ന്യൂദല്‍ഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് തോല്‍വി. നിലവിലെ ചാംപ്യന്മാര് കൂടിയായ തമിഴ്നാടിനോടാണ് കേരളം തോല്‍വി ഏറ്റുവാങ്ങിയത്. അഞ്ച് വിക്കറ്റിനാണ് തമിഴ്നാടിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 181 റണ്‍സ് എന്ന വലിയ ലക്ഷ്യമാണ് തമിഴ്നാടിനു മുന്നില്‍ വച്ചത്. എന്നാല്‍, മറുപടി ബാറ്റിങ്ങില്‍ തമിഴ്നാട് മൂന്നു പന്തു ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
മിക്ക ബാറ്റ്സമാന്‍മാരും മികച്ച പ്രകടനമാണ് തമിഴ്നാടിനു വേണ്ടി കാഴ്ചവെച്ചത്. 31 പന്തില്‍ ഏഴു ഫോറുകള്‍ സഹിതം 46 റണ്‍സെടുത്ത സായ് സുദര്‍ശനാണ് തമിഴ്നാടിന്റെ ടോപ് സ്കോറര്‍. ഓപ്പണര്‍ ഹരി നിശാന്ത് (22 പന്തില്‍ 32), ക്യാപ്റ്റന്‍ വിജയ് ശങ്കര്‍ (26 പന്തില്‍ 33), സഞ്ജയ് യാദവ് (22 പന്തില്‍ 33) എന്നിവരുടെ ഇന്നിങ്സുകളും നിര്‍ണായകമായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് പുറത്താകാതെ നിന്ന ഷാരൂഖ് ഖാനാണ് ടീമിനെ വിജയത്തില്‍ എത്തിച്ചത്. ഷാരൂഖ് ഒന്‍പതു പന്തില്‍ 19 റണ്‍സെടുത്തു. എം. മുഹമ്മദ് നേരിട്ട ആദ്യ പന്തില്‍ സിക്സടിച്ച് വിജയം ഉറപ്പാക്കി. തമിഴ്നാട് നിരയില്‍ നിരാശപ്പെടുത്തിയത് ഏഴു പന്തില്‍ ഏഴു റണ്‍സെടുത്ത എന്‍. ജഗദീശന് മാത്രം.
കേരളത്തിനായി മനുകൃഷ്ണന് മാത്രമാണ് ഭേദപ്പെട്ട ബൗളിങ് പ്രകടനം പുറത്തെടുത്തത്. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങിയ താരം മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തിരുന്നു. ഓപ്പണര്‍ രോഹന് കുന്നുമ്മലും വിഷ്ണു വിനോദും കേരളത്തിനായി അര്‍ധ സെഞ്ചുറി നേടി. രോഹന് 43 പന്തുകള്‍ നേരിട്ട് അഞ്ചു ബൗണ്ടറിയടക്കം 51 റണ്‍സെടുത്തു. എന്നാല്‍ തമിഴ്നാടിനായി ബൗളര്‍മാരെ നിലംതൊടീക്കാതെ പറത്തി 26 പന്തില്‍ നിന്ന് ഏഴു സിക്സും രണ്ടു ഫോറുമടക്കം 65 റണ്‍സോടെ പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് കേരളത്തെ 181ല്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: