വാഷിംഗ്ടണ്‍: ചൈനയുടെ ഉറക്കം കെടുത്തുന്ന അടുത്ത ക്വാഡ് യോഗം ജപ്പാനില്‍ 2022ല്‍ നടക്കുമെന്ന് വൈറ്റ് ഹൗസിലെ ഇന്തോ-പസഫിക് കോഓര്‍ഡിനേറ്റര്‍ കുര്‍ട്ട് കാംപെല്‍.
ഏഷ്യയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനാകുമെന്നും കുര്‍ട്ട് കാംപെല്‍ അഭിപ്രായപ്പെട്ടു. ക്വാഡിലെ ഏറ്റവും നിര്‍ണ്ണായകവും സുപ്രധാനവുമായ അംഗമാണ് ഇന്ത്യയെന്നും യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ കുര്‍ട്ട് കാംപെല്‍ പറഞ്ഞു. ‘ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഞാന്‍ വളരെ ശുഭാപ്തി വിശ്വാസക്കാരനാണ്. 21ാം നൂറ്റാണ്ടിയില്‍ ആഗോള വേദിയില്‍ ഇന്ത്യ പ്രധാന പങ്കാളിയായി മാറും. ഏഷ്യയുടെ ഭാവി തീരുമാനിക്കുന്ന സുപ്രധാന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നിലായിരിക്കും,’ അദ്ദേഹം പറഞ്ഞു.
യുഎസ്, ആസ്ത്രേല്യ, ഇന്ത്യ, ജപ്പാന് എന്നീ നാല് രാഷ്ട്രങ്ങള്‍ ചേര്‍ന്ന കൂട്ടായ്മയാണ് ക്വാഡ്. 2022ല്‍ ജപ്പാനില്‍ നടക്കുന്നത് നാല് രാജ്യങ്ങളിലെ തലവന്മാര് സമ്മേളിക്കുന്ന രണ്ടാമത്തെ ക്വാഡ് യോഗമായിരിക്കും. പുതുതായി ഒക്ടോബറില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഫുമിയോ കിഷിദ പങ്കെടുക്കുന്ന ആദ്യ ക്വാഡ് യോഗം കൂടിയായിരിക്കും ഇത്.നാല് ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാര് പങ്കെടുക്കുന്ന ആദ്യ ക്വാഡ് യോഗം നടന്നത് സപ്തംബര്‍ 24ന് വൈറ്റ് ഹൗസിലാണ്. അന്ന് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആസ്ത്രേല്യന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്, ജപ്പാന് പ്രധാനമന്ത്രി യോഷിഹിദെ സുഗ എന്നിവര്‍ പങ്കെടുത്തു
‘യോഗത്തില്‍ നാല് രാഷ്ട്രനേതാക്കളും സഹകരണംഇനിയും കുറെക്കൂടി ആഴത്തിലാക്കുന്നത് സംബന്ധിച്ച് സംസാരിക്കും. ഏഷ്യയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ വിയറ്റ്നാമും മറ്റ് ഏതാനും രാഷ്ട്രങ്ങളോടൊപ്പം ഇന്ത്യയും നിര്‍ണ്ണായക രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കും. വാഷിംഗ്ടണില്‍ ഡെമോക്രാറ്റുകളോ, റിപ്പബ്ലിക്കന്മാരോ, ആര് ഭരിച്ചാലും ഈ ബന്ധങ്ങള്‍ വളര്‍ത്താന്‍ സഹായകരമായ കാര്യങ്ങള്‍ ചെയ്യും’- കാംപെല്‍ പറഞ്ഞു.
ദക്ഷിണ ചൈന സമുദ്രത്തില്‍ ചൈനയെ സൈനികമായും തന്ത്രപരമായും നേരിടുന്നതിന് സംഭാഷണത്തിലേര്‍പ്പെടുന്ന നാല് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. ‘ജോ ബൈഡന് മറ്റ് സഖ്യരാഷ്ട്രങ്ങളുമായും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് മുന്നോട്ട് കൊണ്ടുപോകുന്ന ശ്രമങ്ങള്‍ ചൈനയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്ന് കാംപെല്‍ പറഞ്ഞു. മറ്റ് രാഷ്ട്രങ്ങളുമായുള്ള യുഎസിന്റെ വികസിച്ചുവരുന്ന സഹകരണം ചൈനയ്ക്ക് ഹൃദയവേദന ഉണ്ടാക്കുന്നുണ്ട്.’- അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: