുക്കുന്നു, നടപ്പിലാക്കുന്നു. ഒരു സംഘ പ്രചാരകന്റെ മനസ്സ് അങ്ങനെയാണ്.
ശ്രീരാമചന്ദ്രനെ മനസ്സില്‍ പ്രതിഷ്ഠിച്ച വ്യക്തിത്വമെന്നാണ് വാജ്‌പേയിയെക്കുറിച്ച് പറയാറുണ്ടായിരുന്നത്. ശ്രീരാമനെ മാതൃകയാക്കി, ശ്രീരാമ ദര്‍ശനങ്ങള്‍ മനസിലേറ്റി മുന്നോട്ട് നീങ്ങിയ രാഷ്‌ട്രീയ നേതാവ്; ഭരണത്തിലേറിയപ്പോഴും അത് അദ്ദേഹത്തില്‍ പ്രകടമായിരുന്നു. എല്‍.കെ. അദ്വാനിയെയും അങ്ങനെയാണ് കണക്കാക്കിയത്. ശ്രീരാമ ക്ഷേത്ര പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ള ആളാണല്ലോ അദ്വാനി. രാമന്റേത് ഒരു സാത്വിക മനസാണ്. ആരെയും വേദനിപ്പിക്കാതെ, രാഷ്‌ട്രധര്‍മ്മം മാത്രം നോക്കുന്ന മനസ്. അതിനായി എന്ത് വിട്ടുവീഴ്ചയ്‌ക്കും തയ്യാറുള്ള ഒരാള്‍. രാമരാജ്യമാണ് നമുക്ക് വേണ്ടതെന്നും നമ്മുടേത് രാമ രാജ്യത്തിലേക്കുള്ള പ്രയാണമാണ് എന്നുമൊക്കെ പറയാറുണ്ടല്ലോ. ഇത്തരം ചിന്തകള്‍ വാജ്പേയിയെ മഥിച്ചിട്ടുണ്ട്. പക്ഷെ, എനിക്ക് തോന്നിയിട്ടുള്ളത് മോദിയെ നയിക്കുന്നത് ഭഗവാന്‍ കൃഷ്ണന്റെ തത്വചിന്തകളാണോ എന്നാണ്.
ചില നടപടികള്‍ കാണുമ്പോള്‍ ശ്രീകൃഷ്ണന്‍ സ്വീകരിച്ച തന്ത്രങ്ങള്‍, എടുത്ത നിലപാടുകള്‍ ഓര്‍മ്മയിലെത്തുന്നു. കൃഷ്ണചരിതമെടുത്താല്‍ മൂന്ന് സംഭവങ്ങള്‍ മനസ്സിലെത്തും. ഒന്ന്, പാഞ്ചാലി വസ്ത്രാക്ഷേപം നടന്നപ്പോള്‍ ആ സോദരിയുടെ വിലാപവും പ്രാര്‍ത്ഥനയും കേട്ട് ഓടിയെത്തുന്ന കൃഷ്ണന്‍. ദ്വാരകയില്‍ നിന്നുമെത്തിയ ഭഗവാന്‍ അവിടെ പ്രത്യക്ഷനായില്ല, ആര്‍ക്കും തിരിച്ചറിയാനാവാതെ. പക്ഷെ വസ്ത്രാക്ഷേപത്തിന് വിധേയയായ പാഞ്ചാലിയുടെ ദേഹത്തു ഒന്നൊന്നായി വസ്ത്രങ്ങള്‍… തന്റെ ഭക്ത അപമാനിക്കപ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ എത്തുമെന്ന് ഭഗവാന്‍ കാണിച്ചുതന്നു. സ്ത്രീത്വത്തെയാണ് അവിടെ രക്ഷിച്ചത് (മഹാഭാരതത്തിലെ സഭാ പര്‍വ്വം).
മറ്റൊന്ന്, കൗരവസഭയിലേക്ക് സമാധാന ദൂതുമായി, പാണ്ഡവരുടെ പ്രതിനിധിയായി എത്തുന്ന കൃഷ്ണന്‍. അവിടെ ദുര്യോധനനും ശകുനിയും ദുശ്ശാസനനും കര്‍ണ്ണനുമൊക്കെച്ചേര്‍ന്ന് ഭഗവാനെ ബന്ധനസ്ഥനാക്കാന്‍ നോക്കിയപ്പോള്‍ വിശ്വരൂപം കാണിച്ചുകൊടുത്തത്. കൗരവസഭയിലെ മേലാളന്മാര്‍ക്ക് അപ്പോഴുണ്ടായ മാറ്റമോ?
മൂന്നാമത് കുരുക്ഷേത്ര യുദ്ധഭൂമിയില്‍ അര്‍ജ്ജുനന് വിശ്വരൂപം കാണിച്ചുകൊടുത്തത്; മഹാഭാരതത്തില്‍ ഉദ്യോഗപര്‍വ്വത്തില്‍ അത് കാണാം; അതാണ് ശങ്കരാചാര്യര്‍ ഭഗവദ് ഗീതയിലെ പതിനെട്ടാമത് അധ്യായമായി നമുക്ക് സംഭാവന ചെയ്തത്. കര്‍ഷക നിയമ ഭേദഗതികള്‍ പിന്‍വലിക്കാനുള്ള തീരുമാനം രാഷ്‌ട്രത്തെ അറിയിച്ചുകൊണ്ട് മോദി പറഞ്ഞതോര്‍ക്കുക. ‘ചെയ്തത് കര്‍ഷകര്‍ക്ക് വേണ്ടി, ഇപ്പോള്‍ ചെയ്യുന്നത് രാഷ്‌ട്രത്തിന് വേണ്ടി’. ആ വാക്കുകളില്‍ എല്ലാമടങ്ങിയിട്ടില്ലേ. കര്‍ഷക രക്ഷയ്‌ക്കാണ് താനിത് ചെയ്തത്. എണ്‍പതു ശതമാനം കര്‍ഷകരും ഇടത്തരക്കാരാണ്. അവര്‍ക്കു വേണ്ടിയാണ് നിയമം ഭേദഗതി ചെയ്തത്; ചെറിയൊരു വിഭാഗത്തിന് വിഷമമുണ്ടായി. അവര്‍ കലാപക്കൊടി ഉയര്‍ത്തി. ഇന്നിപ്പോള്‍ രാജ്യമാണ് വലുത്, അതുകൊണ്ട് പിന്‍വാങ്ങുന്നു.
കഴിഞ്ഞ ദിവസം, ലഖ്നൗവില്‍ നിന്നൊരു ചിത്രം രാജ്യം കണ്ടു; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചേര്‍ത്തുപിടിച്ച് നടന്നുകൊണ്ട് സംസാരിക്കുന്ന നരേന്ദ്ര മോദിയെ. യോഗി തന്നെയാണ് ആ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. അങ്ങനെയൊരാള്‍ സംസാരിക്കുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷം, സംതൃപ്തി, അതിലേറെ ലഭിക്കുന്ന ആത്മവിശ്വാസം പറഞ്ഞറിയിക്കുക സാധ്യമാണോ?. ഒരു രാഷ്‌ട്ര തന്ത്രജ്ഞന്‍ എന്നതിലുപരി യോഗിവര്യനെപ്പോലെയല്ലേ അവിടെ നരേന്ദ്ര മോദി ഇടപെടുന്നത്. യുദ്ധഭൂമിയില്‍ അര്‍ജുനനുണ്ടായ മാറ്റം, അതിനപ്പുറമാവണം ഇക്കഴിഞ്ഞ ഞായറാഴ്ച ഒരു സംന്യാസിയായ യോഗി ആദിത്യനാഥിനുണ്ടായത്. അത് അദ്ദേഹത്തിന്റെ ട്വീറ്റില്‍ നിന്ന് നമുക്ക് തിരിച്ചറിയാനാവുന്നുമുണ്ട്. ‘പ്രതിജ്ഞ ചെയ്ത് ഇറങ്ങിയവര്‍ നമ്മള്‍; ശരീരവും മനസും അര്‍പ്പിച്ച് ഒരു നവ സൂര്യോദയത്തിനുറപ്പിച്ച് ആകാശവും താണ്ടി പോകേണം, നവഭാരത നിര്‍മ്മിതിക്കായി’ എന്ന് യുപി മുഖ്യമന്ത്രി ആ ഫോട്ടോയ്‌ക്ക് ഒപ്പം കുറിക്കുമ്പോള്‍! നരേന്ദ്ര മോദി അതിലൂടെ നല്‍കുന്ന ഒരു സന്ദേശം മുഴുവന്‍ രാജ്യത്തിനുമുള്ളതാണ്. നമ്മുടെ കര്‍ഷക കോടികള്‍ അത് തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു.
ഒരു നിയമം പിന്‍വലിക്കുന്നത് ദുരഭിമാന പ്രശ്‌നമായി മോദി കണ്ടില്ല എന്നതാണ് ശ്രദ്ധേയം. അക്കാര്യം പരസ്യമായി പറഞ്ഞു; അത് രാജ്യതാല്‍പര്യമായി കാണുകയും ചെയ്തു. പണ്ട് മഹാത്മാ ഗാന്ധിയും ഇതുപോലെ പലപ്പോഴും ഈ വിധത്തില്‍ പിന്‍വാങ്ങിയിട്ടുണ്ട്. നിസ്സഹകരണ സമരം ഇടയ്‌ക്കുവച്ച് ഉപേക്ഷിച്ചതോര്‍ക്കുക; അതുപോലെ ദിശമാറുന്നു അഥവാ വഴിതെറ്റുന്നു എന്ന് കണ്ടപ്പോള്‍ ഖിലാഫത് പ്രക്ഷോഭവും മഹാത്മജി അവസാനിപ്പിക്കുകയായിരുന്നു. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്.
കമ്മ്യൂണിസ്റ്റുകാര്‍ ഒന്ന് മറക്കരുത്; തങ്ങള്‍ ഒരിക്കലും ഇതിനൊന്നും തയ്യാറായിട്ടില്ല എന്ന് പറയുകയുമരുത്. 1957- ലെ വിദ്യാഭ്യാസ നിയമത്തിനെതിരെ കോടതിയില്‍ കേസുകളുണ്ടായി. അവസാനം നിയമത്തിലെ ചില പ്രധാന നിലപാടുകള്‍ സുപ്രീം കോടതി ശരിവെച്ചു. സ്വകാര്യ- എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നത് മാനേജ്മന്റ് ആണെങ്കില്‍ സര്‍ക്കാര്‍ ശമ്പളം കൊടുക്കേണ്ടതില്ല എന്നത് അന്നത്തെ തീര്‍പ്പായിരുന്നു.
പിന്നീട് കേരള ഹൈക്കോടതി ജസ്റ്റിസുമാരായ പി.കെ. ബാലസുബ്രമണ്യനും ടി.എം. ഹസന്‍ പിള്ളയുമടങ്ങിയ ബെഞ്ച് 2001 നവംബറില്‍ അത് ഓര്‍മ്മിപ്പിച്ചു. ഇഎംഎസും ജോസഫ് മുണ്ടശ്ശേരിയും ഇന്നില്ലെന്നത് ശരി; പക്ഷെ ആ പാര്‍ട്ടിക്ക് ഇന്ന് ആ നിലപാടുകളോട് ചേര്‍ന്ന് നില്ക്കാന്‍ കഴിയുന്നുണ്ടോ. അവര്‍ ഇപ്പോഴും അതില്‍നിന്നൊക്കെ ഒളിച്ചോടുകയല്ലേ?. വിമോചന സമരത്തിനും ഇഎംഎസ് സര്‍ക്കാരിന്റെ പതനത്തിനും വഴിയൊരുക്കിയതാണ് ആ നിയമനിര്‍മാണം. പിന്നെ, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ എത്രയെത്ര വട്ടം നിലപാടുകള്‍ മാറ്റിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അടിയാളന്മാരായി മാറുന്നതുവരെയുള്ള ചരിത്രം പഠ്യവിഷയമാക്കേണ്ടതാണ്. ചില ചരിത്ര പാഠങ്ങള്‍ ഓര്‍മ്മിപ്പിച്ചുവെന്നേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: