തൃശ്ശൂര്‍: സുകുമാരക്കുറുപ്പിന്റെ വിവരങ്ങള്‍ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നൊരാള്‍ ഇവിടെയുണ്ട്. കേസിലെ കൂട്ടുപ്രതിയായിരുന്ന ചാവക്കാട് സ്വദേശി ഷാഹു. കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനായ ക്രിമിനലിന്റെ കഥ സിനിമയാകുമ്പോള്‍ കുടുംബം പുലര്‍ത്താന്‍ പാടുപെടുകയാണ് ഷാഹു.
ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കൂട്ടുപ്രതിയായിരുന്നു ഷാഹു. അബുദാബിയില്‍വച്ചാണ് ഷാഹു കുറുപ്പിനൊപ്പം കൂടിയത്. പിന്നീട് സന്തത സഹചാരിയായി. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ആള്‍മാറാട്ടം നടത്താനുള്ള പദ്ധതി സുകുമാരക്കുറുപ്പ് ആദ്യം പങ്കുവച്ചതും ഷാഹുവിനോട് തന്നെ.
1984 ജനുവരിയില്‍ ഈ പദ്ധതിയുമായി ഇരുവരും ഒരുമിച്ചാണ് അബുദാബിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. കേസിലെ മറ്റൊരു പ്രതിയും കുറുപ്പിന്റെ ബന്ധുവുമായ ഭാസ്കരപിള്ളയും ഡ്രൈവര്‍ പൊന്നപ്പനും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഈ നാല്‍വര്‍ സംഘമാണ് ചാക്കോയെ കൊന്ന് കാറിലിട്ട് കത്തിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇന്ന് അതൊന്നും ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല ഷാഹു.
ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം പിടികൂടിയത് ഷാഹുവിനെയായിരുന്നു. കൃത്യം നടത്തിയ ശേഷം ചാവക്കാട്ടെ വീട്ടിലെത്തിയ ഷാഹു തിരികെ ഗള്‍ഫിലേക്ക് മടങ്ങാന്‍ ബാഗുമായി ഇറങ്ങുമ്പോഴാണ് പോലീസെത്തിയതും പിടികൂടിയതും. കൊടിയ മര്‍ദനമാണ് പോലീസ് ഏല്‍പ്പിച്ചത്. അതിന്റെ വേദനകള്‍ ഇന്നും ശരീരത്തിനുണ്ട്.
പോലീസിന്റെ മൂന്നാംമുറയ്ക്ക് മുന്നില്‍ ഏറെയൊന്നും പിടിച്ചുനില്‍ക്കാനായില്ല. സത്യമെല്ലാം തുറന്നു പറഞ്ഞു. അതോടെ മര്‍ദനത്തിന് അയവുണ്ടായി. പിന്നീട് ഭാസ്കരപിള്ളയെയും ഡ്രൈവര്‍ പൊന്നപ്പനെയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും സുകുമാരക്കുറുപ്പ് മുങ്ങിയിരുന്നു. ആലുവ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മലബാര്‍ എക്സ്പ്രസില്‍ മംഗലാപുരത്തേക്ക് ടിക്കറ്റെടുത്ത് കയറിയെന്നതാണ് കുറുപ്പിനെക്കുറിച്ച് പോലീസിന് കിട്ടിയ അവസാന വിവരം. മാപ്പുസാക്ഷിയായതോടെ ഷാഹു ശിക്ഷയില്‍ നിന്നൊഴിവായി.
ചാക്കോയെ കൊലപ്പെടുത്തിയതിനു ശേഷം പിന്നെ കുറുപ്പിനെ ഷാഹു കണ്ടിട്ടില്ല. ജീവിച്ചിരിപ്പുണ്ടോയെന്നറിയാന്‍ ആഗ്രഹമുണ്ട്. ഉണ്ടെങ്കില്‍ ഒരു തവണ ഒന്ന് കാണാനും. ഏറെ പ്രതീക്ഷകളോടെ നന്നെ ചെറുപ്പത്തിലെ തൊഴില്‍ തേടി അബുദാബിയില്‍ എത്തിയതാണ് ഷാഹു. സുകുമാരക്കുറുപ്പിന്റെ വലയില്‍ വീണതോടെ ജീവിതം താറുമാറായി. കേസും ജയില്‍വാസവുമെല്ലാം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയതോടെ എല്ലാവരും കൈവിട്ടു.
പിന്നെ ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ പല ബിസിനസുകളും ചെയ്തു. മീന്‍ കച്ചവടമാണ് ഇപ്പോള്‍ ഷാഹുവിന്റെ ഉപജീവനമാര്‍ഗം. ഐഎന്‍ടിയുസിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കുടുംബം ഏറെ സഹായിച്ചു, പ്രാര്‍ഥനകളും. തികഞ്ഞ മതവിശ്വാസിയാണ് ഷാഹു. റംസാന് നോമ്പും നമസ്കാരങ്ങളും മുടക്കാത്തയാള്. ഈ വിശ്വാസമാണ് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഷാഹുവിന് കരുത്തായത്.
ആദ്യമൊക്കെ പോലീസ് അന്വേഷിച്ചെത്തുമായിരുന്നു, സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍. പിന്നെപ്പിന്നെ ആ വരവ് നിലച്ചു. പരിചയപ്പെട്ടാല്‍ ആരും ആദ്യം ചോദിക്കുക കുറുപ്പിന്റെ കാര്യം തന്നെ. പിന്നെ കേസിന്റെ കാര്യങ്ങളും. ഇപ്പോള്‍ അതും കുറഞ്ഞിട്ടുണ്ട്. ചാവക്കാട് തന്നെ പുതിയ തലമുറയിലെ പലര്‍ക്കും അറിയില്ല ഇതൊന്നും. എല്ലാം മറക്കാനാണ് ഷാഹുവും ആഗ്രഹിക്കുന്നത്. ഏതോ ദുര്‍ബല നിമിഷത്തില്‍ കുറുപ്പിന്റെ കൂടെ അകപ്പെട്ട് പോയതാണ്. കൃത്യത്തില്‍ പങ്കെടുത്തിട്ടില്ല. തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും കുറുപ്പിനോട് പറ്റില്ലെന്ന് പറഞ്ഞ് പിരിഞ്ഞ് പോരാന്‍ കഴിഞ്ഞില്ല. അതാണ് ജീവിതം തകര്‍ത്തത്.
ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ കൊലപാതകമായിരുന്നില്ല കുറുപ്പിന്റെ മനസ്സില്‍. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഏതെങ്കിലും മൃതദേഹം സംഘടിപ്പിച്ച് കത്തിക്കാനായിരുന്നു പദ്ധതി. അത് കിട്ടാതെ വന്നപ്പോഴാണ് കൊലപാതകത്തിലേക്ക് തിരിഞ്ഞത്. ഭാസ്കരപിള്ളയും പൊന്നപ്പനും കുറുപ്പുമാണ് എല്ലാം പ്ലാന്‍ ചെയ്തത്. സുകുമാരക്കുറുപ്പിന്റെ അത്യാഗ്രഹമാണ് എല്ലാ ദുരന്തങ്ങള്‍ക്കും കാരണമായത്. എത്ര കുടുംബങ്ങളാണ് തകര്‍ന്നത്. ഷാഹു കാത്തിരിക്കുകയാണ് കുറുപ്പിനെ… എല്ലാവരെയും പോലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: