അഡ്വ. എസ്. ജയസൂര്യന്‍
ഭാരത ജനസംഖ്യയുടെ 55 ശതമാനം കാര്‍ഷിക വൃത്തി ചെയ്യുകയും, ജിഡിപിയുടെ 15.4 ശതമാനം വരുമാനം നേടുകയും ചെയ്യുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. കോളനിവാഴ്ച്ചക്കാലത്ത് കൃഷിയുടെ മുഖ്യ ഉദ്ദേശ്യം എന്നത് ഉപഭോക്താവിന് കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്നതായിരുന്നു. ഇവിടെ ഉപഭോക്താവ് എന്നുള്ളത് വ്യവസായികളും വ്യാപാരികളുമാരായിരുന്നു. മാഞ്ചസ്റ്ററിലെ തുണിമില്ലുകള്‍ക്ക് കുറഞ്ഞവിലയ്ക്ക് പരുത്തി കിട്ടാനായിട്ടാണ് 1886 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഹൈദരാബാദില്‍ ആദ്യത്തെ മണ്ഡി (ചന്ത) സ്ഥാപിച്ചത്. ഇതായിരുന്നു എപിഎംസി കളുടെ ആദ്യരൂപം. സ്വാതന്ത്ര്യത്തിനുശേഷം നാം നേരിട്ട വലിയ വെല്ലുവിളി ജനസംഖ്യയുടെ 80 ശതമാനവും കാര്‍ഷികവൃത്തി ചെയ്തിട്ടും 55 മില്യണ്‍ ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാനേ സാധിച്ചുള്ളൂ എന്നതാണ്. കാര്‍ഷിക പരിഷ്കാരങ്ങളും നൂതന കൃഷി സങ്കേതങ്ങളും ഏറെ നിര്‍ണായകമായി വന്ന കാലമായിരുന്നു അത്.
ഇതിനായി 1950കളില്‍ നെഹ്റു സര്‍ക്കാര്‍ പഞ്ചവത്സര പദ്ധതികള്‍ എന്ന ആശയത്തെ സോവിയറ്റ് യൂണിയനില്‍ നിന്ന് കടം കൊണ്ടു. അറുപതുകളിലും എഴുപതുകളിലും കാര്‍ഷികമേഖലയ്ക്ക് പ്രാധാന്യം നല്‍കിയുള്ള പഞ്ചവത്സര പദ്ധതികളാണ് നടന്നത്. എങ്കിലും ഉത്പാദനത്തിന് അനുസരിച്ചുള്ള സാമ്പത്തികനേട്ടം കര്‍ഷകനു മാത്രം നേടാനായില്ല. കാര്‍ഷികമേഖലയിലെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും ആനുപാതികമായ നേട്ടം ലഭിച്ചത് കച്ചവടക്കാര്‍, വ്യവസായികള്‍, ഇടനിലക്കാര്‍, വട്ടിപ്പലിശക്കാര്‍ എന്നിവര്‍ക്കായിരുന്നു. അവര്‍ കാര്‍ഷികമേഖലയെ തടവില്‍ പാര്‍പ്പിച്ച്, ചൂഷണം ചെയ്തു.
1955ല്‍ പാസാക്കിയ അവശ്യ സാധന നിയമപ്രകാരം ഭക്ഷണം, മരുന്ന്, പരുത്തി, കല്‍ക്കരി, കാലിത്തീറ്റ, ഇരുമ്പ് എന്നിങ്ങനെ പലതിന്റെയും ഉത്പാദനത്തെ നിയന്ത്രിക്കാന്‍ കമ്പോള ഇടപെടലുകളുണ്ടായി. 1960-70കളില്‍ സംസ്ഥാനങ്ങളില്‍ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് റെഗുലേഷന് ആക്ട് (എപിഎംആര്‍) വഴി അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുകയും അവയെ നയിക്കാനായി അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മറ്റികള്‍(എപിഎംസി) ഉണ്ടാക്കുകയും ചെയ്തു.
ഏതാണ്ട് ഇതേ സമയത്താണ് 1959 ല്‍ ഫ്രാങ്ക് ഡബ്ല്യു പാര്‍ക്കര്‍ എന്ന അമേരിക്കന്‍ കാര്‍ഷിക വിദഗ്ധന്റെ ഉപദേശപ്രകാരം മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്പി-താങ്ങുവില) ഏര്‍പ്പെടുത്തിയത്. സി. സുബ്രഹ്മണ്യം ഭക്ഷ്യ മന്ത്രി ആയിരുന്ന കാലത്ത് 1964 ല്‍ എംഎസ്പി എന്നത് കര്‍ഷക രക്ഷയ്ക്ക് ഏറെ ആവശ്യമാണെന്ന് ഉറപ്പിച്ചു കൊണ്ട്, അതിനായി അദ്ദേഹം രണ്ട് സംവിധാനങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
താങ്ങുവില നിശ്ചയിക്കാനായി അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് കമ്മീഷനും കര്‍ഷകരില്‍ നിന്നും താങ്ങുവില നല്കി ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാനായി എഫ്സിഐയും. എഫ്സിഐ (ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ) വഴി 1968 മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ചുതുടങ്ങി. പതിറ്റാണ്ടുകളോളം എപിഎംസികളും എഫ്സിഐ യും ഈ രംഗം അടക്കി വാണു എന്നാല്‍, കാലക്രമേണ എപിഎംസികള്‍ പലതരം ചൂഷണങ്ങളുടെയും കേന്ദ്രമായി മാറി. ബ്രിട്ടീഷുകാരുടെ കാലത്ത് രൂപീകരിച്ച എപിഎംസി സംവിധാനങ്ങള്‍, പില്ക്കാലത്ത് പരിഷ്കരിച്ചിരുന്നുവെങ്കില്പോലും, അവയുടെ പ്രവര്‍ത്തന മണ്ഡലം വളരെ വലുതായിരുന്നു. പഞ്ചാബില്‍ 114.78 ചതുരശ്ര കിലോമീറ്ററാണെങ്കില്‍, മേഘാലയയില്‍ എത്തുമ്പോള്‍ 11215 ചതുരശ്ര കിലോമീറ്ററായി. ദേശീയ ശരാശരി പോലും 487.40 ചതുരശ്രകിലോമീറ്ററാണ്.
2004 ല്‍ ദേശീയ കര്‍ഷക കമ്മീഷന് പറഞ്ഞത് അഞ്ച് ചതുരശ്ര കിലോമീറ്ററിന് ഒരു എപിഎംസി വേണമെന്നാണ്. ഇതു മാത്രമല്ല പ്രശ്നം. ഹരിതവിപ്ലവം കഴിഞ്ഞ ശേഷം 20 വര്‍ഷം കഴിഞ്ഞപ്പോള്‍ ലോക ബാങ്കും, അന്താരാഷ്ട്ര നാണ്യ നിധിയും മറ്റും കാര്‍ഷിക മേഖലയില്‍ നിന്ന് വ്യാവസായിക മേഖലയിലേക്ക് ശ്രദ്ധ തിരിച്ചിരുന്നു. ഏതൊരു രാജ്യത്തിനും കൃഷി കൊണ്ടുമാത്രം വളര്‍ച്ച നേടാനാവില്ല എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ഈ മാറ്റം. ഇതേത്തുടര്‍ന്ന് ലോകരാജ്യങ്ങള്‍ വ്യാവസായിക വാണിജ്യ മേഖലയിലേക്ക് മാറുകയും വളരുകയും ചെയ്തപ്പോഴും ഭാരതത്തിലെ കര്ഷകന് ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും സാമ്പത്തികമായി വളരാനുമുള്ള സംവിധാനങ്ങള്‍ ഭരണകൂടങ്ങള്‍ ചെയ്തു കൊടുത്തില്ല. എന്നാല്‍ പരമ്പരാഗത കാര്‍ഷിക മേഖലയില്‍ നിന്നാല്‍ ആ വരുമാനം കൊണ്ടുമാത്രം ജീവിക്കാനാവില്ല എന്ന് ബോധ്യപ്പെട്ട ചില കര്‍ഷകരെങ്കിലും വാണിജ്യ വിളകളിലേക്ക് ചുവടു മാറ്റി. കേരളത്തില്‍ റബ്ബര്‍ മുതല്‍ വാനില വരെ ഇതിനുള്ള ഉദാഹരണങ്ങളാണ്. പക്ഷേ ആ പരീക്ഷണവും പരാജയപ്പെട്ടു. ഇതില്‍ നിന്നും കരകയറാന്‍ കര്‍ഷകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മോദി സര്‍ക്കാര്‍ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. കര്ഷകന് എന്നും അസംസ്കൃത വസ്തുക്കള്‍ മാത്രം ഉത്പാദിപ്പിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്നാണ് മോദി ദീര്‍ഘദര്‍ശനം ചെയ്തത്. ഏതൊരു കാര്‍ഷിക ഉത്പന്നവും മൂല്യവര്‍ധിതമാക്കി മാത്രമാണ് യഥാര്‍ത്ഥ ഉപഭോക്താവിന്റെയടുത്ത് എത്തുന്നത്.
എന്നാല്‍ ഈ മൂല്യവര്‍ധന വ്യവസായികള്‍ക്കും വലിയ പണക്കാര്‍ക്കും മാത്രമേ സാധിക്കൂ എന്നുള്ള അന്ധവിശ്വാസം കര്‍ഷകരില്‍ രൂഢമൂലമായിരുന്നു. ഗുജറാത്തിലെ ആനന്ദ് മോഡലും ലിജിത്ത് പപ്പടവും പോലെയുള്ള പല പരീക്ഷണങ്ങളും വിജയിച്ചുവെങ്കിലും ആ വിജയം കര്‍ഷകരിലേക്ക് എത്തിക്കുന്നതില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ താല്പര്യം കാണിച്ചില്ല. അവിടെയാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകനെ സംരംഭകനും ബിസിനസുകാരനും ആക്കുവാന് ലക്ഷ്യംവച്ചുകൊണ്ട്, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ തുടങ്ങുവാന്‍ പ്രേരിപ്പിച്ചത്. രാജ്യമെമ്പാടും 10000 എഫ്പിഒകള്‍ ആരംഭിക്കാന്‍ ഒരു ലക്ഷം കോടി രൂപയാണ് മോദി സര്‍ക്കാര്‍ മാറ്റിവച്ചത്.
കേരളത്തിന് 3865 കോടി രൂപയാണ് ഇതിനായി നല്‍കിയത്. സംസ്ഥാനം അത് വാങ്ങുകയും ചെയ്തു. നാളിതുവരെയായി കേരളം ഒരു എഫ്പിഒ പോലും തുടങ്ങിയിട്ടില്ല. മണ്ഡികള്‍ എന്ന വിളിപ്പേരിലുള്ള എപിഎംസികളുടെ നേതാക്കന്മാരും ചുമതലക്കാരും കോടാനുകോടി രൂപയുടെ ആസ്തിയോടു കൂടി വളര്‍ന്നു പന്തലിച്ചപ്പോള്‍, കര്‍ഷകര്‍ അവരുടെ അടിമകളായി മാത്രം നിലനിന്നു. കര്ഷകന് കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കാനുള്ള അവസരം എപിഎംസി മുതലാളിമാര്‍ ഏറ്റെടുത്തപ്പോള്‍ അവരുടെ ദാസന്മാരായി നിന്ന് അടിമവേല ചെയ്യുന്നവരായി ഉത്തരേന്ത്യന്‍ കര്‍ഷകര്‍ മാറി. ഈ അടിമത്തത്തില്‍ നിന്ന് നരേന്ദ്ര മോദി അവരെ രക്ഷിക്കുകയാണുണ്ടായത് എന്ന യാഥാര്‍ത്ഥ്യമാണ് രാഷ്ട്രീയക്കാരും കുത്തക മുതലാളിമാരും കര്‍ഷകരില്‍ നിന്ന് മറച്ചുവച്ചത്. അവരെ തെറ്റിദ്ധരിപ്പിച്ച് സമര രംഗത്തേക്ക് ആട്ടിത്തെളിച്ചതും. ക്രമേണ ആ സമരത്തിന്റെ ചൂടും ചൂരും കുറഞ്ഞുവന്നു. കര്‍ഷക സമരത്തോടൊപ്പം കൊവിഡും ശക്തമായപ്പോള്‍ പോലും കാര്‍ഷിക ഉത്പാദനത്തില്‍ ഭാരതം സര്‍വ്വകാല റെക്കോര്‍ഡാണ് നേടിയത് എന്നോര്‍ക്കണം.
എന്തുകൊണ്ട് ഈ തീരുമാനം?
കാര്‍ഷിക നിയമങ്ങള്‍ എന്തുകൊണ്ട് പിന്‍വലിച്ചു എന്നതാണ് ഒരു ചോദ്യം. ഈ നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഹ്രസ്വ പ്രതികരണത്തില്‍ ഒരു കാര്യം പറയുന്നുണ്ട്. ‘ചെയ്തതെല്ലാം കര്‍ഷകര്‍ക്കു വേണ്ടിയാണ്. ഈ നിയമങ്ങളും കര്‍ഷകര്‍ക്കുവേണ്ടിയായിരുന്നു. എന്നാല്‍ അത് പിന്‍വലിച്ചത് രാജ്യത്തിനുവേണ്ടിയും.’
മറ്റൊരു രംഗത്തും യാതൊരു കുറ്റവും പറയാന്‍ ഇല്ലാതെ വന്നപ്പോള്‍, സര്‍ക്കാരിനെ താറടിക്കാന്‍ മാത്രമല്ല ഭാരതത്തിലെ കര്‍ഷകന്റെ ഇടയില്‍ അസ്വസ്ഥതയും സംശയവും വര്‍ധിപ്പിച്ചുകൊണ്ട് ഭാരതത്തെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢശ്രമത്തെ ഒറ്റയടിക്ക് ഊതിക്കെടുത്തുകയാണ് പ്രധാനമന്ത്രി ഈ ഒറ്റ നടപടിയിലൂടെ ചെയ്തത്.
ഒരു ചെറിയ വിഭാഗം കര്‍ഷകരുടെ ഇടയില്‍ എങ്കിലും ആശങ്കയും സംശയവും നിലനില്‍ക്കുന്നിടത്തോളം കാലം ഈ നിയമം ആവശ്യമില്ല എന്ന് അദ്ദേഹം തീരുമാനിച്ചു. ഈ നിയമത്തിന്റെ ഗുണങ്ങള്‍ അനുഭവിച്ചു തുടങ്ങിയ കര്‍ഷകര്‍ നാളെ ഈ നിയമങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ ഇതിനേക്കാള്‍ വലിയ സമരങ്ങള്‍ തന്നെ ചെയ്തു കൂടായ്കയില്ല. ജനാധിപത്യത്തെ മാനിക്കുന്ന ഒരു ഭരണാധികാരി ജനമനസ്സിനൊപ്പം നീങ്ങുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്.
റാബി സീസണില്‍ സംഭരിച്ചത് 433 ലക്ഷം ടണ്‍ ഗോതമ്പ്
കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക ക്ഷേമത്തിനുള്ളതാണെന്നു തെളിയിച്ചും കര്‍ഷക സമരത്തിന്റെ പൊള്ളത്തരം വെളിപ്പെടുത്തിയും രാജ്യത്ത് ഭക്ഷ്യ ഉത്പാദനത്തിലും സംഭരണത്തിലും റിക്കാര്‍ഡ് നേട്ടം. ഗോതമ്പ് ഉത്പാദനത്തിലും സംഭരണത്തിലും 2021-22 വര്‍ഷത്തെ റാബി സീസണില്‍ രാജ്യം സര്‍വകാല നേട്ടമാണുണ്ടാക്കിയത്. അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ള ഭക്ഷ്യോത്പന്ന കയറ്റുമതിയിലും ഈ വര്‍ഷം വന്‍ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്.
രാജ്യത്തെ കര്‍ഷകരുടെ വരുമാനം കൂട്ടാനും കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാനും ചൂഷണം ഇല്ലാതാക്കാനും ലക്ഷ്യമിട്ട് നടപ്പാക്കിയ കാര്‍ഷിക നിയമങ്ങളെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ കര്‍ഷക സമരം എന്ന പേരില്‍ ഒരു വിഭാഗം തുടക്കമിട്ട പ്രക്ഷോഭത്തെ യഥാര്‍ത്ഥ കര്‍ഷകരും ജനങ്ങളും തിരസ്കരിച്ചു. കൊവിഡ് വ്യാപനം മൂലമുള്ള പ്രതിസന്ധിക്കിടയിലും കാര്‍ഷിക രംഗത്ത് രാജ്യം കൈവരിച്ച നേട്ടം ഇതിന്റെ തെളിവാണ്. 14 മാസമായി രാജ്യത്താകെ 80 കോടിയിലധികം ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യ വിതരണം തുടരുമ്പോഴും ഭക്ഷ്യ ഉത്പാദനത്തിലും സംഭരണത്തിലും മുന്നേറാന്‍ കഴിയുന്നത് രാജ്യത്തെ സമ്പദ്ഘടനയ്ക്കും ഭക്ഷ്യധാന്യ വിതരണത്തിനും കരുത്തു പകരുന്നു.
കേന്ദ്രസര്‍ക്കാരിനെതിരെ എന്ന പേരില്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഒരു വിഭാഗം എട്ട് മാസത്തോളമായി നടത്തുന്ന സമരം യഥാര്‍ഥ കര്‍ഷകരില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കിയിട്ടില്ലെന്നതാണ് ഗോതമ്പ് ഉല്പാദനത്തിലും സംഭരണത്തിലുമുണ്ടായ റിക്കാര്‍ഡ് നേട്ടം സൂചിപ്പിക്കുന്നത്. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ യുപി, മധ്യപ്രദേശ് മേഖലകളാണ് ഗോതമ്പ് ഉത്പാദത്തില്‍ അത്ഭുതം സൃഷ്ടിച്ചത്. പഞ്ചാബും, ഹരിയാനയും ചേര്‍ന്നാണ് ഈ നേട്ടത്തിന്റെ പകുതിയും സാധ്യമാക്കിയത് എന്നുകൂടിയാകുമ്പോള്‍ കര്‍ഷക സമരം വെറും മോദി വിരുദ്ധരുടെ സ്ഥാപിത താല്പര്യവും രാഷ്ട്രീയ ലക്ഷ്യവും മാത്രമാണെന്നു വ്യക്തമാവുന്നു.
സമരത്തിന് കാരണക്കാരായ മണ്ഡി ഏജന്റുമാരെ ഒഴിവാക്കി ചരിത്രത്തിലാദ്യമായി എഫ്സിഐയും മറ്റു വിവിധ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളും നേരിട്ടു നടത്തിയ സംഭരണം റിക്കാര്‍ഡ് നേട്ടമുണ്ടാക്കി. രാജ്യത്തെ മൊത്തം ഉത്പാദനത്തിന്റെ 75 ശതമാനത്തോളമാണ് സര്‍ക്കാര്‍ സംഭരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 43 ലക്ഷം ടണ്‍ ഗോതമ്പാണ് ഈ റബി സീസണില്‍ രാജ്യത്ത് എഫ്സിഐ അധികമായി സംഭരിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറഞ്ഞ താങ്ങുവിലയായ ക്വിന്റലിന് 1975 രൂപയ്ക്കാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വില 50 രൂപ വിളവെടുപ്പിന് തൊട്ടുമുമ്പാണ് കൂട്ടിയത്.
ഇടനിലക്കാരെ ഒഴിവാക്കി ചരിത്രത്തിലാദ്യമായി നാല്പതുലക്ഷത്തോളം വരുന്ന കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 84,369.13 കോടി രൂപ നേരിട്ട് നല്‍കിയാണ് മോദി സര്‍ക്കാരും സംസ്ഥാനങ്ങളും ഈ സര്‍വകാല റിക്കാര്‍ഡ് സൃഷ്ടിച്ചത്. മുമ്പ് മണ്ഡികളില്‍ (ലേല കേന്ദ്രങ്ങളില്‍) വില്‍ക്കുന്ന ഗോതമ്പ്, ഏജന്റുമാര്‍ വാങ്ങിയാണ് സംഭരണ ഏജന്‍സികള്‍ക്ക് നല്‍കിയിരുന്നത്. കഴിഞ്ഞ റബി സീസണില്‍ രാജ്യത്ത് മൊത്തം സംഭരിച്ചത് 389.93 ലക്ഷം ടണ്ണാണ്. ആ സ്ഥാനത്ത് ഇത്തവണ ജൂണ്‍ ഒടുവില്‍ വരെ 433.14 ലക്ഷം ടണ്‍ സംഭരിക്കാനായി.
കാര്‍ഷിക കയറ്റുമതിയിലും രാജ്യം റിക്കാര്‍ഡ് നേട്ടം കൈവരിച്ചു. 2020-21 സാമ്പത്തിക വര്‍ഷം 19 ബില്യന്‍ (ഏകദേശം 140,000 കോടി രൂപ) ഡോളറിന്റെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. 2019-20 വര്‍ഷത്തെ 15.9 ബില്യന്റ ഡോളറിനെക്കാള്‍ 25 ശതമാനം വര്‍ധനയുണ്ട്. ആറ് വര്‍ഷത്തിനിടെ ഏറ്റവും മികച്ച കയറ്റുമതിയാണിത്. 2020-21 ല്‍ 2.08 ദശലക്ഷം ഡോളറിന്റെ ഗോതമ്പാണ് ഭാരതം കയറ്റി അയച്ചത്.
ആധിപത്യം തിരിച്ചുപിടിച്ച് പഞ്ചാബ്
ഗോതമ്പ് ഉത്പാദനത്തിലും പഞ്ചാബ് നേട്ടം ആവര്‍ത്തിച്ചു. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് മൂന്ന് ശതമാനം ഉത്പാദന കുറവ് ഉണ്ടായെങ്കിലും കഴിഞ്ഞ വര്‍ഷം നഷ്ടമായ ആധിപത്യമാണ് പഞ്ചാബ് തിരിച്ചുപിടിച്ചത്. രാജ്യത്തെ ഗോതമ്പുത്പാദനത്തിന്റെ 30 ശതമാനവും ഇപ്പോള്‍ പഞ്ചാബിലാണ്. മധ്യപ്രദേശും 30 ശതമാനത്തോളം സംഭരിച്ചു. തൊട്ടടുത്ത സംസ്ഥാനമായ ഹരിയാനയും റബി വിളവെടുപ്പില്‍ മികച്ച നേട്ടം കൊയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം വര്‍ധനയാണ് സംഭരണത്തില്‍ ഹരിയാനയില്‍ ഉണ്ടായത്. രാജ്യത്തെ മൊത്തം സംഭരണത്തിന്റെ 17 ശതമാനം ഇത്തവണ ഹരിയാനയില്‍ നിന്നാണ്.
132.10 ലക്ഷം ടണ്ണാണ് ഈ സീസണില്‍ പഞ്ചാബില്‍ സംഭരിച്ചത്. കഴിഞ്ഞ തവണ ഇത് 127.14 ലക്ഷം ടണ്‍ മാത്രമായിരുന്നു. 128.08 ലക്ഷം ടണ്‍ സംഭരിച്ച മധ്യപ്രദേശ് അങ്ങനെ ആദ്യമായി രാജ്യത്തെ ഏറ്റവും വലിയ ഗോതമ്പുത്പാദകര് എന്ന നേട്ടം സ്വന്തമാക്കി. എന്നാല്‍ ഒരു സീസണ് പിന്നിട്ടപ്പോള്‍ മധ്യപ്രദേശിനെ വീണ്ടും പിന്നിലാക്കി പഞ്ചാബ് ആധിപത്യം തിരിച്ചു പിടിച്ചു.
ചരിത്രത്തിലാദ്യമായി, കര്‍ഷക സമരത്തിന് കാരണമായ മണ്ഡികള്‍ക്ക് പകരം നേരിട്ടു നടന്ന സംഭരണത്തില്‍ പഞ്ചാബില്‍ മാത്രം 8,85,117 കര്‍ഷകര്‍ക്കായി 26,103 കോടി രൂപ വിലയായി ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്കി. ഹരിയാനയില്‍ 760,636 കര്‍ഷകര്‍ക്ക് 16,706 കോടി രൂപയും നല്കി. അങ്ങനെ രാജ്യത്തെ മൊത്തം സംഭരണത്തിന്റെയും മൊത്തം വിലയുടെ പകുതിയും ഈ രണ്ട് സംസ്ഥാനങ്ങള്‍ നേടി. ഉത്തര്‍പ്രദേശില്‍ 56.41 ലക്ഷം ടണ്‍ ഗോതമ്പ് സംഭരിച്ചപ്പോള് 11,141 കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കിയത്.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവയാണ് മറ്റ് പ്രധാന ഗോതമ്പ് ഉല്പാദക സംസ്ഥാനങ്ങള്‍.
(കര്‍ഷകമോര്‍ച്ച ദേശീയ ഉപാധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: