ഹൈദരാബാദ് : ആന്ധ്രയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ 27 ആയി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദ ശക്തിപ്രാപിച്ചതോടെ ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ കനത്ത മഴയാണ്. റോഡ്- റെയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. 100ല്‍ അധികം പേരെ കാണാതായി.
ദക്ഷിണ ആന്ധ്രയിലെ മണ്ടപ്പള്ളി ഗ്രാമത്തില്‍ പ്രളയ ദുരിത പ്രദേശത്തേയ്ക്ക് രക്ഷാ പ്രവര്‍ത്തനത്തിന് പോയ മൂന്ന് ബസുകള്‍ അപകടത്തില്‍പ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് ചെയ്യൂരു നദിയിലെ വെള്ളത്തിന്റെ തോത് ഉയര്‍ന്നതാണ് വെള്ളപ്പൊക്കത്തിന് കാരണം. കൂടാതെ പാപാഗ്നി, സ്വര്‍മുഖി, ഗാര്‍ഗേയി നദികളും കരകവിഞ്ഞ് ഉയരുകയാണ്. പ്രളയം വിലയിരുത്തുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നിനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി അറിയിച്ചു.
തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. മണ്ണിടിച്ചിലില്‍ റോഡ് തകര്‍ന്നതോടെ തിരുപ്പതിയിലേക്കുള്ള സന്ദര്‍ശനം തല്‍ക്കാലത്തേക്ക് വിലക്കി. ഉപക്ഷേത്രങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നൂറ് കണക്കിന് തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്. ഹോട്ടലുകളിലും വഴിയിലും ഒറ്റപ്പെട്ട തീര്‍ത്ഥാടകരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.
ക്ഷേത്രനഗരമായ തിരുപ്പതിയിലെ എഴുപത് ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണ്. പ്രസിദ്ധമായ വെങ്കടേശ്വര ക്ഷേത്രം, കപീലേശ്വര ക്ഷേത്രം, ആജ്ഞനേയ ക്ഷേത്രത്തിലും വെള്ളക്കെട്ട് രൂക്ഷമാണ്. ക്ഷേത്രത്തിലേക്കുള്ള വൈകുണ്ഠം ക്യൂ കോംപ്ലക്സിലൂടെ കനത്ത വെള്ളപ്പാച്ചിലാണുണ്ടായത്. ഉപക്ഷേത്രങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. തിരുപ്പതി ക്ഷേത്രത്തിനു സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: