മലപ്പുറം: കൃത്യമായി നിയമം പാലിക്കുന്നവര്‍ക്ക് പാരിതോഷികം നല്കി മോട്ടോര്‍ വാഹന വകുപ്പ്. പാരിതോഷികമായി പെട്രോളടിക്കാന്‍ 300 രൂപയുടെ കൂപ്പണാണ് നല്‍കുന്നത്. മലപ്പുറം ജില്ലയിലെ കിഴക്കേത്തലയിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ വേറിട്ട വാഹനപരിശോധന നടന്നത്. പെട്ടെന്നുളള വാഹനം തടയല്‍ കണ്ടപ്പോള്‍ സ്ത്രീകള്‍ അടക്കമുളള യാത്രക്കാര്‍ അങ്കലാപ്പിലായി. ലൈസന്‍സും മറ്റു രേഖകളും കൃത്യമായി കൈവശമുണ്ടായിരുന്നവര്ക്കും ഹെല്‍മറ്റ് ധരിച്ചവര്ക്കുമാണ് പാരിതോഷികം ലഭിച്ചത്. മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് സുരക്ഷിതയാത്രയെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യത്യസ്ഥമായ പദ്ധതിയുമായി രംഗത്തെത്തിയത്.
നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ട് യാത്രക്കാരെ വളഞ്ഞിട്ടു പിടിക്കുന്ന പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയുമാണ് സാധാരണയായി കാണാറുള്ളത്. എന്നാല്‍ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ മുഖമാണിവിടെ കാണാനാവുന്നത്. സുരക്ഷിതയാത്ര ഉറപ്പാക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. അടുത്ത ദിവസങ്ങളില്‍ ജില്ലയിലെ മറ്റു നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുന്നതിന് ആലോചിക്കുന്നുണ്ട്.
ഓട്ടോ തൊഴിലാളികള്‍ക്ക് ആണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇങ്ങനെ ലഭിക്കുന്ന സൗജന്യകൂപ്പണ്‍ വളരെ പ്രയോജനപ്രദമാണെന്നാണ് പലരും പറയുന്നത്. എന്നാല്‍ നിയമലംഘനം നടത്തുന്നവര്‍ക്ക് കടുത്ത പിഴയും ഇതിനൊപ്പം തന്നെ ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: