”അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതു കാലം ജനിച്ചു കൊണ്ടീടുവാന്‍…”
ഭക്തകവിയായ പൂന്താനത്തിന്റെ വരികളാണിത്. ഈ ഭാരതവര്‍ഷത്തില്‍ ജനിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഓരോ വ്യക്തിയും അവന്റെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹിമാലയ ദര്‍ശനം ആഗ്രഹിച്ചിട്ടുണ്ടാവും. ഇന്ന് ഒരുപാട് യാത്രികരുടെ ഇഷ്ട ലക്ഷ്യമാണ് ഹിമാലയം. ചതുര്‍ധാമങ്ങളായ ഗംഗോത്രി, യമുനോത്രി, കേദാര്‍നാഥ്, ബദരീനാഥ് തുടങ്ങിയവയും പഞ്ചകൈലാസങ്ങളും പഞ്ചകേദാരങ്ങളും ഇന്ന് ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ള മലയാളികള്‍ക്കും സുപരിചിതമായിക്കൊണ്ടിരിക്കുന്നു. ദുര്‍ഘടമായ അമര്‍നാഥിലേക്കും കൈലാസ-മാനസ്സരോവരത്തിലേക്കും വരെ ഇന്ന് ധാരാളം ആളുകള്‍ ദേശാന്തര ഗമനം നടത്തുന്നു. കാലടിയില്‍ അവതരിച്ച് വിശ്വ ചക്രവാളത്തോളം വളര്‍ന്ന ജഗദ് ഗുരുവായ ആദിശങ്കരന്റെ പിന്മുറക്കാരായ നാം മലയാളികള്‍ക്ക് ഹിമാലയം ഒരു വൈകാരികാനുഭൂതി പകര്‍ന്നുനല്‍കുന്നു. എം.കെ. രാമചന്ദ്രന്റെയടക്കം നിരവധി യാത്രാവിവരണങ്ങള്‍ ഹൈമവത ഭൂവിന്റെ കമനീയ ചിത്രം നമുക്ക് മുന്നില്‍ വരച്ചിട്ടിട്ടുണ്ട്. ആദ്യത്തെ ഹിമാലയ യാത്രാവിവരണമായ തപോവന്‍ സ്വാമികളുടെ ‘ഹിമഗിരി വിഹാരത്തി’നും ഇന്ന് വായനക്കാര്‍ ഏറിവരികയാണ്.
പഞ്ചകേദാര യാത്രാപഥങ്ങള്‍
ചതുര്‍ധാമങ്ങളും അമര്‍നാഥും മറ്റും ഇന്ന് ജനസഹസ്രങ്ങളുടെ അഭൂതപൂര്‍വ്വമായ തിരക്കനുഭവപ്പെടുന്ന ഹിമാലയ ക്ഷേത്രങ്ങളാണ്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തങ്ങളാണ് പഞ്ചകേദാരങ്ങള്. അതീവ ദുഷ്കരവും വിജനവുമായ പാതകളായതിനാലാവും യാത്രികര്‍ നന്നെ കുറവ്. പക്ഷേ, സ്വര്ഗസദൃശ്യമായ പഞ്ചകേദാര യാത്രാപഥങ്ങള്‍ നമ്മെ അക്ഷരാര്‍ത്ഥത്തില്‍ കീഴ്പ്പെടുത്തിക്കളയും. ആകാശം മുട്ടി നില്ക്കുന്ന ഹിമശൃംഗങ്ങളില്‍ സൂര്യന് സ്വര്ണ്ണമുരുക്കിയൊഴിക്കും. തഴച്ചുവളരുന്ന ദേവദാരു വൃക്ഷങ്ങളും അനേക ജാതികളില്‍പ്പെട്ട സസ്യലതാദികളും മലഞ്ചരിവുകളിലും താഴ്വരകളിലും മരതകപ്പട്ട് വിരിക്കും. അളകനന്ദയും മന്ദാകിനിയും വൈതരണിയും ഭാഗീരഥിയുമെല്ലാം നമ്മെ പുരാണ പ്രോക്തമായ കാല്പനിക സൗന്ദര്യത്തിലേക്ക് ഒഴുക്കിക്കൊണ്ടുപോകും. പൊടിപടലങ്ങളേതുമില്ലാത്ത നീലാകാശത്തില്‍ വെള്ളിമേഘങ്ങള്‍ കുടമാറ്റം നടത്തും. ഏതൊരുവനിലേയും കവിഭാവനയെ ഉണര്‍ത്തുന്ന പഞ്ചകേദാരങ്ങള് പക്ഷേ, വന്യതയുടേയും പ്രകൃതിയുടെ ഭയാനകങ്ങളായ രൗദ്രഭാവങ്ങളുടേയും ഇടത്താവളം കൂടിയാണ്. വെള്ളപ്പൊക്കവും മേഘവിസ്ഫോടനവും മലയിടിച്ചിലും യാത്രാപഥങ്ങളിലെ സ്ഥിരം വിരുന്നുകാരാണ്. പര്‍വ്വതവാസിയായ സാക്ഷാല്‍ പരമശിവന്റെ കൃപാകടാക്ഷം ഒന്നുകൊണ്ടു മാത്രമേ പഞ്ചകേദാര യാത്ര പൂര്‍ത്തിയാക്കാനാവൂ എന്നാണ് പഴമൊഴി.
പഞ്ചകേദാര പരിക്രമണത്തിലെ ഏറ്റവും ദുര്‍ഘടമായ ലക്ഷ്യങ്ങളാണ് മദ്മഹേശ്വറും രുദ്രനാഥും. ബാക്കിയുള്ള ലക്ഷ്യങ്ങളായ തുംഗനാഥ്, കല്പേശ്വര്, കേദാര്‍നാഥ് എന്നിവ താരതമ്യേന എളുപ്പമാണ്. വളരെ പ്രാചീനമായ ഹിമാലയ ക്ഷേത്രങ്ങളാണ് പഞ്ചകേദാരങ്ങള്. കുരുക്ഷേത്ര യുദ്ധത്തിനുശേഷം തങ്ങളുടെമേല്‍ വന്നുചേര്‍ന്നിട്ടുള്ള ബ്രഹ്മഹത്യാ പാപം ഉള്‍പ്പടെയുള്ള മഹാപാപങ്ങള്‍ കഴുകിക്കളയാന്‍ പാണ്ഡവര്‍ സാക്ഷാല്‍ മഹാദേവനെ പ്രസാദിപ്പിക്കാനായി കാശിയില്‍ (ബനാറസ്) എത്തി. എന്നാല്‍ ക്ഷിപ്രകോപിയായ ഭഗവാന് അവര്‍ക്ക് ദര്‍ശനം നല്‍കാതെ ഹിമാലയത്തിലേക്ക് അന്തര്‍ധാനം ചെയ്തു. ശിവനെ പിന്തുടര്ന്ന് ഹിമാലയത്തിലെത്തിയ പാണ്ഡവര്‍ അവിടെ ശിവാന്വേഷണം ആരംഭിച്ചു.
ആയിടയ്ക്കൊരിക്കല്‍ പാണ്ഡവരില്‍ രണ്ടാമനും അതിശക്തനുമായ ഭീമസേനന് രണ്ട് പര്‍വ്വതശിഖരങ്ങളില്‍ കാലൂന്നി വിഹഗവീക്ഷണം നടത്തവേ, ദൂരെ മലമടക്കുക്കള്ക്കിടയില് ഒരു അസാധാരണ വലിപ്പമുള്ള കാള (ഋഷഭം) നില്ക്കുന്നതായി കണ്ടു. തന്റെ യോഗദൃഷ്ടിയാല്‍ ആ കാള സാക്ഷാല്‍ പശുപതിതന്നെയാണെന്ന് തിരിച്ചറിഞ്ഞ ഭീമന് കാളയെ പിടിക്കാനായി കുതിച്ചു. ഈ കാള സ്വയം മറയ്ക്കപ്പെട്ട് നിന്ന സ്ഥലമാണ് ഇന്നത്തെ ഗുപ്തകാശി. ഓട്ടത്തിനൊടുവില്‍ ഭീമന് കാളയുടെ മുതുകിലുള്ള മുഴയില്‍ ചാടിപ്പിടിക്കുകയും മഹായോഗേശ്വരനായ ഭഗവാന് ഹിമാലയത്തിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നുപോവുകയും ചെയ്തത്രേ! പിന്നീട് ഭഗവാന്റെ ശിരസ്സ് പ്രത്യക്ഷമായ ഇടമാണ് രുദ്രനാഥ്. കൈകാലുകള്‍ തുംഗനാഥിലും, നാഭി മദ്മഹേശ്വറിലും ജട കല്പേശ്വറിലും മുതുകിലെ പൂഞ്ഞ് തുംഗനാഥിലും പ്രത്യക്ഷമായി എന്നാണ് പഴമൊഴി. ഭഗവാന്റെ മുന്‍ഭാഗം നേപ്പാളിലെ ഡോളേശ്വര് ക്ഷേത്രമിരിക്കുന്ന ഇടത്തും ദൃശ്യമായത്രേ.
ഹിമാലയത്തിലെ ഗഢ്വാള് പ്രവിശ്യയിലാണ് പഞ്ച കേദാര യാത്രാപഥങ്ങള്‍. പാണ്ഡവര്‍ നിര്‍മ്മിച്ച് ദീര്‍ഘകാലം വച്ചാരാധന നടത്തിയതായി പറയപ്പെടുന്ന ഈ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് അതിപ്രാചീനവും നിഗൂഢവുമായ ഗോരഖ്നാഥ സംന്യാസ പരമ്പരയുടെ (നാഥ് പരമ്പര) സമ്പ്രദായങ്ങളത്രേ. പഞ്ചകേദാര യാത്രയിലെ ഏറ്റവും ദുര്‍ഘടം പിടിച്ച രുദ്രനാഥ്, മദ്മഹേശ്വര് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനായിരുന്നു ഇത്തവണ എന്റെയും, സഹയാത്രികനും നെയ്യാറ്റിന്‍കര സ്വദേശിയുമായ അനില്‍കുമാറിന്റേയും നിയോഗം.
ഹരിദ്വാറിന്റെ ദിവ്യഭൂമിയില്‍
കേരളത്തില്‍ നിന്ന് ഒരു ദീര്‍ഘമായ തീവണ്ടിയാത്രയ്ക്കൊടുവില്‍ ഭാരതത്തെ നെടുകെ മുറിച്ചുകടന്ന് ഹിമാലയ കവാടമായ ഹരിദ്വാറിന്റെ ദിവ്യഭൂമിയില്‍ ഒരു മധ്യാഹ്നത്തോടെയാണ് എത്തിയത്. ഹരിദ്വാര്‍!! അനാദിയായ ഈശ്വര ചൈതന്യത്താല്‍ പ്രകമ്പിതമാണ് ഈ ക്ഷേത്രനഗരം. തീവണ്ടിയാപ്പീസില് ഇറങ്ങുമ്പോള്‍ തന്നെ ആ ചൈതന്യപൂരത്തിന്റെ ബഹിര്സ്ഫുരണങ്ങള് നമുക്ക് അനുഭവപ്പെട്ട് തുടങ്ങും. മുന്നില്‍ കാണുന്ന സമസ്ത ജീവജാലങ്ങളിലും നിറഞ്ഞുതുളുമ്പുന്ന സാത്വിക ഭാവം. ഉച്ചവെയിലില്‍ നഗരം ഹിരണ്യവര്ണ്ണമാര്ന്ന് വെട്ടിത്തിളങ്ങുന്നു. വഴിയിലെമ്പാടും വിഹരിക്കുന്ന കൂറ്റന്‍ പശുക്കളും കാളകളും. ക്ഷേത്രങ്ങളില്‍ നിന്ന് അനര്‍ഗളം പൊഴിയുന്ന നാരായണ ജയാരവം. നഗരഹൃദയത്തിലെ അയ്യപ്പക്ഷേത്രത്തിലേക്ക് ഹിമാലയ യാത്രികരുടെ ഭാണ്ഡവുമായി കയറിച്ചെന്നു. അല്‍പ്പം വിശ്രമത്തിന് ശേഷം പുരാണ പ്രസിദ്ധമായ ഹര് കി പൗഡിയിലെ സ്നാന ഘട്ടത്തിലേക്ക്. ചൂടുള്ള അന്തരീക്ഷമെങ്കിലും ഗംഗ മഞ്ഞുപോലെ തണുവാര്ന്നങ്ങനെ… പ്രാക്തനമായ ഭാരതവര്‍ഷത്തിന്റെ ഗരിമയും പേറി സഹസ്രാബ്ദങ്ങളായി ഒഴുകിപ്പരക്കുന്ന ഗംഗ. കണ്ണടച്ച് ശ്വാസമെത്തും വരെ മുങ്ങിക്കിടന്നു. അമ്മ ഓളക്കൈകള്‍ കൊണ്ടെന്നെ കെട്ടിപ്പിടിക്കയാണോ? കുഞ്ഞേ ഇത്ര നാള് എവിടെയായിരുന്നുവെന്ന് കാതില്‍ പറഞ്ഞുവോ? ഭാഗീരഥി എന്റെ കണ്ണുനീരിന്റെ ഉപ്പ് അറിഞ്ഞുവോ? സ്നാനം കഴിഞ്ഞ് ദീര്‍ഘനേരം കണ്ണടച്ചിരുന്നു, ഘട്ടില്‍. ഗംഗാ ആരതിക്ക് ശേഷം തിരികെ സത്രത്തിലേക്ക്. പിറ്റേ ദിവസം മുതല്‍ ആരംഭിക്കുന്ന ഹിമഗിരി വിഹാരത്തിന്റെ ചിന്തകളുമായി രാത്രി ഭക്ഷണത്തിന് ശേഷം നിദ്രാദേവിയുടെ മടിത്തട്ടിലേക്ക്.
ഹരിദ്വാറില്‍ നിന്ന് 5-6 മണിക്കൂര്‍ റോഡ് മാര്‍ഗ്ഗം യാത്രചെയ്ത് ഉച്ചയോടുകൂടി ഹിമാലയത്തിലെ ഒരു ചെറു ടൗണ്‍ഷിപ്പായ രുദ്രപ്രയാഗില്‍ എത്താം. ഏകദേശം 170 കിലോമീറ്റര്‍ താണ്ടണം ഇവിടെയെത്താന്‍. അവിടെ നിന്ന് 45 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പ്രസിദ്ധമായ ഉഖിമഠ് എന്ന മനോഹരമായ കൊച്ചുഗ്രാമത്തില്‍ എത്തിപ്പെടാം. മലയിടിച്ചിലുകളോ കാലാവസ്ഥാ വ്യതിയാനങ്ങളോ ഇല്ലാത്ത തെളിഞ്ഞ ദിനങ്ങളില്‍ മാത്രമേ മേല്‍പ്പറഞ്ഞ സമയപരിധിക്കുള്ളില്‍ ഇവിടൊക്കെ എത്താന്‍ സാധിക്കൂ. ഹിമാലയ യാത്രകളിലാവട്ടെ ഇത്തരം യാതൊരു സ്വച്ഛതയും നമുക്ക് പ്രതീക്ഷിക്കാനാവില്ല. കൂടെക്കൂടെയുണ്ടാകുന്ന മലയിടിച്ചിലുകള്‍ മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ നീളുന്ന മാര്‍ഗ്ഗതടസ്സങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഉഖിമഠിലെ പ്രസിദ്ധമായ ഓംകാരേശ്വര ക്ഷേത്രത്തിലാണ് മഞ്ഞുകാലം കഴിയുന്നതുവരെ കേദാര്നാഥനേയും മദ്മഹേശ്വരനേയും ആനയിച്ചുകൊണ്ടുവന്ന് ആരാധിക്കുന്നത്. ഉഖിമഠില്‍ നിന്ന് ഏകദേശം ഒന്നര മണിക്കൂര്‍ ചെറുവാഹനങ്ങളില്‍ യാത്ര ചെയ്താല്‍ റാന്‍സി എന്ന അതിമനോഹരമായ ഹിമാലയ ഗ്രാമത്തിലെത്താം. യൂറോപ്പിലെ ആല്‍പ്സ് പര്‍വ്വത നിരകളെപ്പോലും ലജ്ജിപ്പിക്കുന്ന വിധം സുന്ദരിയാണ് റാന്‍സി. ഏറിയാല്‍ നാല്പതോ അമ്പതോ വീടുകള്‍. കന്നുകാലി വളര്‍ത്തലും പരിമിതമായ തോതില്‍ പര്‍വ്വത പാര്‍ശ്വങ്ങളില്‍ തട്ടുതട്ടുകളായി തിരിച്ച് ചെയ്യുന്ന പച്ചക്കറി കൃഷിയുമാണ് പ്രധാന ഉപജീവന മാര്‍ഗ്ഗം. പുരാണ പ്രസിദ്ധമായ രാകേശ്വരി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ദൂരെ ചൗകാംബ മലനിരകള്‍ മഞ്ഞില്‍ കുളിച്ച് നില്ക്കുന്ന സുന്ദര ദൃശ്യവും റാന്‍സിയില്‍ നിന്ന് മദ്മഹേശ്വര് വരെയുള്ള വഴിയില്‍ യാത്രക്കാരെ ഹര്‍ഷോന്മാദത്തോളം എത്തിക്കും.
മദ്മഹേശ്വറിലെ അവധൂതന്
റാന്‍സിയില്‍ നിന്നും നീണ്ട കാല്‍നട യാത്ര ആരംഭിച്ചു. ഏകദേശം മൂന്ന് മണിക്കൂര്‍ നടന്ന് ഞങ്ങള്‍ ഗെണ്ടൗര് എന്ന ഗ്രാമത്തിലെത്തി. പത്തോ പതിനഞ്ചോ വീടുകള്‍ മാത്രമുള്ള ഒരു ചെറിയ ഗ്രാമം. ആര്‍ത്തട്ടഹസിച്ച് ഒരു ഉന്മാദിനിയെപ്പോലെ ഒഴുകുന്ന മന്ദാകിനി നദി. ദേവദാരു വൃക്ഷങ്ങളും പുല്‍മേടുകളും സൂര്യപ്രകാശത്തില്‍ മരതകവര്ണ്ണമാര്ന്ന് ജ്വലിക്കുന്ന കാഴ്ച ഒന്നു കാണേണ്ടതുതന്നെ. ഗെണ്ടൗറിലെ ഒരു വീട്ടില്‍ രാത്രി കഴിച്ചുകൂട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിശൈത്യത്തിന്റെ പാരുഷ്യം അല്പാല്പ്പമായി ഹിമവാന് പ്രദര്‍ശിപ്പിച്ചു തുടങ്ങി. ചൂടുള്ള റൊട്ടിയും പച്ചക്കറികളും ഇലവര്‍ഗ്ഗങ്ങളും ധാരാളം അരിഞ്ഞിട്ട സബ്ജിയും ദാലും സ്വാദോടെ കഴിച്ച് ഞങ്ങള്‍ രജായിക്കുള്ളില്‍ (കമ്പിളികള്‍ കൂട്ടി തുന്നിയ ഒരുതരം ആവരണം) അഭയം പ്രാപിച്ചു. പിറ്റേന്ന് പുലര്‍ച്ചെ എഴുന്നേറ്റ് അതിശൈത്യത്തെ വകവയ്ക്കാതെ മന്ദാകിനിയില്‍ കുളിച്ച് പതിവ് ധ്യാനത്തിനും മറ്റും ശേഷം ഞങ്ങള്‍ യാത്ര തിരിച്ചു.
റാന്‍സിയില്‍ നിന്ന് 18 കിലോമീറ്ററാണ് മദ്മഹേശ്വറിലേക്ക് എന്ന് പറയുന്നുവെങ്കിലും 22 കിലോമീറ്ററില്‍ കൂടുതല്‍ വരുമെന്ന് നിശ്ചയമാണ്. ചെങ്കുത്തായ പര്‍വ്വത ശിഖരങ്ങള്‍ താണ്ടി വേണം ഇവിടെയെത്താന്‍. യാത്രയുടെ 99 ശതമാനവും കുത്തനെയുള്ള കയറ്റമാണ്. പത്തടി കയറുമ്പോഴേക്കും ഹൃദയം പുറത്തുചാടാന്‍ വെമ്പും. ഓക്സിജന്‍ ദൗര്‍ലഭ്യമുള്ള ചില പര്‍വ്വത പാര്‍ശ്വങ്ങളില്‍ യാത്രയുടെ വേഗത ഒച്ചിഴയുന്നതുപോലെയാവും. കരിങ്കല്ലുകള്‍ ചിതറിക്കിടക്കുന്ന ഒറ്റയടിപ്പാത. അല്പം അശ്രദ്ധ മരണത്തെ ക്ഷണിച്ചുവരുത്തലാവും. ഒരു കാല്‍തട്ടിയാല്‍ ആയിരക്കണക്കിനടി താഴെയുള്ള മന്ദാകിനി നമ്മെ വലിച്ചെടുക്കും. യാത്രികരെ വിഴുങ്ങാനെന്ന വണ്ണം വാ പിളര്‍ന്നു നില്ക്കുന്ന അഗാധ ഗര്‍ത്തങ്ങളും വീശിയടിക്കുന്ന ഹിമക്കാറ്റും മനോധൈര്യത്തിന്റെ അവസാന തുള്ളിയും ചോര്‍ത്തിക്കളയും. ഒരു ധ്യാനം പോലെ ശാന്തമായ മലകയറ്റത്തിനിടയില്‍ നിര്‍വ്വാണ സദൃശ്യമായ ഒരു കടലായി ഹിമാലയം മാത്രം അവശേഷിക്കും.
വൈകുന്നേരത്തോടുകൂടി മദ്മഹേശ്വറില്‍ എത്തിച്ചേര്‍ന്നു. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 12000 അടി മുകളിലുള്ള ഒരു മനോഹര താഴ്വരയിലാണ് മദ്മഹേശ്വര് ക്ഷേത്രം. ഹിമാലയന്‍ ക്ഷേത്ര നിര്‍മ്മിതി ശൈലിയിലുള്ള, പൂര്‍ണ്ണമായും കരിങ്കല്ലില്‍ നിര്‍മ്മിച്ച ക്ഷേത്രം കേദാര്‍നാഥിന്റെ ഒരു മിനിയേച്ചര്‍ പതിപ്പെന്നു തോന്നും. സമീപം മൂന്നോ നാലോ ചെറിയ കെട്ടിടങ്ങള്‍. പൂര്‍ണ്ണമായും തടിയിലും കല്ലിലും നിര്‍മ്മിച്ചവ.മദ്മഹേശ്വറില്‍ വസിക്കുന്ന അവധൂതന് ഞങ്ങള്‍ക്ക് രാത്രി തങ്ങാനായി ഒരു മുറി തരപ്പെടുത്തി. താഴ്വര അതിശൈത്യത്തിലേക്കും ഇരുട്ടിലേക്കും പതിയെ ആഴ്ന്നു. ആറ് മണിക്കുള്ള ആരതി. ബ്രഹ്മകമലങ്ങളാല്‍ ഹാരം ചാര്‍ത്തി ഹിമവാനെപ്പോലെ കത്തിജ്വലിക്കുന്ന ആദിയോഗിയായ സാക്ഷാല്‍ കൈലാസ നാഥന്. കര്‍ണ്ണാടകയിലെ ബല്‍ഗാം സ്വദേശിയായ പൂജാരിയില്‍ നിന്ന് അനര്‍ഗ്ഗളം പൊഴിയുന്ന താണ്ഡവാഷ്ടകം. ഉള്ളില്‍ പരമാനന്ദത്തിന്റെ വിസ്ഫോടനം നടക്കുന്നു. എന്താണിതിന്റെയൊക്കെ അര്‍ത്ഥം? മനുഷ്യ ദുര്‍ലഭമായ ഈ ഹൈമവത ഭൂവില്‍, കടുത്ത ഏകാന്തവാസത്തിലൂടെ എന്താണിവര്‍ നേടുന്നത്? യാതൊരു ഭൗതിക മോഹങ്ങളും ഇവരെ സ്വാധീനിക്കാത്തത് എന്തുകൊണ്ടാണ്? കരിങ്കല്ലില്‍ ചമ്രം പടഞ്ഞിരുന്നു. ആയിരത്താണ്ടുകളുടെ ഊര്‍ജ്ജരേണുക്കള്‍ അതിശൈത്യത്തിന്റെ ഉറവകളായി ഞങ്ങളില്‍ സംക്രമിച്ചു. ഒടുവിലെപ്പോഴോ വൈക്കത്തപ്പനെ വിളിച്ചുകൊണ്ട് എഴുന്നേറ്റു. അവിടെയാണല്ലോ തുടക്കവും ഒടുക്കവും എല്ലാം.
വൈദ്യുതിയോ ആധുനിക സങ്കേതങ്ങളോ കടന്നു ചെല്ലാത്ത മദ്മഹേശ്വറില്‍ പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തെയാണ് ആശ്രയിക്കുന്നത്. ജംഗമര് എന്നറിയപ്പെടുന്ന, മൈസൂരില്‍ നിന്നുള്ള വീരശൈവ ലിംഗായത്ത് വിഭഗത്തില്പ്പെട്ടവര്ക്കാണ് ഇവിടെ പൂജ ചെയ്യാന്‍ അധികാരം. ആദി ശങ്കരാചാര്യരാണ് ഇവരെ ഇവിടെ നിയോഗിച്ചതെന്നാണ് പറയപ്പെടുന്നത്. പിറ്റേന്ന് പ്രഭാതത്തില്‍ ഒരിക്കല്‍ കൂടി ദര്‍ശനം കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചു. ജൈവ സമ്പുഷ്ടമായ കേദാര്‍നാഥ് വന്യജീവി സങ്കേതത്തിലൂടെ വീണ്ടും റാന്സിയിലേക്ക്. ഹിമാലയത്തിന്റെ പുത്രിയായ മൊണാല്‍ പക്ഷികളുടെ കളകൂജനവും ഗഢ്വാളിന്റെ വന്യതയാര്‍ന്ന പ്രൗഢിയും നുകര്‍ന്ന് ഒരു മടക്ക യാത്ര.
ത്രയംബകന്റെ അട്ടഹാസം
പഞ്ചകേദാറില്‍ ഏറ്റവും ദുഷ്കരം എന്നാണ് രുദ്രനാഥ് അറിയപ്പെടുന്നത്. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയുമാണ്. ഋഷികേശില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ ഹിമാലയന്‍ താഴ്വരയായിട്ടുള്ള ഗോപേശ്വറില്‍ എത്താം. ഗഢ്വാള് ഹിമാലയത്തിലെ കാല്പനിക സൗന്ദര്യമാര്‍ന്ന ഒരു ഗ്രാമമാണ് ഗോപേശ്വര്‍. ഇവിടെനിന്ന് മൂന്ന് കി.മീ. യാത്ര ചെയ്താല്‍ രുദ്രനാഥിന്റെ ബേസ്ക്യാമ്പായ സഗര് എന്ന മറ്റൊരു ഗ്രാമത്തിലെത്താം. ഏറിയാല്‍ ഇരുപതോ മുപ്പതോ വീടുകള്‍ മാത്രമുള്ള ഒരു കൊച്ചു ഗ്രാമമാണ് സഗര്. അവിടെ ഒരു ആശ്രമത്തില്‍ തങ്ങിയ ഞങ്ങള്‍ പിറ്റേന്ന് പുലര്‍ച്ചെ രുദ്രനാഥിലേക്ക് തിരിച്ചു. മറ്റു പാതകളെ അപേക്ഷിച്ച് യാത്രികര്‍ തീരെ കുറവ്. ഇല്ല എന്നുതന്നെ പറയാം. ഞങ്ങളുടെ യാത്രയില്‍ ആകെ ഒന്നോ രണ്ടോ പേരെ മാത്രമേ കണ്ടുള്ളൂ. സഗറില്‍ നിന്ന് 21 കിലോമീറ്റര്‍ ചെങ്കുത്തായ ഹിമാലയം താണ്ടണം രുദ്രനാഥില്‍ എത്താന്‍. അതിശൈത്യത്തിന്റെ അകമ്പടിയില്‍ വീശിയടിക്കുന്ന ഹിമക്കാറ്റ്. വിഷാദവും സംഭ്രമവും മിന്നിമറയുന്ന ദിനരാത്രങ്ങള്‍. എങ്കിലും ബോധമണ്ഡലത്തില്‍ ഇടയ്ക്കിടെ ജ്വലിച്ചുയരുന്ന സമാധി സദൃശമായ ശൈവ ചൈതന്യം. ത്രയംബകന്റെ അട്ടഹാസം ദൂരെ കേള്‍ക്കുന്നുവോ? അന്തരീക്ഷത്തില്‍ അവന്റെ ബലിഷ്ഠകായത്തില് നിന്നുതിരുന്ന വിഭൂതി ഗന്ധം പരക്കുന്നുവോ?
പാതയുടെ പത്തുശതമാനം ഘോരവനങ്ങളാല്‍ നിബിഢമാണ്. ബാക്കി 90 ശതമാനവും ചെങ്കുത്തായ കയറ്റവും വിശാലമായ പുല്‍മേടുകളും. ശ്രദ്ധാപൂര്‍വ്വം മാത്രമേ ഓരോ അടിയും വയ്ക്കാനാകൂ. വൈകുന്നേരം നാലരയോടെ ലിത്വി ബുഗ്യാല്‍ എന്ന ബേസ്ക്യാമ്പിലെത്തി. അവിടെ രാത്രി ഭക്ഷണവും വിശ്രമവും കഴിഞ്ഞ് പിറ്റേന്ന് പുലര്‍ച്ചെ രുദ്രനാഥിലേക്ക്. പനാര്‍ എന്ന മനോഹരമായ പുല്‍മേടും കഴിഞ്ഞ് സായാഹ്നത്തോടെ രുദ്രനാഥിലെത്തി. വൈകുന്നേരത്തെ ആരതിയില്‍ ഞങ്ങളടക്കം ആറുപേര്‍ മാത്രം. അവിടെയും ബ്രഹ്മകമലങ്ങളാല്‍ അഭിഷിക്തനായി ശ്രീപരമേശ്വരന്. ശിവലിംഗം അല്പം ചരിഞ്ഞിട്ടാണ്. ഇവിടെയും ശങ്കരാചാര്യര്‍ നിയോഗിച്ച പുരോഹിതരാണുള്ളത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 11800 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന രുദ്രനാഥ് നിരവധി പുരാണ പ്രോക്തങ്ങളായ ജലാശയങ്ങളാല്‍ സമ്പന്നമാണ്. സൂര്യകുണ്ഠ്, ചന്ദ്ര കുണ്ഠ്, താരാകുണ്ഠ് എന്നിവ അവയില്‍ ചിലതത്രേ. നന്ദാദേവി, തൃശൂല്‍ കൊടുമുടികളും വൈതരണി-രുദ്രഗംഗാ നദികളും രുദ്രനാഥിനെ ഭഗവാന്റെ വിഹാരരംഗമാക്കുന്നു. ഗഢ്വാള് പ്രവിശ്യയിലെ ഹിമാലയന്‍ കസ്തൂരി മാനുകളുടെ കേന്ദ്രവും കൂടിയാണ് ഈ മേഖല. രുദ്രനാഥില്‍ നിന്ന് ഇറങ്ങുമ്പോള്‍ മനസ്സ് അഭൗമമായ ഏതോ ഒരനുഭൂതിയാല്‍ നിറഞ്ഞു കവിഞ്ഞു. അടുത്ത തവണ വീണ്ടുമെത്താമെന്ന വാക്കുമായി ഋഷികേശിലേക്ക്.
തപോഭൂമിയാണ് ഹിമാലയം. അവിടെ പാലിക്കേണ്ടതായ പഥ്യങ്ങളെല്ലാം പാലിച്ച് പോയാല്‍ ഹിമാലയം കരതലാമലകം പോലെ നമുക്ക് ദൃശ്യമാകും. യാതൊരു തടസ്സങ്ങളും നമ്മെ തീണ്ടുകയില്ല എന്നാണ് എന്റെ ഇതുവരെയുള്ള അനുഭവം. ജപധ്യാനാദികളും ഈശ്വരവിചാരവും പ്രകൃതിക്ക് സമ്പൂര്‍ണ്ണമായ കീഴടങ്ങലും ഹിമാലയത്തിന്റെ അനന്ത സാധ്യതകളെ നമുക്ക് മുന്നില്‍ തുറന്നിടും. ആ പര്‍വ്വത രാജന്റെ ഗാംഭീര്യത്തില്‍ ഒരു ഇഴജന്തുവിനെപ്പോലെ നാം ചെറുതാകും. ഉള്ളിലെ അഹങ്കാരത്തിന്റെ ഹിമാനികള്‍ ശ്രീപരമേശ്വരന്റെ കൃപാതിരേകത്താല്‍ അലിഞ്ഞില്ലാണ്ടാവും. ഒടുവില്‍ ആത്മസാക്ഷാത്കാരത്തിന്റെ ഗിരിശൃംഗങ്ങളിലേക്ക് ഹിമാലയ യാത്രകള്‍ നമ്മെ കൈപിടിച്ചുയര്‍ത്തും. സംശയമില്ല !
മനസ്സില്‍ നോവായി ഇരുട്ടില്‍ അവന്
ഏകാന്തമായ ഹിമാലയ യാത്രകളില്‍ എന്നെ എക്കാലത്തും വിസ്മയിപ്പിച്ച ഒരു കൂട്ടരുണ്ട്, നായ്ക്കള്‍. അവരെക്കൂടി അനുസ്മരിക്കാതെ ഈ ഹിമാലയ യാത്രാനുഭവം പൂര്‍ണ്ണമാവുന്നില്ല. മഞ്ഞുവീണ ഹിമപഥങ്ങളില്, വന്യത തിടംവച്ചിടുന്ന സ്തൂപികാഗ്ര വനാന്തര വിജനതകളില്‍, അതിശൈത്യം ഒരു വ്യാഘ്രത്തെപ്പോലെ നമ്മെ കടന്നാക്രമിക്കുന്ന പര്‍വ്വത പാര്‍ശ്വങ്ങളില്‍. മൂന്നിലധികം തവണ ഈ അജ്ഞാത ജീവികളുടെ സാമീപ്യം കാരുണ്യ വര്‍ഷമായി ഈയുള്ളവന് ആവോളം അനുഭവിച്ചിട്ടുണ്ട്.
മദ്മഹേശ്വറിലേക്കുള്ള കാല്‍നട യാത്രയുടെ തുടക്കം; തുറിച്ചു നോക്കുന്ന ഹിമശൃംഗങ്ങളെ ശിവനാമംകൊണ്ട് നേരിട്ട് എത്ര നേരം നടന്നു എന്നറിയില്ല, പുറകില്‍ എന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ഒരു കൂറ്റന്‍ കറുത്ത നായ. മുന്നനുഭവങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഭയം തോന്നിയില്ല. കയ്യിലിരുന്ന ബിസ്ക്കറ്റ് പൊട്ടിച്ച് ഒന്നുരണ്ടെണ്ണം കൊടുത്തു. അവന്റെ കണ്ണുകളില്‍ നിന്ന് പ്രാക്തനമായ സ്നേഹവും നന്ദിയും മന്ദാകിനിയെ പോലെ ഒഴുകിപ്പരന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതെ പോയ കുട്ടിയെ വീണ്ടെടുത്ത രക്ഷിതാവിനെ പോലെ അവന് എന്നെയും കൊണ്ട് നടന്നു തുടങ്ങി.
പതിയെപ്പതിയെ അവന് എന്റെ എല്ലാ നിയന്ത്രണങ്ങളും ഏറ്റെടുത്തു. വഴിയില്‍ കാണുന്ന ചെറു ജീവികളെയും മറ്റും കുരച്ചോടിക്കുക, ക്ഷീണിതനായി ഇടയ്ക്ക് നില്ക്കുന്ന എന്നെ കാത്ത് ഏതെങ്കിലും പാറപ്പുറത്ത് കിടക്കുക, ഒപ്പമെത്തുമ്പോള്‍ ശകാരിച്ചുകൊണ്ട് വീണ്ടും നടക്കുക അങ്ങനെയങ്ങനെ…
എത്ര കിലോമീറ്ററുകള്‍ കയറി എന്നറിയില്ല. അപകടഘട്ടം കഴിഞ്ഞതിനാലാവും അവന് നടത്തം നിര്‍ത്തി. വീണ്ടും വരാന്‍ ഞാന്‍ ക്ഷണിച്ചു. പക്ഷെ, അവന് ആ പര്‍വ്വത പാര്‍ശ്വത്തില്‍ എന്റെ മുഖത്തേക്കു തന്നെ നോക്കി ഇരുന്നു. നേരമിരുട്ടുന്നു. ഞാന്‍ അവനെ തനിച്ചാക്കി (അതോ അവന് എന്നെയോ?) യാത്ര തുടര്‍ന്നു. ഞാന്‍ കണ്‍വെട്ടത്തു നിന്നു മറയുന്നതു വരെ അവന് എന്നെതന്നെ നോക്കിയിരിക്കുകയായിരുന്നു. ദൂരെ ഒരു ഹിമശൈലത്തിനു മുകളിലെത്തി ഞാന്‍ ആര്‍ത്തനായി തിരിഞ്ഞു നോക്കി. എന്നില്‍ നിന്ന് കണ്ണ് പറിക്കാതെ ശില പോലെ അവനിരിക്കുന്നു. അവാച്യമായ എന്തോ ഒരു വികാരം ഉള്ളിലെവിടെയോ ഉറവ പൊട്ടി. മനസ്സ് പിടയുന്നു. ജീവിതത്തിലിന്നുവരെ കാണാത്ത ആ ജീവിയോട് നിരുപാധികമായ, നിഷ്കളങ്കമായ, ഉദാത്തമായ പ്രേമം അങ്കുരിച്ചിരിക്കുന്നു.
ആരായിരുന്നു അവന്? നമ്മെ കാക്കാന്‍ വേഷപ്രച്ഛന്നരായെത്തിയ യോഗീശ്വരന്മാരില് ആരെങ്കിലുമാണോ? ഇന്ദ്രനോ യമനോ പിതൃക്കളോ? ഇനി പര്‍വ്വതവാസിയായ സാക്ഷാല്‍ ശ്രീപരമേശ്വരന് തന്നെയോ ? മനസ്സില്‍ ഒരു നോവായി ഇരുട്ടിന്റെ കഷ്ണം പോലെ അവന്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: